Saturday, November 22, 2014

ശബരിമലയില്‍ ആന്ധ്ര, തമിഴ് സംഘങ്ങളുടെ അന്നദാനം നിരുത്സാഹപ്പെടുത്തുന്നു...

ശബരിമലയില്‍ ആന്ധ്ര, തമിഴ് സംഘങ്ങളുടെ അന്നദാനം നിരുത്സാഹപ്പെടുത്തുന്നു...

ശബരിമല: ശബരിമലയില്‍ അന്നദാനത്തെ ദേവസ്വംബോര്‍ഡ് നിരുത്സാഹപ്പെടുത്തുന്നു. ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍നിന്നുള്ള അന്നദാനസംഘങ്ങള്‍ക്കാണ്, ദേവസ്വത്തിന്റെ നിസ്സഹകരണംകാരണം അന്നദാനം തുടങ്ങാനാവാത്തത്. അയ്യപ്പഭക്തരില്‍ 60 ശതമാനവും ഈ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണെന്നുപോലും കണക്കിലെടുക്കാതെയാണ് ഈ അവഗണന.
ജനവരി 10, 11, 12, 13, 14 എന്നീ ദിവസങ്ങളില്‍ ഒരുലക്ഷം രൂപയും ബാക്കി എല്ലാദിവസവും 10,000 രൂപയും ദേവസ്വത്തിന് അടയ്ക്കണമെന്ന ഉത്തരവാണ് എല്ലാവര്‍ക്കും വിനയായത്. അന്നദാനത്തിനുള്ള സന്നാഹങ്ങളുമായി മണ്ഡലാരംഭത്തില്‍ പമ്പയിലും സന്നിധാനത്തും എത്തിയ സംഘങ്ങള്‍ ഈ സീസണിലെ ഒരു ദയനീയകാഴ്ചയാണ്.
ആന്ധ്രയിലെ കാക്കിനഡ ശ്രീ അയ്യപ്പസ്വാമി അന്നദാനസേവാസമിതി, കോയമ്പത്തൂര്‍ ശ്രീ പമ്പ വിഘ്‌നേശ്വര സദ്യാലയട്രസ്റ്റ് എന്നിവയുടെ പ്രവര്‍ത്തകര്‍ അപേക്ഷകളുമായി ദേവസ്വം ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. കാക്കിനഡയിലെ സംഘം 26 കൊല്ലമായി സന്നിധാനത്തും കോയമ്പത്തൂര്‍ സംഘം 40 കൊല്ലമായി പമ്പയിലും അന്നദാനം നടത്തുന്നവരാണ്. ദേവസ്വത്തിന്റെ പുതിയ ഉത്തരവുപ്രകാരം 12 ലക്ഷത്തോളം രൂപയാണ് ഇവര്‍ അടയ്‌ക്കേണ്ടിവരിക. ഇത്രയുംതുക വലിയ പ്രഹരമാണെന്ന് ഇവര്‍ പറയുന്നു. 35 ടണ്‍ അരി അന്നദാനത്തിനു ശേഖരിച്ചത് കാക്കിനഡയില്‍ ഇരിക്കുകയാണെന്ന് അയ്യപ്പസ്വാമി അന്നദാനസേവാസമിതി പ്രസിസഡന്റ് ജെ.റാംമോഹന്‍ റാവു പറഞ്ഞു. ഒരുലോറി നിറയെ സാധനം സന്നിധാനത്ത് എത്തിക്കാന്‍ 10,000 രൂപ വണ്ടിക്കൂലിയിനത്തില്‍ മാത്രം ചെലവാകും.
ചെയ്യുന്ന കാര്യങ്ങള്‍ വെബ്‌സൈറ്റില്‍ ആന്ധ്രസംഘം വിവരിക്കുന്നുണ്ട്. www.sasass.net ഇതാണ് വിലാസം.
കോയമ്പത്തൂര്‍ സ്വാമി എന്നപേരില്‍ പ്രസിദ്ധനാണ് പമ്പ വിഘ്‌നേശ്വര സദ്യാലയട്രസ്റ്റിന്റെ സ്ഥാപകന്‍ എന്‍.വൈദ്യനാഥന്‍. പമ്പ ഗണപതിക്കോവിലിനടുത്താണ് 40 വര്‍ഷമായി ഇവര്‍ അന്നദാനം നടത്തുന്നത്. വൃശ്ചികം ഒന്നിനുതന്നെ എല്ലാ സജ്ജീകരണങ്ങളും ജോലിക്കാരുമായി ഇവര്‍ എത്തി. എന്നാല്‍ അന്നദാനം അനുവദിക്കണമെന്ന അപേക്ഷയുമായി എന്നും ദേവസ്വം ഉദ്യോഗസ്ഥരെ കാണുകയാണ് ഇവരുടെ ജോലി. വിഷുവും ഉത്സവവും അടക്കം വര്‍ഷം 80 ദിവസം അന്നദാനം നടത്തുന്നവരാണിവര്‍.
ആന്ധ്രയില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നും നൂറുകണക്കിന് ഭക്തര്‍ മുന്‍കൊല്ലങ്ങളിലെ ഓര്‍മവെച്ച് അന്നദാനകേന്ദ്രങ്ങളിലെത്തി നിരാശരായി മടങ്ങുകയാണ്.
അന്നദാനനിബന്ധനകള്‍ ഏര്‍പ്പെടുത്തിയതിനെപ്പറ്റി ദേവസ്വം തൃപ്തികരമായ വിശദീകരണം നല്‍കുന്നില്ല. പുറമെയുള്ള അന്നദാനങ്ങള്‍ ദേവസ്വത്തിന്റെ അന്നദാനഫണ്ടിലേക്കുള്ള വരുമാനം കുറയ്ക്കുന്നു എന്നാണ് ഒരു വാദം. 24 മണിക്കൂറും ദേവസ്വത്തിന്റെ അന്നദാനമില്ല. കേരളഭക്ഷണമാണ് നല്‍കുന്നതും. തമിഴ്, ആന്ധ്ര സംഘങ്ങളെ അന്നദാനത്തില്‍നിന്ന് അകറ്റുന്നത് പൊതുവെ സംശയത്തിനിടയാക്കിയിട്ടുണ്ട്. പാണ്ടിത്താവളത്തെ ഒരു ഹോട്ടല്‍ ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക എന്നൊക്കെ എഴുതിയ വലിയ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

No comments:

Post a Comment