Monday, November 17, 2014

ശബരിമല തീര്‍ത്ഥാടനം എങ്ങനെ...?

ശബരിമല തീര്‍ത്ഥാടനം എങ്ങനെ...?

ശബരിമല അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രത്തിന്റെ പദവിയിലേയ്ക്കുയര്‍ന്നു കഴിഞ്ഞു. കോടിക്കണക്കിന് അയ്യപ്പഭക്തരാണ് ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നും വര്‍ഷംതോറും ശബരിമലയിലെത്തി അയ്യപ്പസ്വാമിയെ തൊഴുതുമടങ്ങുന്നത്. എന്നാല്‍ ആചാര അനുഷ്ടാനങ്ങളോടെ, വൃതശുദ്ധിയോടെ അനുശാസനകളനുസരിച്ച് തീര്‍ത്ഥാടനം നടത്തുന്നവര്‍ വിരളമാണ്. പരമ്പരാഗത-താന്ത്രിക-ആചാര അനുഷ്ടാനങ്ങളോടെ ശബരിമല ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള വഴികാട്ടിയാണ് ഈ ലേഖനം.
മനസ്സിലായാലും പ്രകൃതിയിലായാലും ശരീരത്തിലായാലും കന്മഷ വര്‍ദ്ധന കാലികമായി സംഭവിച്ചുകൊണ്ടേയിരിക്കും. മനസ്സില്‍നിന്നും ശരീരത്തില്‍നിന്നും ദുഷ്‌ട് ഒഴിച്ചുകളയുവാന്‍ ഏറ്റവും അനുയോജ്യമായ കാലം ദേശദേശാന്തരങ്ങളില്‍ പലതരത്തിലുണ്ട്‌. ഇത്തരത്തിലുളള മാനസിക ശാരീരിക സ്‌ഫുടക്രിയ നടത്തുവാന്‍ തെക്കേയിന്ത്യയില്‍; പ്രത്യേകിച്ച്‌ കേരളത്തില്‍ അനുകൂലമായ കാലം സമശീതോഷ്‌ണ വാതാവരണമുളള വൃശ്‌ചികം-ധനുമാസങ്ങളാണ്‌. ഇത്‌ കലികാലമാകയാലും കലികാല മഥനത്തിന്‌ യോഗ്യനും യോജ്യനും പ്രപഞ്ചശാസിതാവായ ശാസ്‌താവാകയാലും പുരാതനകാലംതൊട്ടേ വൃശ്‌ചികം ധനുമാസങ്ങളില്‍ വ്രതമെടുത്ത്‌ ശാസ്‌താവിനെ ഭജിക്കുന്ന സമ്പ്രദായം കേരളത്തില്‍ നിലനിന്നിരുന്നു.
ഹൈന്ദവരില്‍ അവാന്തരവിഭാഗം വൈഷ്‌ണവര്‍, ശൈവര്‍, ശാക്‌തേയര്‍ എന്നിങ്ങനെയായിരുന്നു. വൈഷ്‌ണവര്‍ സാത്വികപൂജകളില്‍ അഥവാ ആരാധനകളില്‍ കടുകിട പിഴയ്‌ക്കാതെ അനുവര്‍ത്തിക്കുന്നവരും ശാക്‌തേയര്‍ മത്സ്യം മാംസം മദ്യമടക്കമുളളവ ഉപയോഗിച്ച്‌ താമസാരാധനാസമ്പ്രദായം പിന്തുടരുന്നവരുമായിരുന്നു. ഇവ രണ്ടിനും മദ്ധ്യത്തിലായിരുന്നു ശൈവര്‍. ഇവര്‍ക്കിടയിലൂടെ ബുദ്ധാചാരങ്ങളും ജൈനാചാരങ്ങളും വളര്‍ന്നുവരികയും ചെയ്‌തു.
