Saturday, November 22, 2014

ഇടയ്ക്ക, നാഗസ്വര പ്രദക്ഷിണം വിളക്കിന്റെ മഹത്വം...

ഇടയ്ക്ക, നാഗസ്വര പ്രദക്ഷിണം വിളക്കിന്റെ മഹത്വം...

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ വിളക്കാചാരം ഏറെ ശ്രേഷ്ഠമാണ്. ഭക്തിയുടെ പാരമ്യത്തിലേയ്‌ക്കെത്തിയ്ക്കുന്ന അമൂല്യനിമിഷങ്ങള്‍. രാത്രി വിളക്കെഴുന്നള്ളിപ്പിന് പുരാതനകാലം മുതല്‍ ചില ചിട്ടവട്ടങ്ങളുണ്ട്. അഞ്ച് പ്രദക്ഷിണം വേണം. ഇതില്‍ നാലാമത്തെ പ്രദക്ഷിണമാണ് ഏറെ ആകര്‍ഷകം.
ആനപ്പുറത്ത് ഗുരുവായൂരപ്പന്‍ മൂന്ന് പ്രദക്ഷിണം കഴിഞ്ഞ് കൊടിമരച്ചുവട്ടില്‍ എത്തിയാല്‍ ക്ഷേത്രം അടിയന്തിര മാരാര്‍ ഇടയ്ക്കയില്‍ താളമിട്ട് ഭഗവാനുമുന്നില്‍ വിഷ്ണുവിനെ സ്തുതിയ്ക്കും. ചേങ്ങലനാദവും ഉയരും. സോപാനശൈലിയിലാണ് വിഷ്ണുസ്തുതി. തുടര്‍ന്ന് ഇടയ്ക്കയില്‍ കാലമിട്ടാല്‍ നാഗസ്വരക്കാരുടെ ഊഴമായി.
ഗംഭീരനാട്ടരാഗം നാഗസ്വരത്തില്‍ വായിക്കാന്‍ തുടങ്ങുന്നതോടെ ആയിരക്കണക്കിന് ദീപങ്ങള്‍ ജ്വലിക്കും. പ്രദക്ഷിണത്തിന് ഓരോ സ്ഥലത്തും ഇന്ന ഇന്ന രാഗം വായിക്കണമെന്ന് വ്യവസ്ഥയുണ്ട്. തെക്കേനടവരെ ഗംഭീരനാട്ടരാഗം തന്നെയാകും. വിശേഷദിവസങ്ങളില്‍ മല്ലാരിയും വായിക്കും. തെക്കേനടയില്‍ എത്തിയാല്‍ ഏതെങ്കിലും ഘനരാഗങ്ങള്‍ വിസ്തരിച്ച് വായിക്കും. ശങ്കരാഭരണം, തോടി, കല്യാണി, ഭൈരവി എന്നിവയില്‍ ഏതുമാവാം. തെക്കുപടിഞ്ഞാറെ മൂലയില്‍ എത്തിയാല്‍ മനോധര്‍മ്മസ്വരമാണ് വായിക്കുക.
വടക്കേനടയില്‍ ആദിശങ്കരന്‍ നിലംപതിച്ച സ്ഥാനത്തെത്തിയാല്‍ മിശ്രചാപ്പ് താളത്തില്‍ കീര്‍ത്തനം തുടങ്ങും. വടക്കേനടയുടെ മധ്യഭാഗത്ത് എത്തിയാല്‍ താളം മാറണം. രൂപകതാളത്തിലാകും കീര്‍ത്തനാലാപനം.
വടക്കുകിഴക്കേ മൂലയില്‍ ആദിതാളത്തില്‍ കീര്‍ത്തനം തുടങ്ങി പ്രദക്ഷിണം പൂര്‍ത്തിയാക്കും. അവസാനം കൊടിമരച്ചുവട്ടില്‍ സമാപിയ്ക്കുമ്പോള്‍ മധ്യമാവതിരാഗം തന്നെ വേണം. ഇടയ്ക്കകള്‍ സര്‍വ്വലഘുവില്‍ കലാശം കൊട്ടി സമര്‍പ്പിക്കും. നാഗസ്വരത്തിന് പക്കമേളമായി ഇടയ്ക്ക ഗുരുവായൂരിലെ പ്രത്യേകതയാണ്. ആചാര്യന്‍ കുട്ടിക്കൃഷ്ണന്‍ നായരും മകന്‍ മുരളിയും വടശ്ശേരി സേതുമാധവനും നാഗസ്വരത്തിന് നേതൃത്വം നല്‍കുമ്പോള്‍ ഗുരുവായൂര്‍ ശശിയും കൃഷ്ണകുമാറും ഗോപനുമാണ് ഇടയ്ക്കനിരയ്ക്ക് നേതൃത്വം നല്‍കുന്നത്.
അഞ്ചാമത്തെ പ്രദക്ഷിണത്തിന് മേളമാകും അകമ്പടി. പ്രദക്ഷിണം കഴിഞ്ഞാല്‍ ഇറക്കി എഴുന്നള്ളിക്കുന്നതിനുമുമ്പ് വിളക്ക് വഴിപാടുകാരന്‍ ചേങ്ങലയില്‍ നടയ്ക്കല്‍പ്പണം സമര്‍പ്പിയ്ക്കണം. പരിചാരകന്മാര്‍ക്ക് ദക്ഷിണ സമര്‍പ്പിച്ചാലേ ഭഗവാന്‍ ആനപ്പുറത്തുനിന്ന് ഇറങ്ങൂ എന്നാണ് സങ്കല്പം.

No comments:

Post a Comment