ശബരിമല റോഡുകളുടെ പണി സീസണ് മുന്‍പ് പൂര്‍ത്തിയാക്കണം -ഹൈക്കോടതി...
കൊച്ചി: മണ്ഡലം-മകരവിളക്ക് കാലത്തിന് മുന്‍പ് ശബരിമല റോഡുകളുടെ പണി പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കി. ചീഫ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വ്യക്തിപരമായി ഇക്കാര്യത്തിന്റെ മേല്‍നോട്ടം വഹിക്കണമെന്നും ജസ്റ്റിസ് ടി.ആര്‍. രാമചന്ദ്രന്‍ നായരും ജസ്റ്റിസ് പി.വി. ആശയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
റോഡുകളുടെ പണി 90 ശതമാനവും തീര്‍ന്നെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പമ്പയിലേക്കുള്ള 53 കിലോമീറ്റര്‍ റോഡ് അഞ്ച് വര്‍ഷത്തെ ഗ്യാരണ്ടിയോടെയാണ് നിര്‍മിച്ചത്. ഇതുള്‍പ്പെടെ ശബരിമലയിലേക്കുള്ള 17 റോഡുകളുടെ പണിയാണ് തീര്‍ന്നിട്ടുള്ളതെന്ന് പൊതുമരാമത്ത് വകുപ്പിന് വേണ്ടി സ്‌പെഷല്‍ ഗവ. പ്ലീഡര്‍ പി.എം.എ. കലാം ബോധിപ്പിച്ചു.
അതില്‍ 16 എണ്ണവും പൊതുമരാമത്ത് വകുപ്പാണ് നന്നാക്കിയിട്ടുള്ളത്. ഒന്ന് ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ്. റോഡരികില്‍ അനധികൃത പാര്‍ക്കിങ്, ഗതാഗത തടസ്സമുണ്ടാക്കിയാല്‍ പോലീസ് നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. നവംബര്‍ 11-ന് വിവിധ വകുപ്പുകളുടെയും ദേവസ്വത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രതിനിധികളുടെ യോഗം ചേര്‍ന്ന് തീര്‍ഥാടന കാലത്തേക്കുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി.
യോഗത്തിന് ശേഷം, റോഡുകളുടെ പണിക്കായി 19.99 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ആര്‍. ശ്രീകലാദേവി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ശബരിമല തീര്‍ഥാടകരെത്തുന്ന റോഡുകള്‍ നന്നാക്കാനായി ഇത് 14 ജില്ലകളിലെ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ക്കായാണ് നല്‍കിയിട്ടുള്ളത്. ഇതിനു മുമ്പ് സപ്തംബര്‍ 25-ന് 31.4 കോടി രൂപയും അനുവദിച്ചിരുന്നു.
പമ്പയിലേക്കുള്ള റോഡരികില്‍ വാഹനങ്ങള്‍ മറിയുന്നത് തടയാനായി സംരക്ഷണവേലി വൈകാതെ വയ്ക്കും. റോഡരികിലെ കാട് വെട്ടലും അടയാള സൂചികകള്‍ വയ്ക്കലും പൂര്‍ത്തിയായിട്ടുണ്ടെന്നും വിശദീകരണത്തില്‍ പറയുന്നു.
No comments:
Post a Comment