Friday, November 7, 2014

തുളസി : ലാമിയേസി (Lamiaceae) ശാ.നാ. ഒസിമം സാങ്റ്റം (Ocimum sanctum).

(ഒരു വീട്ടില്‍ ഒരു തുളസിയെങ്കിലും വച്ച് പിടിപ്പിക്കുക)

ലാമിയേസി (Lamiaceae) സസ്യകുടുംബത്തിൽപ്പെടുന്ന ഔഷധസസ്യം. ശാ.നാ. ഒസിമം സാങ്റ്റം (Ocimum sanctum). സംസ്കൃതത്തിൽ മാൻജരി, കൃഷ്ണതുളസി, സുരസാ, ഗ്രാമ്യാ, സുരഭി, ബഹുമഞ്ജരി, ഭൂതഘ്നി എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇന്ത്യയിൽ എല്ലായിടങ്ങളിലും കണ്ടുവരുന്ന തുളസി ഔഷധസസ്യമായും പുണ്യസസ്യമായും വീട്ടുമുറ്റത്തും ക്ഷേത്രപരിസരത്തും നട്ടുവളർത്താറുണ്ട്. പരക്കെ അറിയപ്പെടുന്ന വാസനയുള്ള സസ്യമാണ് തുളസി. തെക്കേ ഏഷ്യയിൽ ഇതൊരു ഔഷധ സസ്യമായി അറിയപ്പെടുന്നു. ചരകസംഹിതയിൽ പരാമർശമുള്ള തുളസി, പിരിമുറുക്കം കുറയ്ക്കാനുള്ള കഴിവുള്ള ഔഷധമാണ്‌. കറുത്ത തുളസിക്കും വെളുത്ത തുളസിക്കും യഥാക്രമം കൃഷ്ണതുളസിയെന്നും, രാമതുളസിയെന്നും പറയുന്നു. ഇതിൽ കൃഷ്ണതുളസിക്കാണ് ഔഷധഗുണം കൂടുതലുള്ളത്. ഒരു ആയുർവേദ ഔഷധം കൂടിയാണിത്.
ഭാരതത്തിലെ പല ആചാരങ്ങളിലും തുളസി ഉപയോഗിച്ചുവരുന്നു. പൂജകൾക്കും മാല കോർക്കാനും ഉപയോഗിക്കുന്ന ഇവ കേരളത്തിലെ മിക്ക ഹൈന്ദവ ഗൃഹങ്ങളിലും മുറ്റത്ത്‌ പ്രത്യേകമായി കെട്ടുന്ന തുളസിത്തറയിൽ നടാറുണ്ട് .

അര മീ. മുതൽ ഒരു മീ. വരെ ഉയരത്തിൽ തുളസി വളരും. സസ്യത്തിന്റെ തണ്ടുകൾക്ക് ഇരുണ്ട നീലയോ ഇളം പച്ചയോ നിറമാണ്. ധാരാളം ശാഖോപശാഖകളായി വളരുന്ന തുളസിയുടെ ഇലകൾ സമ്മുഖമായാണ് വിന്യസിച്ചിരിക്കുന്നത്. ഇലകൾക്ക് അഞ്ച് സെ.മീറ്ററോളം നീളം വരും; അരികുകൾ ദന്തുരമാണ്; ഇരുവശവും ലോമിലവും ഗ്രന്ഥികളോടു കൂടിയതുമാണ്. പുഷ്പമഞ്ജരിക്ക് ഒരു പ്രധാന തണ്ടും അതിൽ പർവങ്ങളും പർവസന്ധികളുമുണ്ടായിരിക്കും. പർവസന്ധികളിൽ സമ്മുഖവിന്യാസത്തിൽ ഓരോ ജോഡി സഹപത്രങ്ങൾ കാണപ്പെടുന്നു. സഹപത്രങ്ങളുടെ കക്ഷ്യത്തിൽ നിന്ന് മൂന്ന് പുഷ്പങ്ങൾ വീതം ഉണ്ടാകുന്നു. പുഷ്പങ്ങൾക്ക് ഇരുണ്ട നീലയോ പച്ചയോ നിറമായിരിക്കും. ദളങ്ങളും ബാഹ്യദളപുടങ്ങളും ദ്വിലേബിയമായി ക്രമീകരിച്ചിരിക്കുന്നു. നാല് കേസരങ്ങളുണ്ട്. വർത്തികാഗ്രം ദ്വിശാഖിതമാണ്. കായ് വളരെ ചെറുതാണ്. മഞ്ഞയോ ചുവപ്പോ ആണ് വിത്തുകളുടെ നിറം. സസ്യത്തിൽ പ്രത്യേക സുഗന്ധമുള്ള ധാരാളം എണ്ണ ഗ്രന്ഥികളുമുണ്ട്.

