!!! ഓം നമോ നാരായണായ !!!
സപ്തമിക്ക് കണ്ണനു മുന്നില്‍ പതിനായിരം വെളിച്ചെണ്ണ ദീപങ്ങളുടെ ജ്വാല...
ഗുരുവായൂര്‍: ഏകാദശിയുടെ സപ്തമിവിളക്കിന് വെള്ളിയാഴ്ച രാത്രി പതിനായിരം ദീപങ്ങള്‍ വെളിച്ചെണ്ണയില്‍ പ്രഭവിതറി.
ഏകാദശി വിളക്കുകളില്‍ വെളിച്ചെണ്ണയില്‍ തെളിഞ്ഞ ഏക വിളക്കായിരുന്നു സപ്തമി വിളക്ക്. ഗുരുവായൂരിലെ പുരാതന നെന്മിനി മനക്കാരുടെ വകയാണ് ഈ ചുറ്റുവിളക്ക്.
വിളക്കെഴുന്നള്ളിപ്പിന് മൂന്ന് ആനകളില്‍ അഴകാര്‍ന്ന ഇന്ദ്രസെന്‍ കോലമേറ്റി. അഞ്ച് ഇടയ്ക്കകളും, നാല് നാഗസ്വരങ്ങളും ഒത്തുചേര്‍ന്ന് രാഗങ്ങള്‍ ആലപിച്ച് മുന്നില്‍ നീങ്ങി. എഴുന്നള്ളിയ ഗുരുവായൂരപ്പനെ ആയിരങ്ങള്‍ നമസ്‌കരിച്ചു. നെയ്യില്‍ തെളിയുന്ന അഷ്ടമിവിളക്കാണ് ശനിയാഴ്ച. പുളിക്കീഴെ വാരിയത്തുകാരുടേതാണ് അഷ്ടമിവിളക്ക്. രാത്രി വിളക്കെഴുന്നള്ളിപ്പിന് വിശേഷസ്വര്‍ണ്ണക്കോലം എഴുന്നള്ളിക്കും. ഏകാദശി കഴിയുന്നതുവരെ വിളക്കിന് ഇനി സ്വര്‍ണ്ണക്കോലത്തിലാണ് ഗുരുവായൂരപ്പന്റെ എഴുന്നള്ളത്ത്. അഷ്ടമിവിളക്കിന് മൂന്നുനേരം മേളത്തോടെ എഴുന്നള്ളിപ്പ് നടക്കും. ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടിമാരാര്‍ മേളം നയിക്കും. സന്ധ്യയ്ക്ക് ചെര്‍പ്പുളശ്ശേരി ജയ-വിജയന്മാരുടെ ഇരട്ടത്തായമ്പക ഉണ്ടാകും.
ഞായറാഴ്ച നവമി നെയ്വിളക്ക് ആഘോഷിക്കും. 120 വര്‍ഷത്തിലേറെയായി കൊളാടി കുടുംബം നടത്തുന്ന നവമിവിളക്കിന് ഇപ്പോള്‍ നേതൃത്വം കാരണവരായ ഡോ. ജയകൃഷ്ണനാണ്. നവമിവിളക്കിന് രാത്രി ഗുരുവായൂരപ്പന്‍ എഴുന്നള്ളിയാല്‍ ശ്രീകോവില്‍ അടയ്ക്കില്ല.
No comments:
Post a Comment