ഭക്തിനിറവില്‍ വൈക്കത്തഷ്ടമിക്ക് കൊടിയേറി...
വൈക്കം: ഉദയസൂര്യന്റെ തങ്കരശ്മികള്‍ നിറഞ്ഞ വൃശ്ചികപുലരിയില്‍ വൈക്കത്തപ്പന്റെ അഷ്ടമി ഉത്സവം കൊടിയേറി.
ബുധനാഴ്ച രാവിലെ 6.30നും 7.15നും ഇടയ്ക്ക് തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരിയാണ് കൊടിയേറ്റിയത്. മഞ്ഞുതുള്ളികള്‍ അമൃതപുണ്യാഹം തളിച്ച് ശുദ്ധമാക്കിയ ക്ഷേത്രാങ്കണത്തില്‍ തിങ്ങിനിറഞ്ഞ ഭക്തര്‍ ചടങ്ങിന് സാക്ഷികളായി. ഉഷഃപൂജ, എതൃത്തപൂജ, പന്തീരടിപൂജ എന്നിവയ്ക്കുശേഷം ശ്രീേകാവിലില്‍ ദേവചൈതന്യം കൊടിക്കൂറയിലേക്ക് ആവാഹിച്ചു. അനുഷ്ഠാനവാദ്യങ്ങളോടെ കൊടിക്കൂറ കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിച്ചു.
നെറ്റിപ്പട്ടം കെട്ടി പട്ടുകുട ചൂടിയ മൂന്ന് ആനകള്‍, രണ്ട് തങ്കക്കുടകള്‍, വെണ്‍കൊറ്റ കുടകള്‍, വെള്ളിവിളക്കില്‍ നെയ്തിരി ദീപങ്ങള്‍ എന്നിവ കൊടിയേറ്റിന് ദൃശ്യചാരുതയേകി. കട്ടിമാലകള്‍, വാഴക്കുലകള്‍, നാളികേരക്കുലകള്‍ എന്നിവകൊണ്ട് കൊടിമരഭാഗങ്ങള്‍ അലങ്കൃതമാക്കിയിരുന്നു. നാഗസ്വരവും പഞ്ചവാദ്യവും കൊടിയേറ്റിന് ഉത്സവമേളം പകര്‍ന്നു.
കിഴക്കിനേഴത്ത് മേക്കാട്ട് ഇല്ലത്ത് ചെറിയനാരായണന്‍ നമ്പൂതിരി, ചെറിയ മാധവന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ തരണി ഡി.നാരായണന്‍ നമ്പൂതിരി, ടി.എസ്.നാരായണന്‍ നമ്പൂതിരി, ടി.ഡി.ശ്രീധരന്‍ നമ്പൂതിരി, അനൂപ് നമ്പൂതിരി, കീഴ്ശാന്തിമാരായ മേലേടം രാമന്‍ നമ്പൂതിരി, കൊളായി നാരായണന്‍ നമ്പൂതിരി, ഏറാംചേരി ദേവന്‍ നമ്പൂതിരി, ആഴാട് നാരായണന്‍ നമ്പൂതിരി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
കൊടിയേറ്റിനുശേഷം തിരുനടയില്‍ കെടാവിളക്കില്‍ ദേവസ്വം കമ്മീഷണര്‍ പി.വേണുഗോപാല്‍ ദീപം തെളിച്ചു. തുടര്‍ന്ന് മൂന്ന് ആനകളുടെ അകമ്പടിയോടെ ആദ്യ ശ്രീബലി നടന്നു. മൂന്ന് പ്രദക്ഷിണത്തിന് മൂന്നു തരം വാദ്യങ്ങളുണ്ടായിരുന്നു. കലാമണ്ഡപത്തില്‍ നടന്‍ സുരേഷ് ഗോപി ദീപം തെളിച്ചതോടെ 13 ദിനരാത്രങ്ങള്‍ നീളുന്ന കലാപരിപാടികള്‍ക്ക് അരങ്ങുണര്‍ന്നു. മുന്‍ ബോര്‍ഡ് മെമ്പര്‍ പി.നാരായണന്‍, ഡെപ്യൂട്ടി കമ്മീഷണര്‍ ജി.അനില്‍കുമാര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ കെ.സി.മധുസൂദനന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വി.ജെ.മുരളീധരക്കുറുപ്പ്, കലാപീഠം മാനേജര്‍ മുരാരി ബാബു, ഉപദേശകസമിതി പ്രസിഡന്റ് പി.അമ്മിണിക്കുട്ടന്‍, സെക്രട്ടറി എസ്.പത്മനാഭന്‍, വൈസ് പ്രസിഡന്റ് പി.എന്‍.കാര്‍ത്തികേയന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രശസ്തമായ അഷ്ടമിദര്‍ശനം 14ന് പുലര്‍ച്ചെ 4.30നാണ്. പ്രധാന ചടങ്ങുകളായ ഋഷഭവാഹന എഴുന്നള്ളിപ്പ് 9ന് രാത്രി 11.30നും വലിയശ്രീബലി 12ന് രാവിലെ 10നും വലിയ കാഴ്ചശ്രീബലി 13ന് വൈകീട്ട് 5നും ആണ്. അഷ്ടമിദിവസം 151 പറയുടെ അരിയുടെ പ്രാതലും ഒരുക്കുന്നുണ്ട്.
No comments:
Post a Comment