ചുമ, തൊണ്ടവേദന, ഉദരരോഗങ്ങൾ എന്നിവയെ ശമിപ്പിക്കുന്നു. കൃമിഹരമാണ്. ഇല ഇടിച്ചുപിഴിഞ്ഞ നീർ ചെവി വേദനയെ കുറയ്‌ക്കുന്നു. ത്വക്‌രോഗങ്ങളെ ശമിപ്പിക്കുന്നു. ജ്വരം ശമിപ്പിക്കുന്നു. രുചി വർദ്ധിപ്പിക്കുന്നു. തുളസിയില തണലത്തിട്ടുണക്കി പൊടിച്ച് നാസികാചൂർണമായി ഉപയോഗിച്ചാൽ ജലദോഷം, മൂക്കടപ്പ് എന്നിവയ്ക്ക് ശമനമുണ്ടാകും. തുളസിയില നീര് 10.മി.ലി. അത്രയും തേനും ചേർത്ത് ദിവസവും മൂന്ന് നേരം കുടിച്ചാൽ വസൂരിക്ക് ശമനമുണ്ടാകും. ഇലയും പൂവും ഔഷധയോഗ്യഭാഗങ്ങളാണ്. തുളസിയുടെ ഇല ,പൂവ്, മഞ്ഞൾ, തഴുതാമ എന്നിവ സമമെടുത്ത് അരച്ച് വിഷബാധയേറ്റ ഭാഗത്ത് പുരട്ടുകയും അതോടൊപ്പം 6 ഗ്രാംവീതം ദിവസം മൂന്ന് നേരം എന്നകണക്കിൽ 7 ദിവസം വരെ കഴിക്കുകയും ചെയ്താൽ വിഷം പൂർണമായും നശിക്കും. തുളസിയില കഷായം വെച്ച് പല തവണയായി കവിൾ കൊണ്ടാൽ വയ്നാറ്റം മാറും. തുളസിയില ഇടിച്ചു പിഴിഞ്ഞ് നീരിൽ കുരുമുളക് പൊടി ചേർത്ത് കഴിച്ചാൽ ജ്വരം ശമിക്കും. തുളസിയില തിരുമ്മി മണക്കുന്നതും തുളസിയിലയിട്ട് പുകയേല്ക്കുന്നതും പനി മറ്റുള്ളവരിലേക്ക് വരുന്നത് തടയാൻ സഹായിക്കും. തുളസിയില ഇട്ട് തിളപ്പിച്ചാറിയ വെള്ളം രണ്ട് തുള്ളി വീതം കണ്ണിലൊഴിച്ചാൽ ചെങ്കണ്ണ് മാറും. തുളസിയിലയും പാടക്കിഴങ്ങും ചേർത്തരച്ച് പുരട്ടിയാൽ മുഖക്കുരു മാറും. ചിലന്തിവിഷത്തിന് ഒരു സ്പൂൺ തുളസിനീരും ഒരു കഷ്ണം പച്ചമഞ്ഞളും കൂടി അരച്ചു പുരട്ടിയാൽ മതി. ചുമശമന ഔഷധങ്ങൾ‍, സോപ്പ്, ഷാംപൂ, സുഗന്ധദ്രവ്യങ്ങൾ എന്നിവയിൽ‍ തുളസി ഒരു ചേരുവയായും ഉപയോഗിക്കുന്നു[4].
