Saturday, December 6, 2014

മലമുകളിൽ മണികണ്ഠനു സ്തുതി

മലമുകളിൽ മണികണ്ഠനു സ്തുതി

കുട്ടിക്കാലത്ത് അന്യമതത്തില്‍പ്പെട്ട കുട്ടികളായിരുന്നു എന്റെ ഏറ്റവും അടുത്ത കൂട്ടുകാര്‍ പലരും ഒരു തങ്ങള്‍, തുളസി, ചന്ദ്രന്‍, വിട്ടപ്പപ്രഭു അങ്ങനെ ചിലര്‍.
സ്‌കൂളില്‍ വേദപഠനം പതിവായിരുന്നു. എല്ലാ മതങ്ങളുടെയും സാരാംശം ഒന്നുതന്നെയെങ്കിലും ഓരോ മതത്തിലേയും സ്ഥാപിത താത്പര്യക്കാര്‍ അവരുടെ വിശ്വാസങ്ങള്‍ മാത്രമാണ് 'ശരി' എന്നു പഠിപ്പിക്കാന്‍ ശ്രമിച്ചിരുന്നു...

മതത്തില്‍ വിശ്വസിക്കുന്നവരേ സ്വര്‍ഗത്തിലെത്തൂ; അല്ലാത്തവര്‍ക്കൊക്കെ നരകത്തിലായിരിക്കും സ്ഥാനം. ഇതുകേട്ട് എന്റെ കുരുന്നുമനസ്സ് വേദനിച്ചു.
ഒപ്പം ഉത്തരംകിട്ടാത്ത പല ചോദ്യങ്ങളും മനസ്സില്‍ ഉയര്‍ന്നു.ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു ബാല്യകൗമാരങ്ങള്‍. ഈശ്വരന്റെ വരദാനമായിക്കിട്ടിയ സ്വരവും സംഗീതവുമായിരുന്നു സ്വത്ത്. ഏതു ചിന്തയും ഒന്നിലേക്ക് സംഗീതത്തിലേക്ക്. ഏതു വികാരവും ഒന്നിലേക്കുമാത്രം സംഗീതത്തിലേക്കുമാത്രം. ദാരിദ്ര്യവും കഷ്ടപ്പാടുമെല്ലാം അപശ്രുതി ഉതിര്‍ത്തിരുന്നുവെങ്കിലും ജീവിതത്തിന്റെ താളവം ലയവുമെല്ലാം സംഗീതത്തിനുവേണ്ടിയുള്ളതാണെന്ന് അപ്പോഴേക്കും തിരിച്ചറിഞ്ഞിരുന്നു.

