ഇരുനിലംകോട് ഗുഹാക്ഷേത്രം
കേരളത്തില്‍ അപൂര്‍വ്വമായുള്ള ഗുഹാക്ഷേത്രങ്ങളില്‍ ഒന്നാണ് ഇരുനിലംകോട് ഗുഹാക്ഷേത്രം. തൃശൂര്‍ ജില്ലയിലെ മുള്ളൂര്‍ക്കര പഞ്ചായ്ത്തിലാണ് ഈ അപൂര്‍വ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സ്വയം ഭൂ ആയ ദേവനെ ശ്രീ ഇരുന്നിലംക്കോട്ടപ്പന്‍ എന്ന് വാമൊഴി. പ്രാചീനകാലത്തുപോലും ജാതി-മത ചിന്തകള്‍ക്കതീതമായി അയിത്തമില്ലാത്ത ദേവന്‍ എന്ന പദത്തിന് അര്‍ഹന്‍. ഗൃഹത്തിലുണ്ടാകുന്ന ആദ്യ വൃക്ഷഫലം ഈ ദേവന് നിവേദ്യക്കണമെന്ന് ഒരു അലിഖിത നിയമം കൂടിയുണ്ടായിരുന്നു. ആണി രോഗം മാറുവാന്‍ ഭഗവാന്റെ തിരുമുമ്പില്‍ കാച്ചിയ പപ്പടം ചവിട്ടി നടന്നുവരുക എന്ന വഴിപാട് ഇവിടെ മാത്രമെയുള്ളൂ. വനാന്തരങ്ങളിലേയ്ക്ക് മേയാന്‍ വിടുന്ന കന്നുകാലികള്‍ തിരിച്ചെത്തിയില്ലെങ്കില്‍ ദേവന്റെ ഉപദേവതാസ്ഥാനം കയ്യാളുന്ന കണ്ഠനും കാളിക്കും നാളികേരമുടച്ചാല്‍ തിരിച്ചെത്തുമെന്ന് നിരവധി അനുഭവ സാക്ഷ്യങ്ങള്‍. ദേശങ്ങള്‍ക്കതീതമായി ഉദ്ദിഷ്ഠകാര്യ സിദ്ധിയ്ക്ക് ആശ്രയിക്കുന്ന ഭക്തജനങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്ന ഈ ദേവനെകുറിച്ച് പറഞ്ഞാലും തീരാത്ത വിശേഷങ്ങള്‍ അനവധിയുണ്ട്.ആധുനികയുഗത്തില്‍ പോലും നഗരത്തിന്റെ മാലിന്യങ്ങള്‍ തൊട്ടുതീണ്ടാതെ, മനുഷ്യമനസ്സിനെ ധ്യാനത്തിന്റെ അനുഭൂതി പ്രദാനം ചെയ്യുന്നു ഇരുന്നിലംകോട് ക്ഷേത്രപരിസരം. ശൈവവൈഷ്ണവ ശാക്തേയ ശക്തികളുടെ സംഗമസ്ഥാനം. അതോടൊപ്പം തപം ചെയ്യാനുള്ള മഹാമനീഷകളുടെ കേദാരമായി ഉയര്‍ന്നു നില്‍ക്കുന്ന ദക്ഷിണ കൈലാസമെന്നറിയപ്പെടുന്ന മുനിയറ.
ശ്രീനാരായണ ഗുരുദേവന്റെ പാദസ്പര്‍ശത്താല്‍ അനുഗ്രഹീതമാണ് ഈ തപോഭൂമി. സ്വാമി ജ്ഞാനാനന്ദസരസ്വതിയുടെ ആദ്യ ആശ്രമവും ഇവിടമായിരുന്നു. അദ്ദേഹത്തിന്റെ ആത്മീയതയില്‍ ആകൃഷ്ടരായ ഭക്തജനങ്ങളുടെ ആദ്ധ്യാത്മിക ചൈതന്യം ഇന്നും പരിലസിച്ചുകൊണ്ടിരിക്കുന്നു. എം.ജി.എസ്. നാരായണനെപോലുള്ള ചരിത്രകാരന്മാര്‍ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഈ ക്ഷേത്രത്തെപ്പറ്റിയുള്ള പഠനം നടത്തിയിരുന്നു. ചുറ്റുപുറമുള്ള വൃക്ഷങ്ങളാല്‍ അലംകൃതവും ദേവചൈതന്യം സ്ഫുരിക്കുന്ന പാറകളാല്‍ പ്രശോഭിതവുമാണ് ക്ഷേത്രപരിസരം. ബര്‍ട്രന്റ് റസ്സല്‍ പറയുന്നു. നിബിഡമായ വനങ്ങളില്‍ ഞാന്‍ തത്വശാസ്ത്രം ദര്‍ശിക്കുന്നു. അവിടെയാണ് മനുഷ്യന്റെ ആത്മസത്തയെപ്പറ്റിയുള്ള ചിന്തയ്ക്ക് മാത്രമല്ല