കുചേലദിനം ഗുരുവായൂരപ്പന് ഇന്ന് ആയിരങ്ങളുടെ അവില്‍....
ഗുരുവായൂര്‍: അവില്‍പ്പൊതിയുമായി കാണാനെത്തിയ സതീര്‍ത്ഥ്യനായ കുചേലനെ ദാരിദ്ര്യദുഃഖത്തില്‍നിന്നും ശ്രീകൃഷ്ണന്‍ കരകയറ്റിയ സുദിനമാണ് ധനുമാസത്തിലെ മുപ്പെട്ടു ബുധനാഴ്ച. കുചേലദിനത്തില്‍ ആയിരങ്ങള്‍ അവിലുമായി കണ്ണനെ കാണാനെത്തും. പുലരി മുതല്‍ രാവു വരെ ഭക്തരുടെ അവില്‍ സമര്‍പ്പണം നടക്കും.
അവില്‍ സ്വീകരിച്ച് ഗുരുവായൂരപ്പന് നിവേദിച്ചതിനുശേഷം തിരിച്ചുനല്‍കാനുള്ള പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. പന്തീരടിപൂജയ്ക്കും ഉച്ചപ്പൂജയ്ക്കും അത്താഴപൂജയ്ക്കും അവില്‍ നിവേദിക്കും.
ഇതിനു പുറമെ നാളികേരം, ശര്‍ക്കര, നെയ്യ്, ചുക്ക്, ജീരകം എന്നിവയില്‍ കുഴച്ച അവില്‍ രണ്ടര ലക്ഷം രൂപയ്ക്ക് തയ്യാറാക്കും. കീഴ്ശാന്തിക്കാരാണ് വ്രതശുദ്ധിയില്‍ കുഴച്ച അവില്‍ തയ്യാറാക്കുക. 3300-ഓളം നാളികേരം ചിരവയില്‍ ചിരകിയെടുക്കേണ്ടതുണ്ട്.
കുചേലദിനത്തില്‍ ക്ഷേത്രത്തില്‍ നിറമാല, ദീപാലങ്കാരം, നാഗസ്വരം, കേളി എന്നിവയുണ്ടാകും.
മേല്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ മുതല്‍ കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്റെ സ്മരണയ്ക്കായി ഗായകര്‍ കുചേലവൃത്തം ആട്ടക്കഥയിലെ പദങ്ങള്‍ ആലപിക്കും. രാത്രി ഡോ. സഭാപതിയുടെ വഴിപാടായി കുചേലവൃത്തം കഥകളിയും അരങ്ങേറും.
No comments:
Post a Comment