Thursday, December 11, 2014

ശബരിമലയില്‍ ഓണ്‍ലൈന്‍ കൊള്ള; 20 രൂപയുടെ അര്‍ച്ചനയ്ക്ക് 130 രൂപ ...

ശബരിമലയില്‍ ഓണ്‍ലൈന്‍ കൊള്ള; 20 രൂപയുടെ അര്‍ച്ചനയ്ക്ക് 130 രൂപ ...

ശബരിമല: ശബരിമലയില്‍ ഓണ്‍ലൈന്‍ വഴിപാട് ബുക്കുചെയ്യുന്നവരെ ദേവസ്വം ബോര്‍ഡ് കൊള്ളയടിക്കുന്നു. സന്നിധാനത്തെ കൗണ്ടറുകളില്‍ 20 രൂപ ഈടാക്കുന്ന അഷ്ടോത്തരാര്‍ച്ചനയ്ക്ക് ഓണ്‍ലൈന്‍ വഴി 130 രൂപയാണ് വാങ്ങുന്നത്. 20 രൂപ വഴിപാടിന് 100 രൂപ സര്‍വ്വീസ് ചാര്‍ച്ച്. 10 രൂപ പായ്ക്കിങ് ചാര്‍ജ്.

25 രൂപ വഴിപാടുനിരക്കുള്ള സ്വയംവരാര്‍ച്ചന ഓണ്‍ലൈന്‍ വഴി ബുക്കുചെയ്താല്‍ 135 രൂപ ഈടാക്കും. ഓണ്‍ലൈന്‍ വഴിയുള്ള എല്ലാ വഴിപാടുകളുടെയും ബുക്കിങ് 100 രൂപ സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്ന തരത്തിലാണ് സോഫ്‌റ്റ്വെയര്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതുമൂലം 20 രൂപ നിരക്കുള്ള അര്‍ച്ചകള്‍ക്കും 8500 രൂപ നിരക്കുള്ള പുഷ്പാഭിഷേകത്തിനും 100 രൂപയാണ് സര്‍വ്വീസ് ചാര്‍ജ്ജ്. ഇത് അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും ഇതുവരെ തിരുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

ഓണ്‍ലൈന്‍ സംവിധാനത്തിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ ആറുലക്ഷം രൂപ വേണ്ടിവരുമെന്നുപറഞ്ഞാണ് സര്‍വ്വീസ് ചാര്‍ജ് ഈടാക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. എന്നാല്‍, ഇത് വഴിപാടുനിരക്കിന് അനുപാതികമല്ല.

വഴിപാട് ബുക്കുചെയ്തവര്‍ക്ക് സോഫ്‌റ്റ്വെയര്‍ തകരാര്‍ മൂലം പ്രസാദം കിട്ടിയില്ലെന്ന പരാതിയുമുണ്ട്. മുറികള്‍ ബുക്കുചെയ്തവര്‍ക്ക് അക്കൗണ്ടില്‍നിന്ന് പണം ദേവസ്വത്തിലേക്ക് പോയിട്ടും മുറി കിട്ടിയില്ലെന്ന പരാതികളും ഉയര്‍ന്നു. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടവര്‍ക്ക് പണം മടക്കിക്കൊടുക്കാന്‍ ദേവസ്വം അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. ഇങ്ങനെയുള്ളവര്‍ക്ക് ക്ഷമാപണക്കത്ത് അയയ്ക്കുകയും ചെയ്യും.

No comments:

Post a Comment