പുതിയ ആശയങ്ങള്‍ക്കും രൂപംകൊള്ളാന്‍ പറ്റിയ അന്തരീക്ഷം. ബര്‍ട്രന്റ് റസ്സലിന്റെ അഭിപ്രായത്തിന് അനുയോജ്യമായ പ്രദേശമാണ് ഇന്നിലംകോട് ക്ഷേത്രപരിസരമെന്ന് സൂക്ഷ്മദൃഷ്ടിയില്‍ നമുക്ക് മനസ്സിലാകും. ധ്യാനത്തിനും, ഭജനയ്ക്കും, പുതിയ കര്‍മ്മരംഗങ്ങളില്‍ തുടക്കം കുറിക്കുവാനും മനസ്സിനെ സജ്ജമാക്കേണ്ട ആവശ്യത്തിലേക്കായി നിരവധി തത്ത്വാന്വേഷികളു ഭക്തജനങ്ങളും വന്നുകൊണ്ടേയിരിക്കുന്നു.മുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തോലരിയുവാന്‍ വന്ന ഹരിജന യുവതി മഴ വന്നപ്പോള്‍ ഗുഹയില്‍ കയറി നിന്നു. പാറയുടെ ഉയര്‍ന്ന സ്ഥാനത്ത് മൂര്‍ച്ച വരുത്തുവാനായി അരിവാള്‍ ഉരച്ചപ്പോള്‍ പാറയില്‍ നിന്ന് രക്തം പ്രവഹിക്കുവാന്‍ തുടങ്ങി. അത് ഭഗവാന്റെ മൂക്കിന്റെ അഗ്രഭാഗമായിരുന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ ഭഗവല്‍ രൂപമാണെന്ന് മനസ്സിലായി. മുള്ളൂര്‍ക്കര പ്രദേശങ്ങളിലെല്ലാം ഓടി നടന്ന് ആ വിവരം അറിയിച്ചു. ജനങ്ങള്‍ പ്രവഹിക്കുവാന്‍ തുടങ്ങി.
എണ്ണ, തിരി, മാല, കര്‍പ്പൂരം, അവില്‍, മലര്‍, ശര്‍ക്കര, പഴം
എന്നിവയുമായി ജനങ്ങളുടെ പൂജ തുടങ്ങി. ജനങ്ങള്‍ തന്നെ പൂജാരികളായി മാറി. കുറച്ച്കാലം തന്ത്രിയില്ലാതെയും ശാന്തിക്കാരനില്ലാതെയും ഭക്തജനങ്ങളുടെ പൂജ നടന്നു. പിന്നീട് അന്നത്തെ നാടുവാഴി പാലിയത്തച്ഛന്‍ അമ്പലഭരണം ഏറ്റെടുത്തു. അഷ്ടമംഗലപ്രശ്നം വെച്ചു ചിന്തിച്ചു. താന്ത്രികവിധി പ്രകാരം പൂജാനിവേദ്യാദികള്‍ നിലവില്‍ വന്നു. 14 വര്‍ഷം മുന്‍പ് നാട്ടുകാര്‍ യോഗം വിളിച്ച് കമ്മറ്റിയെ തിരഞ്ഞെടുത്തു. പിന്നീട് കമ്മറ്റിയാണ് ക്ഷേത്രഭരണം നടത്തുന്നത്. സന്നിധിക്കുള്ളില്‍ ശിവനും വിഷ്ണുവും ഒരമ്പലത്തില്‍ സാധാരണമാണ്. എന്നാല്‍ ഒരു ശ്രീകോവിലിനുള്ളില്‍ രണ്ടുപേരും വാണരുള്ളന്നത് അത്യപൂര്‍വ്വമാണ്. താഴെ ഭഗവതി ധ്യാനത്തിലിരിക്കുന്ന ഭഗവാന് ശക്തി പകര്‍ന്നുകൊടുക്കുന്നു. ഈ ഭഗവതി ത്രിപുരഭൈരവിയായ ശക്തിസ്വരൂപിണി പാര്‍വ്വതി ദേവിയാണ്. വിഷ്ണുവും, ഭഗവതിയും കൂടാതെ 6 രൂപങ്ങള്‍ സന്നിധിക്കുള്ളില്‍ തെളിഞ്ഞുനില്‍ക്കുന്നു.
ശ്രീകോവിലിന്റെ കിഴക്കുവശത്ത് ശിവലിംഗം വളര്‍ന്ന് ഉയര്‍ന്നപൊങ്ങികൊണ്ടിരിക്കുന്നു. അവിടെ സ്ഥിരം ധാരയുണ്ട്. കെടാവിളക്കും കത്തികൊണ്ടിരിക്കുന്നു. ഇരുന്നിലം കോട്ടപ്പന്റെ നോട്ടം അഗ്നികോണിലേക്കാണ്. അവിടെയാണ് ശിവലിംഗം വളര്‍ന്നുകൊണ്ടിരിക്കുന്നത്.
