!!! ഓം നമോ നാരായണായ !!!
പതിനായിരങ്ങള്‍ ഏകാദശീവ്രതശുദ്ധിയില്‍ ഗുരുവായൂരപ്പനെ നമിച്ചു....
ഗുരുവായൂര്‍: ഹൃദയം നിറയെ പ്രാര്‍ത്ഥനയുമായി പതിനായിരങ്ങള്‍ ഏകാദശീവ്രതശുദ്ധിയില്‍ ഗുരുവായൂരപ്പനെ വണങ്ങി. തിങ്കളാഴ്ച ദശമി ദിവസം തുടങ്ങിയ ഭക്തജനപ്രവാഹം ഏകാദശിനാളില്‍ രാത്രിയിലും തുടര്‍ന്നു. ദശമി പുലര്‍ച്ചെ മുതല്‍ പൂജയ്ക്കല്ലാതെ നട അടയ്ക്കാതിരുന്നിട്ടും മണിക്കൂറുകള്‍ കാത്തുനിന്നാണ് ഭക്തര്‍ക്ക് ശ്രീകോവിലിനു മുന്നില്‍ എത്താന്‍ കഴിഞ്ഞത്. ബുധനാഴ്ച രാവിലെ ദ്വാദശിപ്പണ സമര്‍പ്പണത്തോടെ തിരക്കൊഴിയും. സമര്‍പ്പണശേഷം രാവിലെ ഒമ്പതിന് ക്ഷേത്രനട അടയ്ക്കും. പിന്നെ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് തുറക്കുക.
ഏകാദശി നെയ്വിളക്കും ഉദയാസ്തമനപൂജയും ദേവസ്വം വകയായിരുന്നു. ആദ്യപൂജ തന്ത്രി ചേന്നാസ് ഹരിനമ്പൂതിരിപ്പാട് നിര്‍വഹിച്ചു. രാവിലെ കാഴ്ചശ്ശീവേലിക്കുള്ള പഞ്ചാരിമേളത്തിന് പെരുവനം കുട്ടന്‍മാരാര്‍ അമരക്കാരനായി. പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് നടന്ന തിടമ്പില്ലാത്ത എഴുന്നള്ളിപ്പിന് വൈക്കം ചന്ദ്രന്‍ പഞ്ചവാദ്യം നയിച്ചു.
പ്രത്യേക വിഭവങ്ങളോടെ നടന്ന പ്രസാദ ഊട്ടില്‍ മുപ്പതിനായിരത്തോളം പേര്‍ പങ്കെടുത്തു. വൈകീട്ട് പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍നിന്ന് പഞ്ചവാദ്യത്തോടെ രഥഘോഷയാത്ര പുറപ്പെട്ട് ഗുരുവായൂര്‍ ക്ഷേത്രം വലം വെച്ചു.
രാത്രി 11 മണിക്ക് ആരംഭിച്ച ഏകാദശിവിളക്ക് തൊഴാന്‍ വന്‍ തിരക്കായിരുന്നു. ഇടയ്ക്കകളും നാഗസ്വരങ്ങളും നിരന്ന നാലാമത്തെ പ്രദക്ഷിണത്തില്‍ സ്വര്‍ണ്ണക്കോലത്തില്‍ ഗുരുവായൂരപ്പന്‍ എഴുന്നള്ളിയപ്പോള്‍ പതിനായിരത്തോളം ദീപങ്ങള്‍ പ്രഭചൊരിഞ്ഞു. അഞ്ചാമത്തെ പ്രദക്ഷിണം മേള അകമ്പടിയിലായിരുന്നു. വിളക്ക് കഴിയുമ്പോഴേക്കും ദ്വാദശി പുലര്‍ച്ചെയായി. ഈ സമയം കൂത്തമ്പലത്തില്‍ ദ്വാദശിപ്പണം സമര്‍പ്പിക്കാന്‍ ഭക്തരുടെ നീണ്ട നിരയായിരുന്നു.
ഏകാദശി ദിവസം ഗീതാദിനമായതിനാല്‍ ഗീതാ പാരായണവും പ്രഭാഷണങ്ങളും ക്ഷേത്രത്തില്‍ നടന്നു. വ്യാഴാഴ്ച ത്രയോദശി ഊട്ട് നടക്കുന്നതോടെ ഏകാദശി ചടങ്ങുകള്‍ പൂര്‍ത്തിയാകും.
No comments:
Post a Comment