കൃഷ്ണസന്നിധിയില്‍ 'രാധാമാധവം' നിറഞ്ഞാടി...
ഗുരുവായൂര്‍: ജയദേവകവിയുടെ പ്രസിദ്ധ കൃതി ഗീതഗോവിന്ദത്തിന്റെ കഥകളിരൂപമായ രാധാമാധവം ഗുരുവായൂര്‍ കളിവിളക്കിനു മുന്നില്‍ ബുധനാഴ്ച രാത്രി നിറഞ്ഞാടി.
പാലാ സ്വദേശിയായ വിനോദ് കുമാര്‍ മുകുന്ദന്‍ രചിച്ച രാധാമാധവം ആട്ടക്കഥയുടെ നൃത്ത-സംഗീത സംവിധാനം നിര്‍വഹിച്ചത് കലാമണ്ഡലം റിട്ട. പ്രിന്‍സിപ്പല്‍ ബാലസുബ്രഹ്മണ്യനാണ്.
ആദ്യമായാണ് രാധാമാധവം ബുധനാഴ്ച അവതരിപ്പിച്ചത്. ആറ് രംഗങ്ങളിലായിട്ടായിരുന്നു അഷ്ടപദിയുടെ കഥ അരങ്ങേറിയത്.
ശ്രീകൃഷ്ണനും രാധയും തമ്മിലുള്ള അനശ്വര പ്രണയമാണ് അഷ്ടപദിയിലെന്നപോലെ ആട്ടക്കഥയിലേയും ഇതിവൃത്തം. ജയദേവകവി ഗൃഹത്തിലിരുന്ന് രചനയെക്കുറിച്ച് ചിന്തിക്കുന്ന രംഗത്തോടെയാണ് കഥ ആരംഭിച്ചത്.
ജയദേവരായി കലാനിലയം ഗോപിയും രാധയായി മാര്‍ഗി വിജയകുമാറും വാസന്തിയായി കലാമണ്ഡലം സൂരജും ശ്രീകൃഷ്ണനായി കലാമണ്ഡലം ബാലസുബ്രഹ്മണ്യനും വേഷമണിഞ്ഞു.
കലാമണ്ഡലം ഹരീഷ്, കലാമണ്ഡലം വിശ്വാസ് എന്നിവരായിരുന്നു സംഗീതത്തിന്. കലാമണ്ഡലം രാജന്‍ ചെണ്ടയും കലാമണ്ഡലം രവിശങ്കര്‍ ഇടയ്ക്കയും കലാമണ്ഡലം ഹരിനാരായണന്‍ മദ്ദളവും പശ്ചാത്തലമൊരുക്കി. കലാമണ്ഡലം ശിവദാസനായിരുന്നു ചുട്ടി.
ക്ഷേത്രത്തില്‍ പത്തുകാര്‍ വാര്യന്മാരുടെ വിളക്കാഘോഷ ഭാഗമായായിരുന്നു രാധാമാധവം കഥകളി.
No comments:
Post a Comment