!!! ഓം നമോ നാരായണായ !!!
നവമിയ്ക്ക് മഞ്ഞള്‍ത്തിരിയുടെ പൊന്‍ശോഭ: ഇന്ന് ദശമിവിളക്ക്...
ഗുരുവായൂര്‍: മഞ്ഞളില്‍ ചാലിച്ചെടുത്ത നെയ്ത്തിരികളുടെ പൊന്‍ശോഭയില്‍ നവമിവിളക്കിന് ഗുരുവായൂരപ്പന്‍ എഴുന്നള്ളി. നിറഞ്ഞ പ്രൗഢിയില്‍ ദശമിവിളക്ക് തിങ്കളാഴ്ച ആഘോഷിയ്ക്കും.
ഞായറാഴ്ച നവമിവിളക്ക് തൊഴാന്‍ ആയിരങ്ങള്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു. ഇടയ്ക്കകളുടെയും നാഗസ്വരങ്ങളുടെയും അകമ്പടിയില്‍ സ്വര്‍ണ്ണക്കോലത്തില്‍ ഗുരുവായൂരപ്പന്‍ എഴുന്നള്ളിയപ്പോള്‍ ആയിരക്കണക്കിന് ദീപങ്ങള്‍ ജ്വലിച്ചു. മഞ്ഞളില്‍ ചാലിച്ചെടുത്ത നെയ്ത്തിരികളായതിനാല്‍ ശോഭയും ഏറെയായിരുന്നു. വിളക്കെഴുന്നള്ളിപ്പ് കഴിയുന്നതുവരെ ശ്രീകോവില്‍ അടയ്ക്കാതെ തുറന്നിരുന്നു. ഇത് നവമിയുടെ പ്രത്യേകതയാണ്. ഉച്ചയ്ക്ക് നമസ്‌കാരസദ്യയും വിശേഷമായി. കൊളാടി കുടുംബം വകയായിരുന്നു നവമിവിളക്ക്. കാരണവര്‍ ഡോ. ജയകൃഷ്ണന്‍ വിളക്കാഘോഷത്തിന് മേല്‍നോട്ടം വഹിച്ചു.
തിരുനാമാചാര്യന്‍ ആഞ്ഞംമാധവന്‍ നമ്പൂതിരി സ്ഥാപിച്ച ശ്രീഗുരുവായൂരപ്പന്‍ സങ്കീര്‍ത്തന ട്രസ്റ്റിന്റെ വകയാണ് ദശമിവിളക്ക്. പെരുവനം കുട്ടന്‍മാരാര്‍ മേളത്തിന് ആദ്യം പ്രമാണം വഹിച്ചത് 32 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദശമിവിളക്കിനായിരുന്നു. അത് ഇന്നും തുടരുന്നു.
ദശമിനാളില്‍ തിങ്കളാഴ്ച രാവിലത്തെ കാഴ്ചശ്ശീവേലിയ്ക്ക് 'കൈയും കോലും' പഞ്ചാരി പെരുവനം നയിക്കും. ഉച്ചശ്ശീവേലിയ്ക്കും രാത്രിവിളക്കെഴുന്നള്ളിപ്പിനും പഞ്ചവാദ്യം അകമ്പടിയാകും. വാദ്യം ചോറ്റാനിക്കര വിജയന്‍ നയിക്കും. പരയ്ക്കാട് തങ്കപ്പമാരാര്‍, വൈക്കം ചന്ദ്രന്‍, പല്ലശ്ശന മുരളി എന്നിവര്‍ തിമില നിരയ്ക്ക് നേതൃത്വം നല്കും. ചെര്‍പ്പുളശ്ശേരി ശിവന്‍, വടക്കുമ്പാട്ട് തങ്കമണി, കലാമണ്ഡലം കുട്ടിനാരായണന്‍, നെല്ലുവായ് ശശി എന്നിവര്‍ മദ്ദളനിരയ്ക്കും ചുക്കാന്‍ പിടിയ്ക്കും. തിച്ചൂര്‍ മോഹനന്‍, പല്ലാവൂര്‍ സന്തോഷ് എന്നിവരാണ് ഇടയ്ക്കവാദനം. മച്ചാട് രാമകൃഷ്ണന്‍ നായര്‍, ഉണ്ണിനായര്‍ എന്നിവര്‍ കൊമ്പിനും പാഞ്ഞാള്‍ വേലുക്കുട്ടി, സൂര്യന്‍ ചേലക്കര എന്നിവര്‍ ഇലത്താളസംഘത്തിനും നേതൃത്വം നല്കും.
സന്ധ്യയ്ക്ക് നിറമാല, ദീപാലങ്കാരം, നാഗസ്വരം, ഇരട്ടകേളി, രാത്രി കൊമ്പുപറ്റ്, കുഴല്‍പ്പറ്റ് എന്നിവയും ഉണ്ടാകും. സാധുക്കള്‍ക്ക് അന്നദാനം, കുട്ടികള്‍ക്ക് മധുരപലഹാരവിതരണം, നാമജപം എന്നിവയും പ്രത്യേകതകളാണ്.
No comments:
Post a Comment