ശബരിമല: അന്നദാനത്തിന് തുക ഈടാക്കുന്നത് കോടതി തടഞ്ഞു...
കൊച്ചി: ശബരിമലയില്‍ സന്നിധാനത്തും പമ്പയിലും അന്നദാനം നടത്തുന്ന സംഘടനകളില്‍ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തുക ഈടാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു.
എന്നാല്‍, അന്നദാനസംഘങ്ങളില്‍ നിന്ന് സ്ഥലം വൃത്തിയായി സൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഡെപ്പോസിറ്റ് സ്വീകരിക്കുന്നതിന് വിലക്കില്ല.
അയ്യപ്പസ്വാമി ദീക്ഷാമന്ദിര്‍ ഉള്‍പ്പെടെയുള്ള അന്നദാന ട്രസ്റ്റുകള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി.എന്‍. രവീന്ദ്രനും ജസ്റ്റിസ് പി.ബി. സുരേഷ് കുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഈ നിര്‍ദേശം. ദേവസ്വം ബോര്‍ഡിന്‍റെ അനുമതിയോടെ വര്‍ഷങ്ങളായി അന്നദാനം നടത്തിവരുന്ന തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ട്രസ്റ്റുകളാണ് ഹര്‍ജിക്കാര്‍. അന്നദാനത്തിന് ഇത്തവണ ഏര്‍പ്പെടുത്തിയ വ്യവസ്ഥകളെയാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തത്.
മണ്ഡലക്കാലത്ത് അന്നദാനട്രസ്റ്റ് 5,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ നിശ്ചിത തുക പ്രതിദിനം ദേവസ്വം ബോര്‍ഡിന് നല്‍കണമെന്നായിരുന്നു വ്യവസ്ഥ. അതിനു പുറമേ സ്ഥലം വൃത്തിയാക്കി വെയ്ക്കുന്നുവെന്ന് ഉറപ്പാക്കാന്‍ 5,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ തിരികെ ലഭിക്കുന്ന ഡെപ്പോസിറ്റും വ്യവസ്ഥ ചെയ്തിരുന്നു.
ദേവസ്വം ബോര്‍ഡിന് സാമ്പത്തിക ബാധ്യതയില്ലാതെ ട്രസ്റ്റുകള്‍ നടത്തുന്ന അന്നദാനത്തിന് തുക ഈടാക്കുന്നതിന് പ്രഥമദൃഷ്ട്യാ കാരണം കാണുന്നില്ലെന്ന് കോടതി വിലയിരുത്തി. വ്യവസ്ഥ ഏകപക്ഷീയമാണെന്ന് വിലയിരുത്തിയാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
No comments:
Post a Comment