Wednesday, December 3, 2014

വില്വമലയില്‍ വിശ്വാസികള്‍ പുനര്‍ജ്ജനി ഗുഹ നൂണ്ടു...

വില്വമലയില്‍ വിശ്വാസികള്‍ പുനര്‍ജ്ജനി ഗുഹ നൂണ്ടു...

തിരുവില്വാമല: ദുഷ്‌കരവും ഇടുങ്ങിയതുമായ ഗുഹാവഴിയിലൂടെ നിന്നും നിരങ്ങിയും കിടന്നും വില്വമലയില്‍ ഭക്തര്‍ പുനര്‍ജ്ജനിഗുഹ നൂണ്ടു. പുലര്‍ച്ചെ മുതല്‍ ക്ഷമിച്ചും സഹകരിച്ചും ഒന്നിനു പിറകെ ഒന്നായാണ് വിശ്വാസികള്‍ പുനര്‍ജ്ജനി കടന്നത്. മറുവശത്ത് എത്തിയപ്പോള്‍ ജന്മാര്‍ജ്ജിത പാപങ്ങളൊടുങ്ങി പുനര്‍ജ്ജന്മ സാഫല്യം നേടിയതിന്റെ അനുഭൂതി.

ഗുരുവായൂര്‍ ഏകാദശി ദിവസമാണ് തിരുവില്വാമലയില്‍ വര്‍ഷത്തില്‍ ഒരുദിവസം മാത്രം നടക്കുന്ന പുനര്‍ജ്ജനി നൂഴല്‍. പുലര്‍ച്ചെ ശ്രീവില്വാദ്രിനാഥക്ഷേത്രത്തില്‍നിന്ന് മേല്‍ശാന്തിയും ദേവസ്വം ഉദ്യോഗസ്ഥരും വിശ്വാസികളും വാദ്യമേളങ്ങളോടെ ഗുഹാമുഖത്തേക്ക് നീങ്ങി. പൂജകള്‍ക്കു ശേഷം തിരുവില്വാമല പാറപ്പുറത്ത് പതിവുപോലെ നൂഴാനായി ചന്തു ഗുഹാമുഖത്തേക്ക്്് പ്രവേശിച്ചു. വഴി നന്നാക്കി പുറത്തേക്ക് വന്നപ്പോഴേക്കും മുക്കാല്‍ മണിക്കൂറോളം എടുത്തു. പിന്നീട് ഓരോരുത്തരായി പുറത്തുവരാന്‍ തുടങ്ങി. രാമനാമജപത്തോടെയും ശരണം വിളികളോടെയും ബന്ധുക്കളും വിശ്വാസികളും ആകാംക്ഷയോടെ കാത്തുനിന്നു.

നൂഴാന്‍ തുടങ്ങുന്നതിനു മുമ്പ് പുനര്‍ജ്ജനിയോട് ബന്ധപ്പെട്ടുള്ള ഗണപതിതീര്‍ത്ഥം, പാപനാശിനിതീര്‍ത്ഥം, പാതാളതീര്‍ത്ഥം, അമ്പുതീര്‍ത്ഥം, കൊമ്പുതീര്‍ത്ഥം എന്നിവടങ്ങളും സന്ദര്‍ശിച്ചു. എഴുന്നൂറിലധികം ടോക്കണ്‍ വിതരണം ചെയ്തിട്ടുണ്ട്. രാത്രി വൈകിയും നൂഴല്‍ തുടരുകയാണ്. സേവാഭാരതി പ്രവര്‍ത്തകര്‍ വിശ്വാസികളെ സഹായിക്കാനുണ്ടായിരുന്നു. ഇവര്‍ ലഘുഭക്ഷണവും വിതരണം ചെയ്തു. ദേവസ്വം ഉദ്യോഗസ്ഥരോടൊപ്പം പോലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു.

No comments:

Post a Comment