എങ്കിലും, അക്കാലത്തെ സാമൂഹിക പരിതസ്ഥിതികളില്‍ ചിലത് എന്നിലെ പാട്ടുകാരനെ ഏറെ വിഷമിപ്പിച്ചു, നോവിച്ചു. മറ്റൊന്നുമല്ല, 'ക്രിസ്ത്യാനിക്കെവിടെനിന്നാ സംഗീതം' എന്ന ചിലരുടെ പരിഹാസമായിരുന്നു ഹൃദയത്തിന്റെ ലോലലമായ ഭിത്തികളെപ്പോലും കാര്‍ന്നത്.അതെന്തായാലും, വിധിയൊരുക്കിയ വീഥികളില്‍ക്കൂടി ആത്മവിശ്വാസം മാത്രം കൈമുതലാക്കി തുഴഞ്ഞു. ഈശ്വരാനുഗ്രഹംകൊണ്ട് മെല്ലെ മെല്ലെ എന്റെ തോണി ഒരു കരയ്ക്കടുത്തു സംഗീതസാഗരത്തിന്റെ തീരത്ത്.'ജാതിഭേദം മതദ്വേഷം...' പാടി സിനിമാ ഗാനലോകത്തെത്തിയ പാമരനായ പാട്ടുകാരനെ ജാതിചിന്തകള്‍ തീര്‍ത്ത വിലക്കുകള്‍ വലയം ചെയ്തപ്പോള്‍ മനസ്സറിയാതെ തേങ്ങി. ഈശ്വരനിലുള്ള അചഞ്ചലമായ വിശ്വാസം കൂടുതല്‍ ആഴത്തിലും പരപ്പിലുമായിക്കൊണ്ടിരിക്കെത്തന്നെ കുട്ടിക്കാലത്ത് ഉയര്‍ന്ന ഉത്തരംകിട്ടാത്ത ചോദ്യങ്ങള്‍ വീണ്ടും ചോദിച്ചുകൊണ്ടിരുന്നു, മനസ്സ്.ധന്യാസി രാഗത്തില്‍ ത്യാഗരാജ സ്വാമി പാടിയിട്ടുണ്ട്:'സംഗീത ജ്ഞാനമൂ ഭക്തിവിനാ സന്മാര്‍ഗമൂ ഗാലദേ മനസാ...' (ഭക്തിയില്ലാതെ സംഗീതവും സാഹിത്യവും സദ്‌സംഗവുമൊന്നും ഉണ്ടാകില്ല) എന്ന്. കീര്‍ത്തനങ്ങള്‍ എല്ലാം ഭഗവാന്റെ പ്രകീര്‍ത്തനങ്ങളാണ്. വാതാപി ഗണപതിയായാലും വാണീ വാഗധീശ്വരിയായാലും പാവനഗുരു പവനപുരാധീശമാശ്രയേയായാലും പാഹിമാം ശ്രീ രാജരാജേശ്വരിയായാലും ഏതും ഭഗവാന്റെ അല്ലെങ്കില്‍ ഭഗവതിയുടെ കീര്‍ത്തനങ്ങളാണ്. വെറുതെ, രാഗപ്രകാരം സ്വരങ്ങളിലൂടെ സഞ്ചരിച്ചാല്‍ ഭക്തി അനുഭവിക്കാനോ മറ്റുള്ളവരെ അനുഭവിപ്പിക്കാനോ ആവില്ല. ഭാവം പൂര്‍ണമായും ഉള്‍ക്കൊണ്ടാലേ ലയമുണ്ടാകൂ, വാക്കുകളുടെ വികാരം നാദത്തിലൂടെ സംക്രമിപ്പിക്കാനാകൂ. വാതാപി പാടുമ്പോള്‍ ഗണപതിയെന്ന സങ്കല്പത്തില്‍ ലയിക്കാതെ പറ്റില്ല. 'അയ്യപ്പാ' എന്നോ 'കൃഷ്ണാ' എന്നോ വിളിക്കുമ്പോള്‍ അവര്‍ മുന്നില്‍ വരണം. എന്തിന്, ഒരര്‍ഥത്തില്‍ പ്രണയംപോലും ഭക്തിയാണ്. രാധയ്ക്ക് കൃഷ്ണനോടു തോന്നിയ ഭക്തിയാണല്ലോ 'ഗീതഗോവിന്ദം'.

1973ലാണ് പുണ്യദര്‍ശനം തേടി കന്നി അയ്യപ്പനായി ഞാന്‍ ശബരിമലയിലെത്തിയത്. ആ യാത്ര മനസ്സിലിന്നും ഇന്നപെപ്പോലെ.ശബരിമലയ്ക്കു പോകണമെന്ന ആഗ്രഹം അടക്കാന്‍ വയ്യാതായപ്പോള്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്കെഴുതി. ദര്‍ശനത്തിനു അനുമതിയാരാഞ്ഞ്. ഉടന്‍ മറുപടി വന്നു: ''ഇവിടെ ജാതിയില്ല, മതമില്ല. വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായി വന്നാല്‍ പതിനെട്ടാം പടി ചവിട്ടാം. സ്വാമിയെ കാണാം.

''ഒരു സാമ്രാജ്യമോ സ്വര്‍ഗമോ ഒക്കെ ഒറ്റ നിമിഷംകൊണ്ടു കിട്ടിയ ആനന്ദമായിരുന്നു, അപ്പോള്‍. മാലയിട്ടു, മണ്ഡലകാല നൊയമ്പുനോറ്റു. കെട്ടുനിറയുടെ തലേന്ന് മുംബൈയിലായിരുന്നു. ഉണ്ണിനായരോടും അപ്പുവേട്ടനോടുമൊപ്പം വിമാനത്തില്‍ തിരുവനന്തപുരത്തെത്തി. ഉണ്ണിനായരുടെ ചേട്ടന്‍ ദാസ് ആയിരുന്നു ഗുരുസ്വാമി. അക്ഷരമന്ത്രങ്ങള്‍ ഉരുക്കഴിച്ച് കര്‍പ്പൂരം ഉഴിഞ്ഞ് നെയ്യ് നിറച്ച് ഇരുമുടിക്കെട്ടുമേന്തി അങ്ങനെ ഞാനെന്ന കന്നിസ്വാമി സന്നിധാനത്തെത്തി.

