Monday, December 1, 2014

ഗുരുവായൂര്‍ കേശവന്‍ ചെരിഞ്ഞ ഏകാദശിനാളും ഡിസംബര്‍ രണ്ടും വീണ്ടും...

ഗുരുവായൂര്‍ കേശവന്‍ ചെരിഞ്ഞ ഏകാദശിനാളും ഡിസംബര്‍ രണ്ടും വീണ്ടും...

ഗുരുവായൂര്‍: ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ഇതിഹാസതുല്യനായ ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ 38 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെരിഞ്ഞ ഡിസംബര്‍ രണ്ടും ഏകാദശി നാളും വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഒന്നിക്കുന്നു. ഇക്കൊല്ലം തീയതിയും നാളും ഒരേ ദിവസം വന്നത് കേശവന്റെ ആരാധകര്‍ക്ക് കൗതുകമായി.
1976 ഡിസംബര്‍ രണ്ടിന് ഏകാദശി നാളില്‍ പുലര്‍ച്ചെയായിരുന്നു ആനകളില്‍ വിസ്മയമായിരുന്ന കേശവന്റെ അന്ത്യം. കേശവന്‍ അവസാനമായി കോലമേറ്റിയത് 76 നവംബര്‍ 30 നവമി വിളക്ക് എഴുന്നള്ളിപ്പിനായിരുന്നു. നവമിയും ഇക്കൊല്ലം അതേദിവസം തന്നെയായി.
76ല്‍ നവമിവിളക്കിന് ദീപങ്ങളെല്ലാം നറുനെയ്യില്‍ നിറഞ്ഞുകത്തിനില്‍ക്കേ, സ്വര്‍ണ്ണക്കോലം ശിരസ്സിലേറ്റി നിന്ന കേശവന്‍ അല്പനേരത്തിനുശേഷം ശിരസ്സ് താഴ്ത്തുകയായിരുന്നു. ഭഗവാന്റെ കോലമേറ്റിയാല്‍ ഒരിക്കലും താഴാതിരുന്ന കേശവന്റെ ശിരസ്സ് താണതോടെ ഭക്തര്‍ക്ക് പരിഭ്രമമായി. എന്തോ പന്തികേട് തോന്നിയതിനാല്‍ ഉടനെ സ്വര്‍ണ്ണക്കോലം ഇറക്കി. പറ്റാനയായിരുന്ന കുട്ടികൃഷ്ണന്റെ പുറത്തുകയറ്റി.
കേശവനെ തെക്കേനടയിലെ സാമൂതിരി കോവിലകം പറമ്പിലേക്ക് കൊണ്ടുപോകുകയായിരുന്നു. (സാമൂതിരി കോവിലകംനിന്ന സ്ഥലത്ത് പിന്നീട് ശ്രീവത്സം ഗസ്റ്റ്ഹൗസ് നിര്‍മ്മിക്കുകയായിരുന്നു). കോവിലകം പറമ്പില്‍ തളച്ച കേശവന്‍ ഏകാദശി പുലര്‍ച്ചെ തുമ്പിക്കൈ ശ്രീകോവിലിന്റെ ദിശയിലേയ്ക്ക് നീട്ടിക്കിടന്ന് അന്ത്യശ്വാസം വലിച്ചു. ജീവിതംപോലെതന്നെ കേശവന്റെ അന്ത്യവും വിസ്മയമായിരുന്നു.
ഒരു ആനയെക്കുറിച്ച് ചലച്ചിത്രം ഇറങ്ങിയിട്ടുണ്ടെങ്കില്‍ അത് ഗുരുവായൂര്‍ കേശവന്റേതാണ്. സിനിമയ്ക്ക് കഥയെഴുതിയത് ആനപ്പകയുടെ കഥാകാരന്‍ ഉണ്ണികൃഷ്ണന്‍ പുതൂരായിരുന്നു. കേശവന്റെ ജീവചരിത്രം പുസ്തകമാക്കി. കേശവന്‍ കേരളീയരില്‍ ചെലുത്തിയ സ്വാധീനം ചെരിഞ്ഞിട്ടും കുറഞ്ഞില്ല. അതിന്റെ തെളിവാണ് ഏകാദശിയുടെ ദശമിനാളില്‍ നടക്കുന്ന ഗജരാജന്‍ കേശവന്‍ അനുസ്മരണം. 54 വര്‍ഷം ഗുരുവായൂരപ്പന്റെ തിടമ്പേറ്റിയ കേശവന്റെ നീളം കൂടിയ കൊമ്പുകള്‍ നാലമ്പല പ്രവേശന കവാടത്തില്‍ സ്ഥാപിച്ചത് ഇന്നും ഭക്തജനലക്ഷങ്ങളെ ആകര്‍ഷിക്കുന്നു.

No comments:

Post a Comment