Thursday, December 18, 2014

കുചേലദിനത്തില്‍ ഗുരുവായൂരപ്പന് അവില്‍നിവേദ്യ സമൃദ്ധി...

കുചേലദിനത്തില്‍ ഗുരുവായൂരപ്പന് അവില്‍നിവേദ്യ സമൃദ്ധി...

ഗുരുവായൂര്‍: ഗുരുവായൂരപ്പന് അവില്‍ നിവേദ്യത്തിന്റെ സമൃദ്ധിയായിരുന്നു കുേചലദിനമായിരുന്ന ധനുവിലെ മുപ്പെട്ടു ബുധനാഴ്ച.
കണ്ണന് അവില്‍പ്പൊതികളുമായി ആയിരങ്ങളാണ് ക്ഷേത്രത്തില്‍ എത്തിയത്. 350 പറയിലേറെ അവില്‍ കുന്നുകൂടി. കദളിപ്പഴവും ശര്‍ക്കരയും നാളികേരവും വേറെയും. ഭക്തര്‍ കൊണ്ടുവന്ന അവില്‍ പന്തീരടിപ്പൂജയ്ക്കും ഉച്ചപ്പൂജയ്ക്കും അത്താഴപ്പൂജയ്ക്കും നിവേദിച്ച് ഭക്തര്‍ക്ക് തിരിച്ചു നല്‍കി. ഇതിനു പുറമെ, 2,50,350 രൂപയുടെ കുഴച്ച അവില്‍ തയ്യാറാക്കിയിരുന്നു. നാളികേരം, ശര്‍ക്കര, നെയ്യ്, ചുക്ക്, ജീരകം എന്നിവയില്‍ കുഴച്ച അവില്‍ പന്തീരടിപ്പൂജയ്ക്കും അത്താഴപ്പൂജയ്ക്കും ശ്രീകോവിലിനകത്തേയ്ക്ക് എഴുന്നള്ളിച്ചു.

പന്തീരടിപ്പൂജയ്ക്ക് ഓതിക്കന്‍ കക്കാട് ചെറിയ വാസുദേവന്‍ നമ്പൂതിരിയും അത്താഴപ്പൂജയ്ക്ക് മേല്‍ശാന്തി ഭവന്‍ നമ്പൂതിരിയും അവില്‍ ഭഗവാന് നിവേദിച്ചു.

സന്ധ്യയ്ക്ക് നിറമാല, നാഗസ്വരം, കേളി, ദീപാലങ്കാരം, പഞ്ചവാദ്യം എന്നിവ നടന്നു. രാത്രി വിളക്കെഴുന്നള്ളിപ്പിനും പല്ലശ്ശന മുരളിയുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം കൊട്ടിത്തിമര്‍ത്തു. കോഴിക്കോട് അമ്മാളുകുട്ടി കോവിലമ്മയുടെ വകയായിരുന്നു കുചേലദിന ചുറ്റുവിളക്ക് ആഘോഷം.

കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്റെ സ്മരണയ്ക്കായി ശിഷ്യരും പ്രശിഷ്യരും കുചേലവൃത്തം ആട്ടക്കഥയിലെ പദങ്ങള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ മുതല്‍ വൈകീട്ടുവരെ ആലപിച്ചു. രാത്രി ഡോ. സഭാപതിയുടെ വഴിപാടായി കുചേലവൃത്തം കഥകളിയും അരങ്ങേറി.

No comments:

Post a Comment