തുളസിച്ചെടിയിൽ കർപ്പൂര സദൃശമായ ഒരിനം തൈലം അടങ്ങിയിരിക്കുന്നു. ഇത് 'ബാസിൽ കാംഫർ' എന്നറിയപ്പെടുന്നു. തുളസിച്ചെടി വളരെ ഔഷധഗുണമുള്ള സസ്യമാണ്. ഇത് ജ്വരത്തെ ശമിപ്പിക്കുകയും ഉദരകൃമികളെ നശിപ്പിക്കുകയും ചെയ്യുന്നു. തേൾവിഷം, ചിലന്തിവിഷം, പാമ്പുവിഷം തുടങ്ങിയവയ്ക്കെതിരെയുള്ള പ്രതിവിഷമായും ഇത് ഉപയോഗിക്കാറുണ്ട്. കഫത്തെ ഇളക്കുന്നതിനും മൂത്രം വർദ്ധിപ്പിക്കുന്നതിനും തുളസി ഉത്തമമാണ്. ത്വക്രോഗങ്ങൾക്ക് നല്ലൊരു ഔഷധമായും ഉപയോഗിക്കുന്നു.
തുളസി സമൂലമായോ ഇലയും പുഷ്പവും പ്രത്യേകമായോ ഔഷധമായുപയോഗിക്കുന്നു. തുളസിയില തണലത്തിട്ട് ഉണക്കിപ്പൊടിച്ച് നാസികാചൂർണമായി ഉപയോഗിക്കാം. ഇത് മൂക്കടപ്പും പീനസവും ശമിപ്പിക്കും. തുളസിനീരിൽ മഞ്ഞൾ അരച്ചു ചേർത്ത് കഴിക്കുകയും പുരട്ടുകയും ചെയ്താൽ ചിലന്തി വിഷബാധയ്ക്ക് ശമനമുണ്ടാകും.
മഞ്ഞപ്പിത്തം, മലേറിയ, വയറുകടി എന്നീ രോഗങ്ങളുടെ ശമനത്തിന് തുളസിയിലച്ചാറ് രാവിലെയും വൈകിട്ടും ഒരു സ്പൂൺ വീതം പതിവായി സേവിക്കുന്നത് ഗുണം ചെയ്യും. തുളസിയിലച്ചാറും അഞ്ച് മി.ലി. തേനും ചേർത്ത് പതിവായി മൂന്നു നേരം കഴിച്ചാൽ ജീർണകാസവും ജ്വരവും സുഖപ്പെടും. വസൂരി-ലഘുവസൂരിരോഗങ്ങൾക്കും ഇതു ഫലപ്രദമാണ്.