കാലാന്തരത്തില്‍ കഠിനനിഷ്‌ക്കര്‍ഷയുളള വൈഷ്‌ണവത്തില്‍നിന്നും മോചനം ആഗ്രഹിച്ചവര്‍; ശാക്‌തേയരീതിയില്‍ വെറുപ്പുളവായവര്‍; ഒക്കെച്ചേര്‍ന്ന്‌ ശൈവാരാധനാ സമ്പ്രദായത്തിലെ നല്ല ഭാഗങ്ങളും പാഠങ്ങളും അടര്‍ത്തിയെടുത്തു. അതില്‍ സഹജീവികളോടുള്ള സഹാനുഭൂതി നിറഞ്ഞ ബൗദ്ധികചിട്ടകളും സംഘം ചേര്‍ന്നു ളള ആരാധനാ രീതിയുടെ ഗുണവശങ്ങളും ഇണക്കി-വിളക്കിച്ചേര്‍ത്തുണ്ടാക്കിയ സങ്കല്‍പ്പമാണ്‌ ശാസ്‌താ ഭജനത്തിന്റെ അടിത്തറ. ഇവിടെ പണ്ഡിത-പാമര- കുചേല- കുബേര ഭേദമില്ല. പുരോഹിതനും ഭക്‌തനും തമ്മില്‍ തൊട്ടുകൂടായ്‌മയോ വിലക്കുകളോ ഇല്ല. ഭഗവാനും ഭക്‌തനും രണ്ടല്ലാത്ത അദ്വൈതാവസ്‌ഥ നിലനില്‍ക്കുന്ന സമ്പ്രദായമാണ്‌ ശാസ്‌താഭജനം.
അവില്‍പ്പൊതിയുമായെത്തുന്ന കുചേലന്‌ സ്വന്തം സിംഹാസനം പകുത്തുനല്‍കിയ ശ്രീകൃഷ്‌ണപരമാത്മാവിനെയും ഉഗ്രതപസ്സിനാല്‍ ശിവനെ പ്രീതനാക്കിയ ശൈലപുത്രിക്ക്‌ പാതിദേഹം തന്നെ നല്‍കിയ ശിവപ്പെരുമാളിനെയും സര്‍വ്വരോഗ ഭിഷഗ്വരനായ ധന്വന്തരീ മൂര്‍ത്തിയേയും മഹാമൃത്യുഞ്‌ജയനേയും സര്‍വ്വവിദ്യാഗുരുവായ ശ്രീദക്ഷിണാ മൂര്‍ത്തിയേയും ശാസ്‌താവില്‍ ദര്‍ശിക്കാം.
അനാചാരങ്ങളുടെ തമോഗര്‍ത്തത്തില്‍പ്പെട്ടുപോയ കേരള ജനതയെ മാനസികമായി ഉദ്‌ബുദ്ധരാക്കുവാന്‍ പൂര്‍വ്വസൂരികള്‍ തയ്യാറാക്കിയ ചിട്ടയായിരുന്നു 41 ദിവസം നീളുന്ന മണ്ഡലവ്രതം എന്നുവേണമെങ്കില്‍ പറയാം. വ്രതശുദ്ധിയോടെ ആചരിച്ച്‌ ആരാധിക്കേണ്ടതാണ്‌. വൈഷ്‌ണവ-ശൈവ-ശാക്‌തേയര്‍ക്ക്‌ ഒരുപോലെ സ്വീകാര്യനായ ശാസ്‌താവിനെയും.
