ഭഗവദ്ഗീത ദേശീയ ഗ്രന്ഥമാക്കണമെന്ന് സുഷമ സ്വരാജ്...
ന്യൂഡല്‍ഹി: ഭഗവദ്ഗീത ദേശീയ ഗ്രന്ഥമാക്കണമെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ്. ഇതിനായി കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും നടപടിക്രമങ്ങള്‍ മാത്രമേ ബാക്കിയുള്ളൂവെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ജനാധിപത്യ, മതേതര രാജ്യമായ ഇന്ത്യയില്‍ ഏതെങ്കിലും മതത്തിന്റെ പുസ്തകം ദേശീയഗ്രന്ഥമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി.
ചെങ്കോട്ടയില്‍ ഗീതാ പ്രേരണ മഹോത്സവത്തില്‍ സംസാരിക്കവെയായിരുന്നു സുഷമയുടെ അഭിപ്രായപ്രകടനം. ഭഗവദ്ഗീതയുടെ 5151-ാം വാര്‍ഷികം ആഘോഷിക്കാനായിരുന്നു ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ 'ഹിന്ദുക്കളുടെ പുണ്യഗ്രന്ഥമായ ഭഗവദ്ഗീത ദേശീയ ഗ്രന്ഥമാക്കണ'മെന്ന് വി.എച്ച്.പി. നേതാവ് അശോക് സിംഘല്‍ ഈ ചടങ്ങില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് സുഷമയുടെ അഭിപ്രായപ്രകടനമുണ്ടായത്.
ഗീത വായിച്ചതുകൊണ്ടാണ് ജീവിതത്തിലെ നിരവധി പ്രശ്‌നങ്ങള്‍ തനിക്ക് തരണംചെയ്യാന്‍ കഴിഞ്ഞത്. പ്രധാനമന്ത്രി മോദി, അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് ഭഗവദ് ഗീത അടുത്തിടെ സമ്മാനിച്ചിരുന്നു. ഔദ്യോഗികമായ പ്രഖ്യാപനമുണ്ടായില്ലെങ്കില്‍പ്പോലും ഒബാമയ്ക്ക് കൈമാറുന്നതിലൂടെ തന്നെ പുസ്തകത്തിന് അത്തരമൊരു ദേശീയ പദവി കൈവന്നു. ഗീതയില്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തരമുണ്ട്. അതിനാലാണ് ദേശീയഗ്രന്ഥമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടത്. ഗീത വായിച്ചാല്‍ എല്ലാ വിഷാദങ്ങളും മാറും- സുഷമ പറഞ്ഞു.
എന്നാല്‍, ഇതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തുവന്നു. നമ്മുടേത് മതേതര രാജ്യമാണ്. ഭരണഘടനയാണ് ജനാധിപത്യത്തിന്റെ വിശുദ്ധഗ്രന്ഥം. എല്ലാ മതഗ്രന്ഥങ്ങളെയും നാം ബഹുമാനിക്കണം- തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ 'ട്വിറ്റര്‍' സന്ദേശത്തില്‍ പറഞ്ഞു.
No comments:
Post a Comment