തുളസിച്ചെടി വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

തുളസിയ്ക്ക് സൂര്യപ്രകാശം ആവശ്യമെങ്കിലും നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന രീതിയില്‍ ഇത് നടരുത്. നേരിട്ടല്ലാതെ ലഭിക്കുന്ന സൂര്യപ്രകാശമാണ് തുളസി വളരാന്‍ കൂടുതല്‍ നല്ലത്. ധാരാളം വെള്ളവും തുളസി വളരുവാന്‍ അത്യാവശ്യമാണ്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് രണ്ടുമൂന്നു തവണയെങ്കിലും തുളിസിയ്ക്കു വെള്ളമൊഴിയ്ക്കുന്നത് നന്നായിരിക്കും. ജലാംശം നില നിര്‍ത്തുന്ന തരത്തിലുള്ള മണ്ണായിരിക്കും തുളസിയുടെ വളര്‍ച്ചയ്ക്ക് നല്ലത്. കറുത്ത മണ്ണും കളിമണ്ണും കലര്‍ത്തിയ മണ്ണാണ് തുളസി നട്ടുപിടിപ്പിക്കാന്‍ നല്ലത്. തുളസിയില്‍ ചെറിയ പൂക്കളുണ്ടാകും. ഇങ്ങിനെ വരുമ്പോള്‍ ഈ ഭാഗം വെട്ടിക്കളയുക. അല്ലെങ്കില്‍ ചെടിയുടെ വളര്‍ച്ച നിന്നു പോകും. ഒരുപാട് തുളസികള്‍ ഒരുമിച്ചു നടുന്നതും നല്ലതല്ല. ഇത് ഇവയുടെ വളര്‍ച്ച മുരടിക്കാനേ ഇട വരുത്തൂ. രണ്ടോ മൂന്നോ ചെടികളാകാം. ഇതിലും കൂടുതല്‍ ഒരുമിച്ചു നടരുത്. തുളസിയ്ക്ക് ഔഷധഗുണമുള്ളതു കൊണ്ട് ഇതില്‍ കീടനാശിനികള്‍ തളിയ്‌ക്കേണ്ട ആവശ്യം സാധാരണ ഗതിയില്‍ ഉണ്ടാകാറില്ല. ആവശ്യമെങ്കില്‍ നാടന്‍ രീതിയിലുള്ളവ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. അല്ലെങ്കില്‍ ഇത് തുളസിയുടെ ഗുണത്തെ തന്നെ ഇല്ലാതാക്കും.

തുളസിയുടെ ഇല, പൂവ്, കായ്, തടി എന്നുമാത്രമല്ല വേരുപോലും ഉപയോഗപ്രദമായ ഒന്നായിട്ടാണ് കണ്ടിരിക്കുന്നത്. മലേറിയ രോഗത്തെ നിരോധിക്കുന്നതിനു തുളസി ഒരു പറ്റിയ ഔഷധമാണ്. തുളസിയുടെ ഇല ജലദോഷത്തെ തടയുന്നതിനും, വേര് പനിയെ നിരോധിക്കുന്നതിനും നല്ലതാണ്. ആമാശയസംബന്ധമായുള്ള തകരാറുകള്‍ക്ക് തുളസിച്ചെടി ഉണക്കിപ്പെടിച്ച് ഉപയോഗിക്കാവുന്നതാണ്.

തുളസിതന്നെ മൂന്നു നാലിനങ്ങളുണ്ട്. അതില്‍ കൃഷ്ണവര്‍ണ്ണമുള്ളതാണ് ഏറ്റവും മെച്ചമായിട്ടുള്ളത്. തുളസി ഒരു ഔഷധം കൂടിയാണ്. മലിനവസ്തുക്കളുടെ മാലിന്യത്തെ മാറ്റുന്നതിനും ദുര്‍ഗന്ധത്തെ ഇല്ലായ്മചെയ്യുന്നതിനും തുളസി ഒരമൂല്യ വസ്തുവാണ്. യൂറോപ്യന്‍ സയന്റിസ്റ്റുകള്‍ പോലും തുളസിയുടെ ഗുണവിശേഷങ്ങളെ പരീക്ഷിച്ചു സമ്മതിച്ചുകഴിഞ്ഞിരിക്കുന്നു. തുളസിച്ചെടി നില്‍ക്കുന്ന സ്ഥലത്തെ വായു വളരെ പരിശുദ്ധമായിരിക്കുന്നതാണ്.

ശുദ്ധീകരണത്തിനായി പുരാതന യോഗികള്‍ തുളസിച്ചെടിയുമായിട്ടാണ് ശ്മശാനസ്ഥലത്തേക്കു പോകുന്നത്. മരിച്ച ശരീരത്തിലും തുളസിയില ഇടുന്നത് ഇന്നും സാധാരണമാണ്. തുളസിയില ഇട്ട വെള്ളം രോഗികള്‍ക്കു കുടിപ്പാന്‍ വളരെ വിശേഷപ്പെട്ട ഒരു പാനീയമാണ്.

