Sunday, December 21, 2014

അരവണ വിതരണത്തില്‍ പ്രതിസന്ധി; ഒരാള്‍ക്ക് മൂന്ന് ടിന്‍ മാത്രം...

അരവണ വിതരണത്തില്‍ പ്രതിസന്ധി; ഒരാള്‍ക്ക് മൂന്ന് ടിന്‍ മാത്രം...

ശബരിമല: ശബരിമലയില്‍ അരവണ വിതരണത്തില്‍ വീണ്ടും നിയന്ത്രണം. ശനിയാഴ്ച മാത്രം രണ്ടു തവണയാണ് വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഒരാള്‍ക്ക് ശരാശരി മൂന്ന് ടിന്‍ അരവണ വീതമാണ് ശനിയാഴ്ച ഉച്ച മുതല്‍ വിതരണം ചെയ്യുന്നത്. കഴിഞ്ഞ ഇരുപത് ദിവസത്തിനുള്ളില്‍ ഇത് അഞ്ചാം തവണയാണ് അരവണയുടെ വിതരണത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നത്.

അന്യ സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന അയ്യപ്പഭക്തരെയാണ് ഇത് കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നത്. ശരാശരി 30 മുതല്‍ 100 ടിന്‍ വരെയായിരുന്നു ഇവര്‍ വാങ്ങിയിരുന്നത്. വില്‍പ്പനയ്ക്കനുസരിച്ച് ഉത്പാദനം നടക്കാത്തതും കരുതല്‍ ശേഖരത്തില്‍ വന്ന ഇടിവുമാണ് അരവണ വിതരണത്തില്‍ ബോര്‍ഡ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പ്രധാന കാരണം. ആദ്യം ഒരാള്‍ക്ക് 50 ടിന്‍ അരവണ ലഭിച്ചിരുന്നെങ്കില്‍ പിന്നീട് അത് 30 ആയും പിന്നീട് 10 ആയും കുറച്ചു. ശനിയാഴ്ച രാവിലെ ഇത് 5 എണ്ണമായും പിന്നീട് മൂന്നെണ്ണമായും കുറയ്ക്കുകയായിരുന്നു.

അരവണയില്‍ ജലത്തിന്റെ അംശം കുറക്കാന്‍ പൂര്‍ണമായും തണുപ്പിച്ചാണ് ഡപ്പകളില്‍ നിറക്കുന്നത്. ഇതിന് ഏറെ സമയം ആവശ്യമാണ്. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശവും വന്നിരുന്നു. ഇതേ തുടര്‍ന്ന് പ്രതിദിനം 3 ലക്ഷത്തോളം ടിന്‍ അരവണ ആവശ്യംവേണ്ടിടത്ത് ഉത്പാദിപ്പിക്കുന്നത് 2 ലക്ഷം ടിണ്ണില്‍ താഴെ മാത്രമാണ്. തുടര്‍ദിവസങ്ങളില്‍ ദര്‍ശനത്തിനെത്തുന്ന അയ്യപ്പന്‍മാരുടെ എണ്ണം ഇതിലും വര്‍ദ്ധിക്കുന്നതോടെ നിലവിലെ സാഹചര്യത്തില്‍ അരവണ വിതരണം കൂടുതല്‍ പ്രതിസന്ധിയിലാകും.

മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ 25 ലക്ഷം ടിന്‍ കരുതല്‍ശേഖരം ഉണ്ടായിരുന്നെങ്കില്‍ നിലവില്‍ 3 ലക്ഷം ടിന്‍ മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50000 ടിന്‍ അധികം അരവണയാണ് പ്രതിദിനം ഇക്കുറി വിതരണം ചെയ്യുന്നത്. അരവണ നിര്‍മ്മിക്കുന്നതിനുള്ള അസംസ്‌കൃതവസ്തുക്കള്‍ ലഭിക്കാതിരുന്നത് നേരത്തെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. അരവണ വില്‍പ്പനയില്‍നിന്ന് മാത്രം ബോര്‍ഡിന് ഇതുവരെ ലഭിച്ചത് 50 കോടി രൂപയാണ്.

No comments:

Post a Comment