Thursday, November 27, 2014

ശബരിമലയില്‍ ഓണ്‍ലൈനായി ബുക്കുചെയ്യാവുന്ന മുറികളുടെ എണ്ണം കുറച്ചു...

ശബരിമലയില്‍ ഓണ്‍ലൈനായി ബുക്കുചെയ്യാവുന്ന മുറികളുടെ എണ്ണം കുറച്ചു...

ശബരിമല: ഓണ്‍ലൈന്‍ ബുക്കിങ്വഴി വാടകയ്ക്കുനല്‍കുന്ന മുറികളുടെ എണ്ണം പകുതിയിലധികമായി ചുരുക്കി. ഓണ്‍ലൈന്‍ ബുക്കിങ്ങിന് കൂടുതല്‍ മുറികള്‍ മാറ്റിവച്ചതോടെ കെട്ടിടങ്ങള്‍ നിര്‍മിച്ചുനല്‍കിയവര്‍ക്കുപോലും മുറികള്‍ നല്‍കാന്‍ കഴിയാത്തതിനാലാണിത്.
അറുനൂറ്റഞ്ചു മുറിയാണ് സന്നിധാനത്ത് അയ്യപ്പഭക്തര്‍ക്ക് വാടകയ്ക്കു നല്‍കുന്നത്. ഇവയെല്ലാം, ഭക്തര്‍ അവര്‍ക്കുകൂടി താമസിക്കാന്‍ നല്‍കണമെന്ന വ്യവസ്ഥയില്‍ നിര്‍മിച്ച് ദേവസ്വംബോര്‍ഡിനു നല്‍കിയതാണ്. 605 മുറിയില്‍ 135 എണ്ണം ശബരിമലസേവനത്തിനെത്തിയ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരുടെ താമസത്തിനായി വിട്ടുകൊടുത്തിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ വിട്ടുകൊടുത്ത മുറികളുടെ എണ്ണം പരിഗണിക്കാതെ ആകെയുള്ള 605 മുറിയുടെ 25 ശതമാനം ഓണ്‍ലൈന്‍ ബുക്കിങ്ങിനായി മാറ്റി.
മേലില്‍ 100 മുറി മാത്രമേ ഇങ്ങനെ നല്‍കൂ. എന്നാല്‍ ഇതിനകം മുറികള്‍ ബുക്കുചെയ്തിട്ടുള്ളവര്‍ക്ക് കിട്ടും. 228 മുറിയാണ് ഇതിനകം ബുക്കിങ് അനുവദിച്ചിട്ടുള്ളത്. ഓണ്‍ലൈന്‍ ബുക്കിങ് ആഴ്ചകള്‍ക്കുമുമ്പുതന്നെ പൂര്‍ണമായി നിറഞ്ഞു. ഇതിനാല്‍ മുറി നിര്‍മിച്ചുനല്‍കിയവരും അവരുടെ അനുവാദത്തോടെ പാസ്സുമായി വരുന്നവര്‍ക്കും മുറി കൊടുക്കാനില്ലാതായി.
സന്നിധാനത്ത് മുറി നിര്‍മിച്ചുനല്‍കിയവര്‍ക്ക് വര്‍ഷം അഞ്ചുതവണ സൗജന്യമായി താമസിക്കാം. മണ്ഡലകാലത്ത് രണ്ടുദിവസം, മകരവിളക്കുസമയത്ത് രണ്ടുദിവസം, വിഷുവിന് ഒരുദിവസം എന്നാണ് കണക്ക്. പത്തുദിവസം ഡോണര്‍ നിര്‍ദേശിക്കുന്നവര്‍ക്കും മുറി വിട്ടുനല്‍കണം. ഇത് സൗജന്യമല്ല; ദേവസ്വംബോര്‍ഡ് നിശ്ചയിച്ചിരിക്കുന്ന വാടക നല്‍കണം.

No comments:

Post a Comment