തുളസിനീരു പാമ്പുവിഷത്തിനു കൈകണ്ട ഔഷധമാണ്. വിഷമുള്ള ജന്തുക്കള്‍ കടിച്ചാലുടന്‍ കുറെ തുളസിനീരെടുത്ത് കുടിക്കുകയും, കടിച്ച ഭാഗത്തു തുളസിയില ഞെരടി തിരുമുകയും ചെയ്താല്‍ വിഷശക്തി വര്‍ധിക്കാനിടയില്ല.

ഇടിയും മിന്നലും മൂലമൂണ്ടാകുന്ന ബോധക്ഷയത്തിനു തൂളസിനീരെടുത്തു ശരീരത്തില്‍ പൂശിയാല്‍ ക്ഷീണം മാറുന്നതാണ്.

രക്തദൂഷ്യത്തിനും, കുഷ്ഠരോഗലക്ഷണമുള്ളവര്‍ക്കും തുളസിയില അഞ്ചോ, ആറോ എണ്ണം ദിവസേന കുറെനാള്‍ ഉപയോഗിച്ചുകൊണ്ടിരുന്നാല്‍ വിഷമാവസ്ഥകള്‍ മാറുകയും രോഗം വര്‍ദ്ധിക്കാതിരിക്കുകയും ചെയ്യുന്നതാണ്.

മലേറിയ രോഗകാലത്ത് ഏഴു തുളസിയിലവീതം ദിവസവും കാലത്തു വെറും വയറ്റില്‍ ഉപയോഗിച്ചുകൊണ്ടിരിന്നാല്‍ മലേറിയ പിടിപെടുന്നതല്ല.

തുളസിയിലയും അതിന്റെ രസവും കൊതുകിനെ അകറ്റുന്നതിന് പറ്റിയതാക്കുന്നു. പെരുന്തേനെടുക്കുമ്പോള്‍ ഈച്ച കുത്താതിരിക്കുന്നതിനു തുളസിനീരെടുത്തു ശരീരത്തില്‍ പൂശിയാല്‍ മതിയാകും. ഇന്ദ്രിയസ്ഖലനത്തിനും തുളസിയുടെ വേരെടുത്ത് വെറ്റിലയും ചേര്‍ത്തു കുറേശ്ശെ ഉപയോഗിച്ചാല്‍ വളരെ ഫലം കിട്ടുന്നതാണ്.

തുളസിനീരു ദേഹത്തില്‍ ധരിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ഇടിവെട്ടല്‍ ബാധിക്കുകയില്ലെന്നും, ധാരാളം തുളസിച്ചെടിയുള്ള ഭവനത്തില്‍ ഇടിവെട്ടല്‍ മൂലമുള്ള ആപത്തുകള്‍ സംഭവിക്കുക സാധാരണമല്ലെന്നും പറയുന്നുണ്ട്.