ദര്‍ശനം! ഏറെനാള്‍ കൊതിച്ച ദിവ്യദര്‍ശനം!! പുണ്യദര്‍ശനം!!!ആദ്യ ശബരിമല യാത്രയെക്കുറിച്ചോര്‍ക്കുമ്പോള്‍ അറിയാതെ ഒന്നുകൂടി മനസ്സിലോടിയെത്തുന്നു. നാടക സിനിമാ നടനായിരുന്ന അപ്പച്ചനും ശബരിമലയ്ക്കു പോയിട്ടുണ്ട് എന്നതാണത്. സന്നിധാനത്ത് അപ്പച്ചന്‍ പാടിയിട്ടുണ്ട്. ഒരു സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് അതെന്ന വ്യത്യാസമേയുള്ളൂ. 'വേലക്കാരന്‍' എന്ന തമിഴ് സിനിമയില്‍ അപ്പച്ചന്‍ ചെയ്ത കഥാപാത്രം ശബരിമലയില്‍ പോയി പാടുന്ന ഒരു രംഗമുണ്ടായിരുന്നു. ആ രംഗത്തിനുവേണ്ടിയാണ് ഒരു നിയോഗംപോലെ അപ്പച്ചനും ശബരിമലയ്ക്കു പോയത്.ജീവാത്മാവിനെ പരമാത്മാവിലേക്കു ലയിപ്പിക്കുകയെന്നതാണ് എല്ലാ കലകളുടെയും ലക്ഷ്യമെന്ന് ഭരതമുനി ഉള്‍പ്പെടെ പല ആചാര്യന്മാരും പറഞ്ഞിട്ടുണ്ട്. സ്വന്തം പേര് ഭക്തനു നല്‍കുന്ന ഒരു 'ദൈവവും' വേറെയില്ല അയ്യപ്പനല്ലാതെ. മാലയിട്ടുകഴിഞ്ഞാല്‍ ഉടന്‍ ഭക്തന്‍ സ്വാമിയാകുന്നു. ഛാന്ദോഗ്യോപനിഷത്തിലെ ഭതത്ത്വമസി'യുടെ സത്യമായ ദര്‍ശനമാണ് ശബരിമലയിലെ പൊന്നു പതിനെട്ടാം പടിയും സ്വാമി അയ്യപ്പനും നല്‍കുന്നത്.അവിടെ ജാതിയില്ല, മതമില്ല, ദേശങ്ങളില്ല, ദര്‍ശനം മാത്രം. ഒരു വിഗ്രഹ ദര്‍ശനത്തിനുപരിയായി പ്രകൃതിയിലെ എല്ലാത്തിനും അഭേദം കല്പിക്കുന്ന ഒരിടമാണ് ശബരിമല. അക്രമങ്ങള്‍ നിറഞ്ഞ ഈ കലിയുഗത്തിന്റെ വരദാനമാണ് അയ്യപ്പന്‍. എന്റെയുള്ളിലും നിങ്ങളുടെയുള്ളിലും കുടികൊള്ളുന്ന സത്യത്തെ കണ്ടെത്തുന്ന പുണ്യദര്‍ശനമാണ് സ്വാമി അയ്യപ്പന്റെ ദര്‍ശനം.'ശരണം' എന്ന സങ്കല്പം ബുദ്ധമതത്തില്‍നിന്നു ഉയിര്‍കൊണ്ടതാണ്. അഹിംസയുടെ ശരണമന്ത്രവും അഭേദത്തിന്റെ അയ്യപ്പനും വാവരും കൊച്ചുതൊമ്മനും... നരിയും പുലിയും മനുഷ്യനും പരസ്പരം ഇഴുകിക്കഴിയുന്ന കാനനവും അവിടെ വിടരുന്നു. പ്രകാശമാനമായ സന്നിധാനവും ലോകത്തില്‍ മറ്റൊരിടത്തും കാണാന്‍ എനിക്കു കഴിഞ്ഞിട്ടില്ല.