മമ്മിയൂര്‍ ക്ഷേത്രം മഹാരുദ്രയജ്ഞത്തിനൊരുങ്ങി...
ഗുരുവായൂര്‍: മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തിലെ അഞ്ചാമത് മഹാരുദ്രയജ്ഞം ജനവരി 1 മുതല്‍ 11 വരെ നടക്കുമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.കെ. ഓമനക്കുട്ടന്‍, ട്രസ്റ്റി പി.കെ.കെ. രാജ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ക്ഷേത്രത്തില്‍ പ്രത്യേകം തയ്യാറാക്കുന്ന യജ്ഞശാലയില്‍ 11 വെള്ളികലശക്കുടങ്ങളില്‍ 11 ദ്രവ്യങ്ങള്‍ നിറയ്ക്കും. 11 വേദജ്ഞര്‍ 11 ദിവസം ശ്രീരുദ്രമന്ത്രം ആവര്‍ത്തിക്കുമ്പോള്‍ മഹാരുദ്രയജ്ഞമാകും. വസോര്‍ധാരയോടെയാണ് സമാപനം.
ഒന്നിന് രാവിലെ അഞ്ചിന് ചടങ്ങുകള്‍ തുടങ്ങും. നടരാജ മണ്ഡപത്തില്‍ രാവിലെ 9ന് തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് ദീപം തെളിയിക്കും. ഗുരുവായൂര്‍ ശശിമാരാരുടെ കേളി, വൈകീട്ട് 5.45ന് തിരുകിളാര്‍ ഭാരതീദാസന്റെ വിശേഷാല്‍ നാദസ്വരകച്ചേരി, 6.30ന് സി.കെ. ജയചന്ദ്രന്‍ നയിക്കുന്ന ഭക്തിഗാനമേള എന്നിവയുണ്ടാകും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകീട്ട് തിരൂര്‍ സ്വാതി തിരുനാള്‍ കലാകേന്ദ്രത്തിന്റെ നൃത്തസന്ധ്യ, വീനിത് എം. ചാക്യാരുടെ ചാക്യാര്‍കൂത്ത്, സജീഷ് കുട്ടനെല്ലൂരിന്റെ കാരിക്കേച്ചര്‍, മണലൂര്‍ ഗോപിനാഥിന്റെ ശീതങ്കന്‍ തുള്ളല്‍, ജ്യോതിദാസ് ഗുരുവായൂരിന്റെ അഷ്ടപദി കച്ചേരി, തൃപ്പുണിത്തുറ ജെ. റാവുവിന്റെ പുരാണ കഥാപ്രസംഗം, പല്ലാവൂര്‍ കൃഷ്ണന്‍കുട്ടിയുടെ കുറുംകുഴല്‍ കച്ചേരി, അന്നമനട സുരേഷിന്റെ വാദ്യസമന്വയം, ഗുരുവായൂര്‍ ദര്‍ശന കലാക്ഷേത്രത്തിന്റെ നൃത്താഞ്ജലി , തൃപ്പുണിത്തുറ ജയഭാരത് കലാക്ഷേത്രത്തിന്റെ ബാലെ എന്നിവ അരങ്ങേറും.
എല്ലാ ദിവസവും രാവിലെ നാഗപ്പാട്ടും ഭക്തിപ്രഭാഷണവും ഉച്ചയ്ക്ക് അന്നദാനവും ഉണ്ടാകും.
ജ്യോതിശങ്കര്‍, പി.സി. രഘുനാഥ രാജ, ശിവശങ്കരന്‍, രാജേഷ് ബാബു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
No comments:
Post a Comment