ക്ഷേത്രപ്രവേശനവിളംബരം വരുന്നതിന് മുമ്പ്തന്നെ എല്ലാവര്‍ക്കും പ്രവേശിക്കാനും പൂജിക്കാനും നിവേദ്യം വെച്ചു പൂജിക്കാനുമെല്ലാം സര്‍വ്വസ്വാതന്ത്യ്രമുള്ള ക്ഷേത്രം എന്ന ഖ്യാതി പണ്ടുമുതലെ ഇവിടെയുണ്ട്. അന്നദാനമാണ് ഇവിടുത്തെ പ്രാധാന്യം. എന്നെ പൂജിച്ചില്ലെങ്കിലും എനിക്ക് നിവേദ്യം വെച്ചിട്ടില്ലെങ്കിലും എന്റെ ഭക്തജനങ്ങളെ ഊട്ടൂ. ഞാന്‍ പ്രസാദിക്കാം എന്നരുളിയ ദേവനാണ് ഇരന്നിലംകോട്ടപ്പന്‍. ഓരോ ദിവസം ചെല്ലും തോറും ഇവിടെ അന്തേവാസികള്‍ കൂടികൂടിവരുന്നു. അന്നദാനത്തിന് ഭക്തജനങ്ങളും കൂടുക്കൂടി വരുന്നു. 11.30ന് ഭക്ഷണം കൊടുത്തു തുടങ്ങുന്നു. ഒരു മണി കഴിഞ്ഞാല്‍ ആരെങ്കിലും ഭക്ഷണം കഴിക്കാന്‍ ബാക്കിയുണ്ടോ എന്ന് ഭഗവാന്‍ കേള്‍ക്കെ വിളിച്ചു ചോദിക്കും. അത് പതിവാണ്. ശിവരാത്രിക്ക് പത്തേക്കറില്‍ നീണ്ടുനിവര്‍ന്ന് പരന്നുകിടക്കുന്ന പുണ്യപുരാതനമായ പാറ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ഓം ശിവായശങ്കര നമഃശിവായ ശങ്കര എന്നശിവനാമം ജപിച്ചുകൊണ്ട് പാറ പ്രദക്ഷിണം വെക്കുന്നു. ഭക്തജനങ്ങള്‍ ഇത് പ്രാര്‍ത്ഥനാ വഴിപാടായി നിര്‍വ്വഹിക്കുന്നു. തൈപൂയ്യം ഒരു മഹോത്സവമായി ഇവിടെ കൊണ്ടാടുന്നു. തൈപൂയനാളില്‍ സുബ്രഹ്മണ്യസ്വാമി രഥത്തില്‍ ഊരുചുറ്റാന്‍ ഇറങ്ങും. കാഷായ വസ്ത്രധാരികളും, ഗ്രാമവാസികളും നാമജപത്തോടെ അകമ്പടി സേവിക്കും. നിറപറയും, നിലവിളക്കുമായി ഭക്തജനങ്ങള്‍ ഭഗവാനെ വരവേല്‍ക്കുന്നു. അന്നദാനമാണ് ഭഗവാന്റെ ഇഷ്ടങ്ങളില്‍ പ്രധാനം. അഭിഷേകങ്ങളില്‍ ഒന്നാം സ്ഥാനം ദ്രവ്യാഭിഷേകമാണ്. വിളക്ക് മാല ചന്ദനം ചാര്‍ത്ത് ഇളനീര്‍ അഭിഷേകം ഇഷ്ടങ്ങളില്‍പ്പെടുന്നു.
എല്ലാ കാര്യങ്ങളുടേയും ഗുരുവാണ് ദക്ഷിണാമൂര്‍ത്തി. വിദ്യയുടെ, അറിവിന്റെ ധ്യാനത്തിന്റെ, സകല കലയുടേയും ഉറവിടമാണദ്ദേഹം. കാലില്‍ ആണി വന്നാല്‍ പപ്പടം കാച്ചി ചവിട്ടുക, മുടി വളരാന്‍ ചൂല് വഴിപാട്, മാനസിക അസുഖം വന്നാല്‍ 41 ദിവസം ഭജന ഇരിക്കുക, കുട്ടികള്‍ക്ക് ചേറുണ്, കുട്ടികളെ നടതള്ളല്‍ എന്നിവ പ്രത്യേകതയാണ്. സസ്യശ്യാമള കോമളമായ ഇരുന്നിലംകോട് കാടും മേടും നിറഞ്ഞ പാറയും അതിന്റെ മുകളിലുള്ള തപോവനവും പരിപാവനമായി തന്നെ നിലകൊള്ളുന്നു.
നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ചുവടെ ചേർക്കുക
No comments:
Post a Comment