മണ്ണാറശാല നാഗരാജാ ക്ഷേത്രത്തില്‍ ആയില്യം
മണ്ണാറശാല നാഗരാജാ ക്ഷേത്രത്തില്‍ 12, 13, 14 തീയതികളില്‍ നടക്കുന്ന പുണര്‍തം, പൂയം, ആയില്യം ഉത്സവത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെത്തി. ആയില്യം നാളിലെ ഏറ്റവും സവിശേഷ ചടങ്ങായ എഴുന്നളളത്ത് ഉച്ചയ്‌ക്ക് ഒന്നിനും രണ്ടിനും മധ്യേ നടക്കും. അമ്മ ഉമാദേവി അന്തര്‍ജ്‌ജനം നാഗരാജാവിന്റെയും ഇളയമ്മ സാവിത്രി അന്തര്‍ജ്‌ജനം സര്‍പ്പയക്ഷിയമ്മയുടെയും ഇല്ലത്തെ കാരണവര്‍ സുബ്രഹ്‌മണ്യന്‍ നമ്പൂതിരി നാഗയക്ഷിയുടെയും വിഗ്രഹങ്ങളാവും വഹിക്കുക. പുണര്‍തം നാളായ 12-ന് വൈകുന്നേരം അഞ്ചിന് നട തുറക്കും. തുടര്‍ന്ന് പ്രകാശ വിസ്‌മയം തീര്‍ക്കുന്ന മഹാദീപക്കാഴ്‌ച. 6.30 മുതല്‍ 8.30 വരെ ചലച്ചിത്രതാരം പത്മശ്രീ ശോഭന അവതരിപ്പിക്കുന്ന നടനാഞ്‌ജലി. പൂയം നാളായ 13-ന് രാവിലെ 11-ന് ക്ഷേത്രത്തിന് സമീപമുള്ള മണ്ണാറശാല യു.പി. സ്‌കൂളില്‍ പ്രസാദമൂട്ട് തുടങ്ങും. 12-നും 2.30-നും മധ്യേ സര്‍പ്പയക്ഷിയമ്മയുടെയും നാഗരാജാവിന്റെയും ശ്രീകോവിലുകളില്‍ ചതുശ്ശത നിവേദ്യത്തോടെ വലിയമ്മ ഉച്ചപൂജ നടത്തുന്നത് ദര്‍ശന പ്രധാനമാണ്. 3.30 മുതല്‍ അഞ്ചു വരെ പുരസ്‌കാരദാന സമ്മേളനവും ഗ്രന്ഥപ്രകാശനവും നടക്കും. ശ്രീനാഗരാജാ പുരസ്‌കാരം നേടിയ നാഗരാജ വിദ്വാന്‍ തിരുവിഴ ജയശങ്കറും ശ്രീനാഗരാജ അഷ്‌ടോത്തര സഹസ്രനാമ സ്‌തോത്രം അടങ്ങിയ പത്മകുമാര്‍ മനപ്പാട്ട് രചിച്ച ഗ്രന്ഥം തൃശ്ശൂര്‍ തെക്കേമഠം ഇളമുറ സ്വാമിയാര്‍ വാസുദേവാനന്ദ ബ്രഹ്‌മാനന്ദഭൂതി, കാളിദാസഭട്ടതിരിപ്പാടിന് നല്‍കി പ്രകാശനം ചെയ്യും. അഞ്ചു മുതല്‍ ഏഴു വരെ തിരുവിഴ ജയശങ്കറിന്റെ നാഗസ്വര കച്ചേരി, രാത്രി ഏഴു മുതല്‍ 10 വരെ കലൈമാമണി ഡോ. നിത്യശ്രീ മഹാദേവന്റെ സംഗീതസദസും നടക്കും. ഏഴിന് ശേഷം ഇളമുറ അന്തര്‍ജ്‌ജനങ്ങള്‍ക്കൊപ്പം വലിയമ്മ ആചാരപ്രകാരം ക്ഷേത്രദര്‍ശനം നടത്തും. രാത്രി 10 മുതല്‍ കഥകളി രുഗ്മാംഗദചരിതം, ഉത്തരാസ്വയംവരം. ആയില്യം നാളായ 14-ന് പുലര്‍ച്ചെ 3.30-ന് നിര്‍മ്മാല്യദര്‍ശനം, രാവിലെ 8 മുതല്‍ 12 വരെ വലിയമ്മ ഭക്‌തര്‍ക്ക് ദര്‍ശനം നല്‍കും.രാവിലെ 10-ന് മഹാപ്രസാദമൂട്ട്, ഉച്ചയ്‌ക്ക് ഒന്നിനും രണ്ടിനും മധ്യേ ആയില്യം എഴുന്നളളത്ത്, 4-ന് ശേഷം ആയില്യം പൂജ, നൂറുംപാലും, ഗുരുതി, തട്ടില്‍ നൂറുംപാലും. അര്‍ധരാത്രിയോടെ ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നതോടെ ഈ വര്‍ഷത്തെ ആയില്യ മഹോത്സവത്തിന് സമാപനമാകും.
No comments:
Post a Comment