ശബരിമലയില്‍ 500 ഏക്കര്‍ ഭൂമിക്കായി കേന്ദ്രത്തെ സമീപിക്കും -ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
ശബരിമല: ശബരിമലയുടെ വികസനത്തിനായി 500 ഏക്കര്‍ വനഭൂമി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി.ഗോവിന്ദന്‍ നായര്‍.
ഭൂമി വിട്ടുനല്‍കുന്നതിന് പകരമായി, ദേവസ്വം ബോര്‍ഡ് വൃക്ഷങ്ങള്‍ വച്ചുപിടിപ്പിച്ച അന്‍പത് ഏക്കര്‍ ഭൂമി നല്‍കും. നിലയ്ക്കലില്‍ ഭൂമി വിട്ടുതന്നതുകൊണ്ട് കാര്യമില്ല. ശബരിമലയില്‍ത്തന്നെ കിട്ടണം.
ശബരിമലയെ ദേശീയ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ അഭിപ്രായമെന്നും പ്രസിഡന്റ് അഡ്വ. എം.പി.ഗോവിന്ദന്‍നായര്‍ പറഞ്ഞു.
ശബരിമലയില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന റോഡ്വേ ചരക്ക് കൊണ്ടുപോകാന്‍ മാത്രമാണ്. തീര്‍ത്ഥാടകരെ കയറ്റില്ല. സ്വകാര്യ കമ്പനിയുമായി സഹകരിച്ചുള്ള റോഡ്വേ അടുത്ത വര്‍ഷം യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷ.
സാധനങ്ങളുടെ ഭാരമനുസരിച്ചായിരിക്കും കൂലി. 30 വര്‍ഷം വരെ കിട്ടുന്ന തുക റോഡ്വേ നിര്‍മ്മിക്കുന്ന കമ്പനിയും ദേവസ്വം ബോര്‍ഡും ആനുപാതികമായി വീതംവച്ചെടുക്കും. അതിനുശേഷം റോഡ്വേ പൂര്‍ണമായും ദേവസ്വം ബോര്‍ഡിന് വിട്ടുകിട്ടും വിധമാണ് കരാര്‍.
പ്രധാനമന്ത്രി ശബരിമല സന്ദര്‍ശിക്കുന്നതില്‍ വ്യക്തത വന്നിട്ടില്ല. എന്നാല്‍, ജനവരിയില്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി എത്തുമ്പോള്‍ ശബരിമല സന്ദര്‍ശിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
No comments:
Post a Comment