ആറന്മുള: ശരണംവിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആറന്മുളയില്‍നിന്ന് ചൊവ്വാഴ്ച ശബരിമലയിലേക്ക് പുറപ്പെട്ടു.
ശബരിമലശാസ്താവിന് മണ്ഡലപൂജയ്ക്ക് ചാര്‍ത്താനായി ചിത്തിര തിരുനാള്‍ ബാലരാമവര്‍മ ശബരിമല നടയ്ക്കു വെച്ച 450 പവന്‍ തൂക്കംവരുന്ന തങ്കയങ്കി ആറന്മുള ക്ഷേത്രത്തിന്റെ സ്‌ട്രോങ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്. ദേവസ്വം അധികൃതരുടെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച പുറത്തെടുത്ത് തങ്കയങ്കി മിനുക്കിയശേഷം സന്ധ്യയോടെ തിരികെ സ്‌ട്രോങ്‌റൂമില്‍ വെച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെ 5ന് പാര്‍ഥസാരഥി ക്ഷേത്ര ആനക്കൊട്ടിലില്‍ ദര്‍ശനത്തിനായി തുറന്നുവച്ചശേഷം ഏഴുമണിയോടെ തങ്കയങ്കി പ്രത്യേകം തയ്യാറാക്കിയ രഥത്തില്‍ പ്രവേശിപ്പിച്ചു.
വിവിധ സംഘടനകളുടെ സ്വീകരണം ഏറ്റുവാങ്ങിയ ഘോഷയാത്ര ചൊവ്വാഴ്ച ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തില്‍ വിശ്രമിച്ചു.
ബുധനാഴ്ച രാവിലെ 8ന് ഇവിടെനിന്ന് പുറപ്പെട്ട ഘോഷയാത്ര രാത്രി കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും വ്യാഴാഴ്ച രാത്രി പെരുനാട് ക്ഷേത്രത്തിലും വിശ്രമിക്കും.
പെരുനാട് ക്ഷേത്രത്തില്‍നിന്ന് വെള്ളിയാഴ്ച ആരംഭിക്കുന്ന ഘോഷയാത്ര 1.30ഓടെ പമ്പയിലെത്തിച്ചേരും. പമ്പയില്‍നിന്ന് 3ന് പുറപ്പെടുന്ന ഘോഷയാത്ര 5ന് ശരംകുത്തിയില്‍ എത്തിച്ചേരുമ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധികളും ചേര്‍ന്ന് ആചാരപരമായി സ്വീകരിച്ച് സന്നിധാനത്ത് എത്തിക്കും.
സന്നിധാനത്ത് എത്തുന്ന തങ്കയങ്കി തന്ത്രിയും ശാന്തിയും ചേര്‍ന്ന് സ്വീകരിച്ച് ക്ഷേത്ര ശ്രീകോവിലില്‍ പ്രവേശിപ്പിച്ച് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും. ശനിയാഴ്ച പകല്‍ 12.15ന് തങ്കയങ്കി ചാര്‍ത്തിയ വിഗ്രഹത്തില്‍ മണ്ഡലപൂജ നടത്തുന്നതോടെ 41 ദിവസം നീണ്ട മണ്ഡലകാലത്തിന് സമാപനംകുറിക്കും.
No comments:
Post a Comment