Monday, December 15, 2014

ശബരിമലയിലെ ആധുനിക ഉണ്ണിയപ്പംപ്ലാന്റ്; നടപടി അന്തിമഘട്ടത്തില്‍... ദിവസവും 1.75 ലക്ഷം ഉണ്ണിയപ്പം ഉണ്ടാക്കാനാവും

ശബരിമലയിലെ ആധുനിക ഉണ്ണിയപ്പംപ്ലാന്റ്; നടപടി അന്തിമഘട്ടത്തില്‍...

ദിവസവും 1.75 ലക്ഷം ഉണ്ണിയപ്പം ഉണ്ടാക്കാനാവും

ശബരിമല: മനുഷ്യസഹായം ആവശ്യമില്ലാത്ത പൂര്‍ണ യന്ത്രവത്കൃത ഉണ്ണിയപ്പം പ്ലാന്റ് ശബരിമലയില്‍ സ്ഥാപിക്കുന്നു. രണ്ടുവര്‍ഷംമുമ്പ് തുടങ്ങിയ ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് ദേവസ്വംബോര്‍ഡ്അംഗം സുഭാഷ് വാസു 'മാതൃഭൂമി'യോടു പറഞ്ഞു.
ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള എസ്.എസ്. ഓട്ടോമേഷന്‍ സൊല്യൂഷന്‍സ് എന്ന കമ്പനിയാണ് ആധുനിക അപ്പംപ്ലാന്റ് സ്ഥാപിക്കുന്നത്.
അരി, ശര്‍ക്കര, നെയ്യ് തുടങ്ങിയ സാധനങ്ങള്‍ ഇട്ടുകൊടുത്താല്‍, ഉണ്ണിയപ്പം ഉണ്ടാക്കി പായ്ക്കറ്റുകളിലാക്കി പുറത്ത് എത്തിക്കുന്ന സംവിധാനമാണ് രൂപകല്പന ചെയ്തിരിക്കുന്നത്. രണ്ട് തൊഴിലാളികളേ ആകെ ആവശ്യംവരൂ. 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാവുന്ന സംവിധാനംവഴി ഒരുദിവസം 1.75 ലക്ഷം ഉണ്ണിയപ്പം ഉണ്ടാക്കാനാവും.

ഇപ്പോഴത്തേതിനേക്കാളും മൃദുവായ ഉണ്ണിയപ്പം ഉണ്ടാക്കി നൈട്രജന്‍ പാക്കിങ്വഴി നല്‍കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒരുവര്‍ഷംവരെ കേടാകാതെ സൂക്ഷിക്കാമെന്നും നൂറുശതമാനം ശുചിത്വം ഉറപ്പുവരുത്താമെന്നും കമ്പനി അധികൃതര്‍ പറയുന്നു.

ശബരിമലയില്‍ സ്ഥാപിക്കുന്ന ആധുനിക ഉണ്ണിയപ്പംപ്ലാന്റിന്റെ ചെറുമാതൃക രണ്ടുമാസത്തിനുള്ളില്‍ നല്‍കാന്‍ ബാംഗ്ലൂര്‍കമ്പനിയോട് ദേവസ്വംബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ സാങ്കേതികമേന്മ പരിശോധിച്ച് ഉറപ്പുവരുത്തിയാല്‍ ഉടന്‍ പ്ലാന്റ് സ്ഥാപിക്കും.

രണ്ടുകോടിരൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. വരുന്ന വിഷുവിന് ആധുനിക ഉണ്ണിയപ്പംപ്ലാന്റ് സ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്ന് ബോര്‍ഡ്അംഗം സുഭാഷ് വാസു പറഞ്ഞു

No comments:

Post a Comment