!!! ഓം സ്വാമിയേ ശരണം അയ്യപ്പാ !!!
ശബരിമലശ്രീലകം തുറന്നു; മണ്ഡലകാലത്തിന് ശുഭാരംഭം...
ശബരിമല: നാല്പത്തിയൊന്ന് നാള്‍ നീളുന്ന മണ്ഡലപൂജ ഉത്സവത്തിന് തുടക്കംകുറിച്ച് ശബരിമലനട തുറന്നു. ശരണം വിളികളുമായി തൊഴുകൈകളോടെ കാത്തുനിന്ന ഭക്തര്‍ക്ക് ഭസ്മാഭിഷിക്തനായ അയ്യപ്പരൂപം നിര്‍വൃതിയേകി.
തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍.നാരായണന്‍ നമ്പൂതിരി നടതുറന്ന് ഭക്തജനസാന്നിധ്യം അറിയിച്ചു. തുടര്‍ന്ന് ശ്രീകോവിലില്‍നിന്നുപകര്‍ന്ന ദീപവുമായി മേല്‍ശാന്തി പതിനെട്ടാംപടിയിറങ്ങി താഴെ തിരുമുറ്റത്തെ ആഴി ജ്വലിപ്പിച്ചു. പിന്നീട് നിയുക്ത ശബരിമല മേല്‍ശാന്തി കൃഷ്ണദാസ് നമ്പൂതിരി, നിയുക്ത മാളികപ്പുറം മേല്‍ശാന്തി എസ്.കേശവന്‍ നമ്പൂതിരി എന്നിവരാണ് ആദ്യം ഇരുമുടിക്കെട്ടുമായി പടിചവിട്ടി എത്തി അയ്യപ്പനെ തൊഴുതത്. തുടര്‍ന്ന് അയ്യപ്പന്‍മാരെ പടി കയറ്റിവിട്ടു. അതോടെ സന്നിധാനം ശരണാരവങ്ങളിലമര്‍ന്നു.
രാത്രി ഏഴുമണിയോടെ സന്നിധാനത്തും മാളികപ്പുറത്തും പുതിയ മേല്‍ശാന്തിമാരുടെ അവരോധച്ചടങ്ങ് നടന്നു. ഞായറാഴ്ച പ്രത്യേക പൂജകളൊന്നും ഉണ്ടായിരുന്നില്ല. നെയ്യഭിഷേകമടക്കമുള്ള പതിവുപൂജകള്‍ തിങ്കളാഴ്ച തൂടങ്ങും.
തീര്‍ഥാടനത്തിന്റെ തുടക്കത്തില്‍ത്തന്നെ സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്കായിരുന്നു. നട തുറന്നപ്പോള്‍ ക്യൂവിന്റെനീളം ശരംകുത്തിവരെയുണ്ടായിരുന്നു. തെളിഞ്ഞ കാലാവസ്ഥയായിരുന്നു സന്നിധാനത്ത് . മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക ദര്‍ശനസംവിധാനം പുതുമയായി. ഇതിനായി തിരുമുറ്റത്ത് പ്രത്യേക മേല്‍പ്പാലം സ്ഥാപിച്ചിരുന്നു. ഓണ്‍ലൈനില്‍ അപ്പം, അരവണ എന്നിവ ബുക്ക് ചെയ്ത് വാങ്ങാനുള്ള സൗകര്യവും ഉണ്ട്. അപ്പം, അരവണ, വിഭൂതി എന്നിവയടങ്ങിയ കിറ്റ് നല്‍കാന്‍ പ്രത്യേക കൗണ്ടറും തുറന്നു.
No comments:
Post a Comment