!!! സ്വാമിയേ ശരണമയ്യപ്പാ !!!
വ്രതപുണ്യത്തിന്റെ മണ്ഡലകാലത്തിന് വിട; ഇനി കാത്തിരിപ്പ് മകരവിളക്കിന്...
ശബരിമല: നാവിലും മനസ്സിലും വ്രതശുദ്ധിയുടെ പുണ്യംനിറച്ച 41 നാളത്തെ മണ്ഡല തീര്‍ത്ഥാടനത്തിന് സമാപ്തി.
ശനിയാഴ്ച തങ്ക അങ്കി വിഭൂഷിതനായി ശാസ്താവിന്റെ മണ്ഡലപൂജ തൊഴുത് ശബരിമല തീര്‍ത്ഥാടനത്തിന് രണ്ടുനാളത്തെ ഇടവേള നല്‍കി ഭക്തര്‍ മലമുകള്‍ വിട്ടു. ഇനി മകരവിളക്കുത്സവത്തിനായി 30ന് വൈകീട്ട് തിരുനട തുറക്കും.
ശനിയാഴ്ച 12 മണിയോടെ തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ പൂജകള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. കിഴക്കേമണ്ഡപത്തില്‍ പ്രത്യേക പത്മമിട്ട് 25 കലശത്തില്‍ ബ്രഹ്മകലശമായി കളഭം നിറച്ച് ആവാഹിച്ച് പൂജിച്ചശേഷം പാണികൊട്ടി ഉച്ചപ്പൂജ തുടങ്ങി. മേല്‍ശാന്തി എഴിക്കോട് കൃഷ്ണദാസ് നന്പൂതിരി ബ്രഹ്മകലശം ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു. തുടര്‍ന്ന് അയ്യപ്പനെ കളഭത്തില്‍ അഭിഷിക്തനാക്കി. പ്രസന്നപൂജയ്ക്ക് തങ്കയങ്കിചാര്‍ത്തി കര്‍പ്പൂരദീപപ്രഭയില്‍ പൂജാചടങ്ങുകള്‍ സമാപിച്ചു. കീഴ്ശാന്തി വി.കെ.ഗോവിന്ദന്‍നന്പൂതിരി തന്ത്രിക്കും മേല്‍ശാന്തിക്കുമൊപ്പം പരികര്‍മിയായി.
മണ്ഡലപൂജ തൊഴുത് ഭക്തര്‍ മടങ്ങിയതോടെ നട അടച്ചു. വീണ്ടും വൈകീട്ട് തുറന്ന് പൂജകള്‍ക്കുശേഷം രാത്രി ഹരിവരാസനം പാടി, മകരവിളക്കിനെ വരവേല്‍ക്കാനായി അടച്ചതോടെ ശബരിമല മണ്ഡല തീര്‍ത്ഥാടനം പൂര്‍ത്തിയായി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ പി.വേണുഗോപാല്‍, ശബരിമല ചീഫ് കോ-ഓര്‍ഡിനേറ്റര്‍ കെ.ആര്‍.ജ്യോതിലാല്‍, സെക്രട്ടറി പി.ആര്‍.ബാലചന്ദ്രന്‍നായര്‍, ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ കെ.ബാബു, ദേവസ്വം ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് കെ.ഭാസ്‌കരന്‍, ചീഫ് എന്‍ജിനിയര്‍മാരായ ജോളി ഉല്ലാസ്, ജി.മുരളീകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്.ജയകുമാര്‍, വിജിലന്‍സ് എസ്.പി. ഗോപകുമാര്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്കും ഒരുക്കങ്ങള്‍ക്കും മേല്‍നോട്ടം വഹിച്ചു.
No comments:
Post a Comment