ശാസ്‌താക്ഷേത്രങ്ങള്‍ കേരളത്തിലുടനീളമുണ്ടെങ്കിലും അവയില്‍ പ്രാമുഖ്യം ശാസ്‌താവ്‌ ധ്യാനനിമഗ്നനായിരിക്കുന്ന ശബരിമലയ്‌ക്കു തന്നെയാണ്‌. വ്രതശുദ്ധിയോടെയുളള ശബരിമലയാത്രയുടെ ചിട്ടവട്ടങ്ങളെപ്പറ്റി കൃത്യതയോടെ പ്രതിപാദിക്കുന്ന പല കൃതികളുണ്ടെങ്കിലും അവയില്‍ പഴക്കംകൊണ്ടും ആഖ്യാനരീതികൊണ്ടും ശ്രദ്ധേയമായത്‌ ''ശ്രീഭൂതനാഥോപാഖ്യാനം'' എന്ന ഗ്രന്ഥമാണ്‌. പ്രസ്‌തുതഗ്രന്ഥത്തില്‍പ്പറയുന്ന ശബരിമല യാത്രാരീതിയും കൊല്ലവര്‍ഷം 1126-ല്‍ പ്രസിദ്ധീകൃതമായ 'പരമപൂജനീയ ശ്രീമദ്‌യോഗി ബാലദണ്ഡായുധ പാണിസ്വാമികള്‍' വിരചിച്ച ശ്രീ മഹാശാസ്‌തുഃ പൂജാകല്‌പം എന്ന ഗ്രന്ഥവും അവലംബിച്ചാണ്‌ ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്‌.
മണ്ഡലവ്രതം
'പക്ഷത്രയ' വ്രതമാണ്‌ ശബരിമലയാത്രയ്‌ക്കുവേണ്ടത്‌. പക്ഷം എന്നാല്‍ പതിനാലു ദിവസം. പക്ഷത്രയമെന്നാല്‍ 42 ദിവസം. 41 ദിവസം വ്രതവും 42-ാമതു ദിവസം ദര്‍ശനവും. വ്രതാരംഭത്തിനും ഒരു വാരം മുമ്പേ വ്രതാനുഷ്‌ഠാനത്തിനായി ശരീരത്തിനെയും മനസ്സിനെയും പരിപക്വമാക്കണം. വ്രതാരംഭദിനത്തില്‍ മാലധരിക്കണം. ഇതിന്‌ മാല എന്നതിനേക്കാള്‍ അയ്യപ്പമുദ്ര, വനമുദ്ര എന്നു പറയുന്നതാണ്‌ ശരി. 54 അല്ലെങ്കില്‍ 108 മണിയുളള മാലയും അതില്‍ അയ്യപ്പരൂപവും (ലോക്കറ്റ്‌) ചേര്‍ന്നാല്‍ അയ്യപ്പമുദ്രയായി. എരുക്കിന്റെ മാലയ്‌ക്ക് നൂറു കൃശ്‌ചറ ഫലം (പ്രയാസപ്പെട്ട്‌ നേടേണ്ട ഫലം) ഉണ്ടത്രെ! ശംഖുമാലയ്‌ക്ക് ആയിരം, പവിഴമാലയ്‌ക്ക് ആറായിരം, സ്‌ഫടികമാലയ്‌ക്ക് പതിനായിരവും മുത്തുമാലയ്‌ക്ക് ഒരുലക്ഷവും തുളസിമാലയ്‌ക്ക് പത്തുലക്ഷവും താമരക്കായകൊണ്ടുളള മാലയ്‌ക്ക് ഒരുകോടിയും ദര്‍ഭച്ചുവട്‌ കൊണ്ടുളള മാലയ്‌ക്ക് പത്തുകോടിയും കൃശ്‌ചറഫലമുണ്ടെന്നാണ്‌ വിവക്ഷ. രുദ്രാക്ഷമാലയുടെ ഫലം മുനിമാര്‍ക്കുപോലും പറയാനാവില്ലത്രെ!
മാലധാരണം
മാല ധരിക്കുന്നതിന്‌ ഏതു ദിവസവും അനുയോജ്യമാണെങ്കിലും ശനിയാഴ്‌ചയും ഉത്രവും അതിവിശേഷമാണ്‌. ശാസ്‌താക്ഷേത്രത്തില്‍ പൂജിച്ചമാല ഗുരുവിന്‌ ദക്ഷിണ നല്‍കി നമസ്‌ക്കരിച്ചുവാങ്ങി ധരിക്കണം.
