Friday, December 5, 2014

സന്നിധാനത്തും പരിസരങ്ങളിലും ഇന്നുമുതൽ കർശന നിരീക്ഷണം

സന്നിധാനത്തും പരിസരങ്ങളിലും ഇന്നുമുതൽ കർശന നിരീക്ഷണം

പമ്പ : ശബരിമലയിൽ സന്നിധാനവും പരിസരങ്ങളും ഇന്ന് വൈകിട്ട് മുതല്‍ കര്‍ശന നിരീക്ഷണത്തിലായിരിക്കും. വൈകീട്ട്  അഞ്ചു മുതല്‍ ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും സുരക്ഷാക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയും ചെയ്യുമെന്ന് പൊലീസ് സ്‌പെഷല്‍ ഓഫിസര്‍ കെ. വിജയന്‍ അറിയിച്ചു. പൊലീസ് കോ-ഓര്‍ഡിനേറ്റര്‍ കെ. പത്മകുമാര്‍ സന്നിധാനത്ത് ക്യാംപ് ചെയ്ത് നിയന്ത്രണങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കും.ഈ തീര്‍ത്ഥാടനകാലം തുടക്കം മുതല്‍തന്നെ വന്‍ ഭക്തജനത്തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. അതിനാല്‍ എരുമേലി, പുല്ലുമേട് വഴി എത്തുന്ന തീര്‍ത്ഥാടകര്‍ക്കും ഈ ദിവസങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ഇന്ന് രാത്രി നട അടച്ചതിനു ശേഷം പുലര്‍ച്ചെ  തുറക്കുന്നതുവരെ ആരേയും ഫ്‌ളൈ ഓവറിലേക്ക് കടത്തിവിടില്ല.  വൈകിട്ട് അഞ്ചിന് ശേഷം കര്‍ശന പരിശോധനകള്‍ക്കു ശേഷമേ തീര്‍ഥാടകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ഇരുമുടിക്കെട്ടുകളും സഞ്ചികളും പരിശോധനയ്ക്കു വിധേയമാക്കും. മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി നിയന്ത്രിക്കും. തീര്‍ഥാടകര്‍ സന്നിധാനത്ത് മൊബൈല്‍ ഫോണുകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. സംസ്ഥാന, കേന്ദ്ര, ദുരന്തനിവാരണ സേനകള്‍ക്കു പുറമെ തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോകളും ആന്ധ്ര പൊലീസും സംയുക്തമായാണ്  പരിശോധന. എല്ലാ തീര്‍ത്ഥാടകരെയും മെറ്റല്‍ ഡിറ്റക്ടറിലൂടെ മാത്രമേ  കടത്തിവിടുകയുള്ളൂ. വിവിധയിടങ്ങളിലായി നൂറോളം സായുധ പൊലീസിനെ നിയോഗിക്കും.. അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ ട്രാക്ടര്‍ സര്‍വീസും അനുവദിക്കുകയുള്ളൂ.നെയ്യഭിഷേകത്തിനുള്ള പാത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ സുരക്ഷാ പരിശോധനയ്ക്കു വിധേയമാക്കും. നെയ്‌ത്തോണിയില്‍ നെയ് ഒഴിക്കുന്നത് ഒഴിവാക്കണമെന്നും മാളികപ്പുറത്തേക്കുള്ള വഴിയില്‍ ഇതിനായി പ്രത്യേക സംവിധാനമൊരുക്കുമെന്നും അഡീഷണല്‍ സ്‌പെഷല്‍ ഓഫിസര്‍ ടി. നാരായണന്‍ അറിയിച്ചു. വി.ഐ.പി കള്‍ ഉള്‍പ്പെടെയുള്ളവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

No comments:

Post a Comment