ഗുരുവായൂർ ക്ഷേത്രത്തിലെ തീപിടുത്തം ഫോട്ടോയിലൂടെ ചരിത്രമാക്കിയ അയ്യപ്പൻ ഇനി ഓർമ്മ
ഭഗവാന്റെ ബിംബം പുറത്തെടുത്തത് കാമറ ഫ്ളാഷിൽ
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര തീപിടുത്തം ഫോട്ടോയിലൂടെചരിത്രമാക്കിയ അപ്സര അയ്യപ്പൻ (78) ഇനി ഓർമ്മ.
ക്ഷേത്രത്തിലുണ്ടായ തീപിടിത്തിനിടയിൽ എങ്ങുമുയർന്ന കനത്ത പുക പടലങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം വഴിമുട്ടിയപ്പോൾതന്റെ കാമറയിലെ ഫ്ലാഷ് തുടരെ മിന്നിച്ച് വെളിച്ചം പകർന്ന അയ്യപ്പൻ ഗുരുവായൂരിന്റെ ചരിത്രത്തിന്റെ ഭാഗമായി മാറി.
ഇന്ന് ഡിജിറ്റൽ യുഗത്തിൽ താലി ചാർത്തുന്ന ചിത്രം ചില്ലിട്ട് സൽക്കാര സമയത്ത് സമ്മാനിക്കുന്നത് ഒരു പതിവാണ്. അതിനും എത്രയോ മുമ്പ് നെഗറ്റീവ് റോൾ ഡെവലപ്പ് ചെയ്ത് പ്രിന്റ് അടിച്ച് ചില്ലിട്ട് വധൂവരന്മാർ പന്തലിൽ നിന്നിറങ്ങും മുമ്പേ സമ്മാനിച്ചത് അയ്യപ്പന്റെ പ്രത്യേകതയായിരുന്നു.
തീരദേശത്തിന്റെ നിശ്ചല ചായാഗ്രഹണ ചരിത്രത്തിലും ഒഴിവാകാനാവാത്ത നാമം തന്നെയായിരുന്നു അപ്സര അയ്യപ്പൻ.
1970 നവംബർ 29നാണ് ഭക്തജനങ്ങളെയും നാടിനെയാകെയും ദു:ഖത്തിലാഴ്ത്തിയ ഗുരുവായൂർ ക്ഷേത്രത്തിലെ അഗ്നിബാധ ഉണ്ടായത്. ഒരു ഏകാദശി വിളക്കുകാലമായിരുന്നു അത്.
പൊലീസ് വിളക്കുകഴിഞ്ഞ് നടയടച്ച് രാത്രി രണ്ടുമണിയോടെയാണ് ക്ഷേത്രത്തിന് തീപിടിച്ച വാർത്ത നാട്ടിൽ പരക്കുന്നത്.
ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരത്തിന് സമീപത്തെ കോളാടി കെട്ടിടത്തിലാണ് അയ്യപ്പന്റെ അപ്സര സ്റ്റുഡിയോ പ്രവർത്തിച്ചിരുന്നത്.
സംഭവം കേട്ടറിഞ്ഞ് പടിഞ്ഞാറെ ഗോപുരം വഴി അകത്ത് കടന്ന അയ്യപ്പനെ ഫോട്ടോയെടുക്കാൻ അന്നേരം അധികൃതർ അനുവദിച്ചിരുന്നില്ല.
എന്നാൽ തുണികൊണ്ട് കാമറ മറച്ചുപിടിച്ച് രഹസ്യമായെടുത്ത ഫോട്ടോകളാണ് ഗുരുവായൂർ ക്ഷേത്രം കത്തിയതായ ഏക 'ലൈവ് ഫോട്ടോ".
ബിംബം എടുക്കാൻ കഴിയാതെ വന്നപ്പോൾ അയ്യപ്പന്റെ തുടരെയുള്ള കാമറ ഫ്ളാഷിന്റെ വെളിച്ചത്തിലൂടെയാണ് പുറത്തേക്കെടുത്തത്.
അയ്യപ്പന്റെ നിര്യാണത്തിൽ ആൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ ചാവക്കാട് മേഖല കമ്മിറ്റി അനുശോചിച്ചു.
കടപ്പാട് - കേരളകൗമുദി
No comments:
Post a Comment