മാലയിടുമ്പോള്‍ ഇനിപ്പറയുന്നമന്ത്രം ചൊല്ലണം
ജ്‌ഞാനമുദ്രാം ശാസ്‌തൃമുദ്രാം ഗുരുമുദ്രാം നമാമ്യഹം
വനമുദ്രാം ശുദ്ധമുദ്രാം രുദ്രമുദ്രാം നമാമ്യഹം
ശാന്തമുദ്രാം സത്യമുദ്രാം വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമസത്യേന മുദ്രാം പാതുസദാപിമേ
ഗുരുദക്ഷിണയാപൂര്‍വ്വം തസ്യാനുഗ്രഹകാരിണേ
ശരണാഗതമുദ്രാഖ്യം ത്വന്മുദ്രാം ധാരയാമ്യഹം
ചിന്മുദ്രാം ഖേചരിമുദ്രാം ഭദ്രമുദ്രാം നമാമ്യഹം
ശബര്യാചല മുദ്രായൈഃ നമസ്‌തുഭ്യം നമോനമഃ
ഈ മന്ത്രം ഗുരു ചൊല്ലിത്തന്നു ചൊല്ലണം എന്നതാണ്‌ വിധി.
മാലയിട്ടു കഴിഞ്ഞുളള ആചാരവിധി
മാലയിട്ടാല്‍ ഭക്‌തന്‍ ദിവസവും പ്രഭാതസന്ധ്യയ്‌ക്കും സായംസന്ധ്യയ്‌ക്കും ശരണം വിളിക്കണം. ബ്രഹ്‌മചര്യവ്രതം അനുഷ്‌ഠിക്കണം. ശുദ്ധാന്നം ഭക്ഷിക്കണം. മിതമായും ഹിതമായും സത്യമായും സംസാരിക്കണം. എല്ലാ പ്രവൃത്തികളും ദൈവവിശ്വാസത്തോടും കൃത്യനിഷ്‌ഠയോടും കൂടി ചെയ്യണം. കാണുന്ന സകലജീവികളും ഭഗവാനാണെന്ന്‌ സങ്കല്‍പ്പിച്ച്‌ ആരാധിക്കണം, ബഹുമാനിക്കണം. അയ്യപ്പന്മാരുടെ ഏതു സംഘത്തിലും കൂടാം, ആഴി, പടുക്കപൂജ എന്നിവയില്‍ പങ്കെടുക്കാം. യഥാശക്‌തി അന്നദാനം നടത്താം.
ശരണം വിളി
ആത്മശോധനയ്‌ക്കുളള പ്രാണായാമത്തില്‍ അധിഷ്‌ഠിതമാണ്‌ ശരണംവിളി. മനുഷ്യശ്വാസം 12 അംഗുലം നീളത്തില്‍ സ്വാമിയേ... എന്ന നീളത്തില്‍ ശരണം വിളിച്ച്‌ 9 അംഗുലം നീളത്തില്‍ ശരണമയ്യപ്പായെന്ന്‌ ഉളളിലേക്ക്‌ ശ്വാസമെടുക്കണം.
ഈ ശരണംവിളി ഉളളിലടിഞ്ഞുകൂടിയ കാമക്രോധ ലോഭമോഹമദമാത്സര്യങ്ങള്‍, അന്തഃപിശാചുക്കള്‍, രോഗബീജങ്ങള്‍, എന്നിവയെ അകറ്റി ഭക്‌തനെ അരോഗദൃഢഗാത്രനും മലകയറ്റത്തിന്‌ പ്രാപ്‌തനുമാക്കിത്തീര്‍ക്കുന്നു. ഇപ്രകാരം 108 ശരണം വിളിക്കണമെന്നതാണ്‌ വിധി.
108 ശരണം വിളിച്ചു കഴിഞ്ഞാല്‍ ഹരിഹരസുതനയ്യനയ്യപ്പസ്വാമിയേ ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ എന്നു വിളിച്ചുനിര്‍ത്തുക. ശരണംവിളി ഹൃദയംകൊണ്ട്‌ വേണം എന്നതാണ്‌ ആചാര്യവിധി.

!!!! സ്വാമിയേ ശരണമയ്യപ്പാ !!!!

No comments:

Post a Comment