വൈക്കത്തഷ്ടമിക്ക് ഇന്ന് കൊടിയേറും...
വൈക്കം: മഹാദേവക്ഷേത്രത്തിലെ വൈക്കത്തഷ്ടമി ഉത്സവം ബുധനാഴ്ച കൊടിയേറും. 6.30നും 7.15നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനേഴത്ത് മേക്കാട്ട് ഇല്ലത്ത് നാരായണന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ്. ദേവചൈതന്യം പകര്‍ന്ന കൊടിക്കൂറ തന്ത്രിമാരും പൂജാരികളും ചേര്‍ന്ന് കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിക്കും. കൊടിയേറ്റിനുശേഷം തിരുനടയില്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ പി.വേണുഗോപാല്‍ കെടാവിളക്കില്‍ ദീപം തെളിക്കുന്നതോടെ ഉത്സവങ്ങള്‍ക്ക് തുടക്കമാകും.
8.30ന് കലാമണ്ഡപത്തില്‍ നടന്‍ സുരേഷ് ഗോപി കലാപരിപാടികള്‍ക്ക് ദീപം തെളിക്കും. കേരളത്തിനകത്തും പുറത്തും നിന്നുള്ള പ്രശസ്തരായ നിരവധി കാലകാരന്മാരും താളവാദ്യവിദ്വാന്‍ന്മാരും പങ്കെടുക്കുന്ന കലാപരിപാടികളാണ് ക്രമീകരിച്ചിട്ടുള്ളത്. പ്രൗഢോജ്ജ്വലമായ എഴുന്നള്ളിപ്പുകള്‍ക്ക് ഇക്കുറി തലയെടുപ്പുള്ള 19 ഗജവീരന്മാരാണ് അണിനിരക്കുന്നത്. 14ന് പുലര്‍ച്ചെ 4.30നാണ് പ്രശസ്തമായ അഷ്ടമിദര്‍ശനം. ക്ഷേത്രത്തിന്റെ കിഴക്കെ ആല്‍മരച്ചോട്ടില്‍ തപസനുഷ്ഠിച്ച വ്യാഘ്രപാദമുനിക്ക് വൈക്കത്തപ്പന്‍ ദിവ്യദര്‍ശനം നല്‍കിയ മുഹൂര്‍ത്തത്തിലാണ് അഷ്ടമിദര്‍ശനം.
ഋഷഭവാഹന എഴുന്നള്ളിപ്പ് 9ന് രാത്രി 11നാണ്. 12ന് രാവിലെ 10ന് നടക്കുന്ന ശ്രീബലി ഉത്സവാേഘാഷത്തിലെ ഏറ്റവും ആകര്‍ഷകമായ എഴുന്നള്ളിപ്പാണ്. 15 ആനകളാണ് ഇക്കുറി വലിയശ്രീബലിക്ക് അണിനിരക്കുന്നത്. 7-ാം ഉത്സവദിവസം മുതല്‍ 12-ാം ഉത്സവദിവസം വരെ ഊട്ടുപുരയില്‍ ദേവസ്വം വക പ്രാതല്‍ നടക്കും. അഷ്ടമിദിവസം 151 പറ അരിയുടെ പ്രാതലാണ് ഒരുക്കുന്നത്.
9-ാം ഉത്സവദിവസം തെക്കേനട ആനസ്‌നേഹിസംഘത്തിന്റെ നേതൃത്വത്തില്‍ ഗജപൂജയും വൈകീട്ട് 19 ആനകളെ അണിനിരത്തി ആനയൂട്ടും നടക്കും. അഷ്ടമിദിവസം രാത്രി 2ന് വിവിധ ക്ഷേത്രങ്ങില്‍നിന്ന് എത്തുന്ന ദേവീദേവന്മാരുടെ സംഗമവും ക്ഷേത്രമതില്‍ക്കകത്ത് നടക്കുന്ന കൂടിഎഴുന്നള്ളിപ്പും ഭക്തിനിര്‍ഭരമായ ചടങ്ങാണ്. തുടര്‍ന്ന് അഷ്ടമിവിളക്കും വിലയകാണിക്കയും ഉദയനാപുരത്തപ്പന്റെ യാത്രയയപ്പും നടക്കും. 15ന് വൈകീട്ട് ആറാട്ടെഴുന്നള്ളിപ്പ്. രാത്രി 10ന് ഉദയനാപുരം ക്ഷേത്രത്തില്‍ നടക്കുന്ന കൂടിപ്പൂജവിളക്കോടെ ഉത്സവം സമാപിക്കും.
No comments:
Post a Comment