Sunday, December 21, 2014

ശബരിമല മാസ്റ്റര്‍പ്ലാനില്‍ മാറ്റങ്ങള്‍ വരുത്തും...

ശബരിമല മാസ്റ്റര്‍പ്ലാനില്‍ മാറ്റങ്ങള്‍ വരുത്തും...

ശബരിമല: ശബരിമല വികസനത്തിനായി നിലവിലുള്ള മാസ്റ്റര്‍പ്ലാനില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്തുമെന്ന് ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാന്‍ കെ.ജയകുമാര്‍ പറഞ്ഞു. സന്നിധാനത്തെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയായിരുന്നു. നിലവിലുള്ള മാസ്റ്റര്‍പ്ലാന്‍ സമയബന്ധിതമായി നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മാറ്റങ്ങള്‍ വരുത്തുന്നത്.

ജനവരി 17ന് കോട്ടയത്ത് നടക്കുന്ന യോഗത്തിനുശേഷം പുതിയ പദ്ധതികള്‍ എന്തൊക്കെയാണെന്ന് പ്രഖ്യാപിക്കുമെന്നും ജയകുമാര്‍ പറഞ്ഞു.

ചില സാങ്കേതിക ബുദ്ധിമുട്ടുള്ളതുകൊണ്ട് നിലവിലെ ശൈലിയില്‍ പോയാല്‍ കാലതാമസം നേരിടും. നിലവിലെ മാസ്റ്റര്‍പ്ലാനില്‍ സന്നിധാനത്ത് വലിയ പദ്ധതികളില്ല. സംസ്ഥാന ഗവണ്‍മെന്റിന്റെ ഫണ്ടാണ് ഇതുവരെ ഇതിന് ഉപയോഗിച്ചിരിക്കുന്നത്. 80 കോടി രൂപ ഗവണ്‍മെന്റ് ഇതിനായി നാളിതുവരെ അനുവദിച്ചിട്ടുണ്ട്. പുതിയ ബജറ്റിലും 25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പ്ലാന്‍ നടപ്പാക്കുന്നതിന് പൊതുജന സംഭാവന സ്വീകരിക്കാന്‍ ഒരു ട്രസ്റ്റ് ഉണ്ടാക്കിയിരുന്നെങ്കിലും രണ്ടുകോടി രൂപയില്‍ താഴെ മാത്രമാണ് ഇതിലൂടെ ലഭിച്ചത്. അതിനാല്‍ത്തന്നെ പുതിയ പദ്ധതികള്‍ക്ക് കേന്ദ്രഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളുടെ ഫണ്ടാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള പദ്ധതികള്‍ പലതും പൂര്‍ണമായി ഉപേക്ഷിക്കില്ലെങ്കിലും കേന്ദ്ര ഫണ്ട് ലഭിക്കാന്‍തക്കവണ്ണമാവും പുതിയ പദ്ധതികള്‍ വിഭാവനം ചെയ്യുകയെന്ന് ജയകുമാര്‍ പറഞ്ഞു.

പുതിയ പദ്ധതികളുടെ ആദ്യഘട്ടം നടപ്പാക്കാന്‍ 300 മുതല്‍ 500 വരെ കോടി രൂപ വേണ്ടിവരും. ഇതിലൂടെ അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയും. ഫണ്ട് കിട്ടുന്ന മുറയ്ക്ക് 20 വര്‍ഷംകൊണ്ട് ഘട്ടംഘട്ടമായിട്ടാകും മറ്റ് പദ്ധതികള്‍ നടപ്പാക്കുക. കാനനക്ഷേത്രമായ ശബരിമലയില്‍ പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുതന്നെയാവും പദ്ധതികള്‍. ശബരിമലയെ ഒരു ടൗണ്‍ഷിപ്പാക്കി മാറ്റുകയല്ല ലക്ഷ്യമെന്നും അതിന്റെ പരിപാവനത നിലനിര്‍ത്തുകയാണ് ഉദ്ദേശ്യമെന്നും ജയകുമാര്‍ പറഞ്ഞു. വലിയ നടപ്പന്തല്‍, നിലവിലുള്ള ബെയ്‌ലി പാലത്തിന്റെ കുറവുകള്‍ പരിഹരിക്കല്‍ എന്നിവയെല്ലാം പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്.

ഭക്തര്‍ക്ക് യാതൊരു തടസ്സവുമില്ലാതെ എളുപ്പം സന്നിധാനത്തെത്തി തൊഴുതുമടങ്ങുക എന്നതാണ് പ്ലാന്‍ ലക്ഷ്യമിടുന്നതെന്നും ജയകുമാര്‍ പറഞ്ഞു.

2005-ല്‍ മുബൈയിലെ ഇക്കോസ്മാര്‍ട്ട് എന്ന കമ്പനിയാണ് ശബരിമലയ്ക്കായി പഠനറിപ്പോര്‍ട്ട് തയ്യാറാക്കി മാസ്റ്റര്‍പ്ലാന്‍ വിഭാവനം ചെയ്തത്. ശബരിമലയിലെത്തുന്ന അയ്യപ്പന്മാര്‍ക്ക് 1800 കോടി രൂപ മുടക്കി എല്ലാവിധ അടിസ്ഥാനസൗകര്യങ്ങളും ഒരുക്കാനായിരുന്നു പ്ലാന്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ഇതില്‍ നടപ്പായത് ചുരുക്കം പദ്ധതികള്‍ മാത്രമാണ്. ഈ സാഹചര്യത്തില്‍ക്കൂടിയാണ് മാസ്റ്റര്‍പ്ലാനില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്തുന്നത്.

No comments:

Post a Comment