ഗംഗയാറുപിറക്കുന്നുഹിമവന്‍മലയില്‍പമ്പയാറു പിറക്കുന്നുശബരിമലയില്‍പൊന്മല നമ്മുടെ ദിവ്യമലപമ്പാ നമ്മുടെ പുണ്യനദിഎന്ന വരിയില്‍ അഖണ്ഡഭാരതത്തിന്റെ പ്രതീകം കാണുന്നു, ഞാന്‍. ദക്ഷിണഉത്തര ഭാരതത്തിന്റെ കണ്ണിയായി അയ്യപ്പസ്മരണകള്‍ നിറയുന്നു.അഭേദത്തിന്റെ കൊടുമുടിയാണ് അയ്യപ്പന്‍. ഹൈന്ദവരിലെ വൈഷ്ണവശൈവ സ്പര്‍ധയ്ക്ക് വിരമാമിട്ടുകൊണ്ടുള്ള അവതാരമാണല്ലൊ മണികണ്ഠന്‍. പാലാഴിമഥനം കഥയില്‍ അങ്ങനെയാണല്ലൊ പറയുന്നതും. വിഷ്ണു മോഹിനിയില്‍ ശിവനുണ്ടായ പുത്രന്‍. മനുഷ്യന്റെ മൃഗീയവാസനകളെ (പുലി) മുഴുവന്‍ മെരുക്കിയെടുത്ത ഹരിഹരസുതന്‍!കറുത്ത മുണ്ടുടുത്ത് തുളസിമണിയണിഞ്ഞു വര്‍ഷംതോറും എത്തുന്ന ലക്ഷോപലക്ഷം തുണയില്ലാ പൈതങ്ങള്‍ക്കു അലിവിന്റെ അവതാരമാണ് അയ്യപ്പന്‍. എല്ലാവരെയും കാക്കുന്ന സ്വാമി; എല്ലാവരെയും രക്ഷിക്കുന്ന സ്വാമി.സ്വാമി സംഗീതം ആലപിക്കുന്ന വെറുമൊരു സന്നിധാനഗായകന്‍ കൂടിയാണു ഞാന്‍. ജപമാലയില്ല എന്റെ കൈകളില്‍, മന്ത്രശ്രുതി ചേര്‍ക്കും തംബുരുവേയുള്ളു. പത്മരാഗപ്രഭ വിടര്‍ത്തി തൃപ്പദങ്ങള്‍ ചുംബിക്കും കൃഷ്ണതുളസിപ്പൂക്കളാകാന്‍ വരുന്ന ലക്ഷോപലക്ഷം ഭക്തരില്‍ ഒരുവന്‍ മാത്രമാണു ഞാന്‍.സമൂഹവുമായി സംവദിക്കാനുള്ള എന്റെ മാധ്യമം സംഗീതമാണ്. അതില്‍ ആവുന്നതൊക്കെ ചെയ്തിട്ടുണ്ട് എന്നാണു വിശ്വാസം. ഒരു അനുഷ്ഠാനംപോലെ വര്‍ഷംതോറും അയ്യപ്പഗാനങ്ങളിലൂടെ ഞാന്‍ തുടരുന്നതും ഒരര്‍ഥത്തില്‍ കവിവചനംപോലെ 'അശരണസേവയാകുന്ന അയ്യപ്പസേവ' തന്നെ.എന്നും അയ്യപ്പനെ പാടി ഉണര്‍ത്താനും (അയ്യപ്പസുപ്രഭാതം) ഉറക്കാനുമുള്ള (ഹരിവരാസനം) കീര്‍ത്തനങ്ങള്‍ ആലപിക്കാന്‍ ജന്മപുണ്യം സിദ്ധിച്ച എനിക്ക് അയ്യപ്പസന്നിധാനം അദൈ്വതത്തിന്റെയും വിശ്വമാനവികതയുടെയും സന്നിധാനമാണ്; ദേവസ്ഥാനമാണ്.മലമുകളില്‍ മണികണ്ഠനു സ്തുതി! സന്നിധാനത്തില്‍ സമസ്തലോകത്തിനും സമാധാനം...!!

കടപ്പാട് - മാതൃഭൂമി

No comments:

Post a Comment