തുളസി

അഷ്ടവര്‍ഗങ്ങള്‍ തുടങ്ങിയ ഹിമാലയന്‍ ദിവ്യൗഷധങ്ങളെപ്പോലെ ഫലമുള്ളതും എപ്പോഴും കിട്ടുന്നതുമാകുന്നു തുളസി. ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലും സുലഭമായി വളരുന്നു. വിഷ്ണുതുളസി, രാമതുളസി, കാട്ടുതുളസി, കര്‍പ്പൂരതുളസി, പുഷ്പതുളസി, മരത്തുളസി, ബംഗാള്‍തുളസി, കാട്ടുരാമതുളസി, വന്‍തുളസി, ഗന്ധതുളസി എന്നിത്യാതി പത്തുപന്ത്രണ്ടു തുളസികളെപ്പറ്റി പറയുന്നുണ്ടെങ്കിലും ഔഷധത്വേന ഉപയോഗപ്പെടുത്തിവരുന്ന വിഷ്ണുതുളസിയെപ്പറ്റി അറിഞ്ഞിരിക്കേണ്ടതാവശ്യമാണ്. മിക്ക ഹിന്ദുഭവനങ്ങളിലും നട്ടുവളര്‍ത്തുന്ന ഈ ചെടി വിഷ്ണുപ്രിയ, ഭാരതി, കൃഷ്ണമൂല എന്നിത്യാതി സം സംസ്‌കൃത നാമങ്ങളില്‍ അറിയപ്പെടുന്നു. വെളുത്തതും ചുവന്നതും രണ്ടിനമുണ്ട്. വെള്ളയെക്കാള്‍ ചുവന്നതിനു ഗുണക്കൂടുതല്‍ ഉണ്ട്. ആധുനിക ശാസ്ത്രജ്ഞന്‍മാര്‍ പരീക്ഷണം കൊണ്ട് തൈമോള്‍ എന്ന കൃമിഹരൗഷധം അടങ്ങിയിരിക്കുന്നതായി പറയുന്നുണ്ട്. ഇല ഇടിച്ചു പിഴിഞ്ഞ് ആസ്വരസത്തെ വാറ്റി എടുത്താല്‍ കിട്ടുന്ന ദ്രവത്തില്‍ ഒരെണ്ണ പൊങ്ങിക്കിടക്കുന്നതാണ്. തണുപ്പു കിട്ടിയാല്‍ ഉറച്ചുകിട്ടുന്ന ഈ എണ്ണയ്ക്ക് ബെയിന്‍സിന്‍കാംഫര്‍ എന്നാണ് പേര്. കാഴ്ച്ചയില്‍ ഇതു കര്‍പൂരം പോലെയിരിക്കുകയും ചെയ്യും. കൊതുകുകളെ നശിപ്പിക്കുവാന്‍ തുളസിക്ക് ഒരു പ്രത്യേകശക്തിയുണ്ട്. ഭവനങ്ങള്‍ക്കുചുറ്റും ഈ ചെടി നട്ടുവളര്‍ത്തുന്നതുകൊണ്ട് പകര്‍ച്ചവ്യാധികളില്‍നിന്നു രക്ഷനേടാന്‍ സാധിക്കും. എല്ലാവിധ വിഷ വീര്യങ്ങളെയും, കൊതുക്, ഈച്ച, മുതലായ ജീവികളെയും തുളസിച്ചെടി നശിപ്പിക്കുന്നതാണ്. സര്‍പ്പവിഷത്തെ ഇല്ലാതാക്കാന്‍ തുളസിവേര് അരച്ചു കടിച്ച സ്ഥലത്തു പരട്ടിയാല്‍ സാദ്ധ്യമാകുന്നതായി പറയുന്നുണ്ട്. കുട്ടികളുടെ മിക്ക ഉദരവ്യാധികളിലും, എല്ലാ ശ്വാസകോശരോഗങ്ങളിലും, തുളസിച്ചെടി ഒരു ദിവ്യൗഷധം പോലെ പ്രവര്‍ത്തിക്കുന്നതാണ്.

തുളസിച്ചെടി ഒരു ഭാഗം, വെള്ളം പത്തുഭാഗം ഇങ്ങനെ എടുത്തു കഷായം വച്ചു കുടിക്കുകയോ, ഇല പിഴിഞ്ഞ നീരില്‍ സമം ഇഞ്ചിനീരും തേനും ചേര്‍ത്തു കുടിക്കുകയോ ചെയ്താല്‍ ചുമ, കുരങ്ങല്‍, ഒച്ചയടപ്പ്, നീരിറക്കം മുതലായവ ശമിക്കും. പുഴുക്കടി, ചൊറി, കരപ്പന്‍ മുതലായതിനു തുളസിനീരില്‍ ഗന്ധകം ചേര്‍ത്ത് പുരട്ടിയാല്‍ എളുപ്പം ശമനം കിട്ടുന്നതാണ്. നാഡീക്ഷീണം, ഓജക്ഷയം മുതലായ രോഗങ്ങളില്‍ തുളസി സമൂലം ഏലത്തരി, സാലാമിസിരി ഇവ പൊടിച്ചുചേര്‍ത്തു സേവിച്ചാല്‍ ശമിക്കുന്നതാണ്.

Like facebook
ഉണ്ണികണ്ണൻ

No comments:

Post a Comment