Monday, November 10, 2014

അപ്പം, അരവണ ഓണ്‍ലൈന്‍ ബുക്കിങ് വരുന്നു...

അപ്പം, അരവണ ഓണ്‍ലൈന്‍ ബുക്കിങ് വരുന്നു...

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക് അരവണ, അപ്പം എന്നിവ കാത്തുനില്‍ക്കാതെ വാങ്ങാന്‍ സൗകര്യം. ഇതിനായി ഓണ്‍ലൈനില്‍ ബുക്ക് ചെയ്താല്‍ മതി. ബുക്കിങ് വിവരവുമായി എത്തിയാല്‍ സന്നിധാനത്ത് അപ്പം, അരവണ, വിഭൂതി എന്നിവ ഒന്നിച്ച് ഒരു കിറ്റില്‍ ലഭിക്കും. ഇതിനായി ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക സൈറ്റില്‍ സൗകര്യമൊരുക്കുമെന്ന് ദേവസ്വം കമ്മീഷണര്‍ പി.വേണുഗോപാല്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് സൈറ്റ് വിലാസം: www.travancoredevaswomboard.org നിലവില്‍ അപ്പത്തിനും അരവണയ്ക്കും ആദ്യം കൂപ്പണിന് കാത്തുനില്‍പ്പുണ്ട്.

'ശബരിമല' എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷനും വരുന്നുണ്ടെന്ന് കമ്മീഷണര്‍ അറിയിച്ചു. അയ്യപ്പന്മാര്‍ക്ക് ദര്‍ശനസമയം, പ്രസാദവിതരണം, ശബരിമല വഴികള്‍, ശുചിമുറികള്‍, അന്നദാനസൗകര്യം തുടങ്ങിയ വിവരങ്ങള്‍ ഇതില്‍ കിട്ടും. ദിശാസൂചികകളും ലഭ്യമാണ്.
നിലയ്ക്കലില്‍ അന്നദാനം ഈ സീസണില്‍ തുടങ്ങും. നിലയ്ക്കലില്‍ കുടിവെള്ളത്തിന്റെ ബുദ്ധിമുട്ട് ഇക്കുറി ഉണ്ടാവില്ല. വേണ്ടത്ര സംഭരണം അവിടെയുണ്ടാകും. ദിവസം എട്ടുലക്ഷം ലിറ്റര്‍ വെള്ളമാണ് അവിടെ വേണ്ടത്. ടാങ്കില്‍ വെള്ളം എത്തിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ശബരിമലയില്‍ 24 മണിക്കൂര്‍ അന്നദാനം ഉറപ്പാക്കും. മണ്ഡപങ്ങളുടെ പണി പൂര്‍ത്തിയായില്ലെങ്കിലും ഇതിന് തടസ്സം വരില്ല. താഴെ തിരുമുറ്റം നവീകരണം പൂര്‍ത്തിയാകുന്നു. 34,000 ചതുരശ്രയടി വിസ്തൃതിയില്‍ ടൈല്‍സ് പാകുന്ന ജോലിയാണ് നടക്കുന്നത്. അപ്പത്തിനും അരവണയ്ക്കും ഓരോ പ്ലാന്റുകൂടി അടുത്ത സീസണിനുമുമ്പ് ഒരുങ്ങും.

ക്യൂ കോംപ്ലക്‌സില്‍ കാത്തുനില്‍ക്കുന്ന അയ്യപ്പന്മാര്‍ക്ക് ലഘുഭക്ഷണവും വെള്ളവും നല്‍കാന്‍ ബൂത്തുകള്‍ ഇടവിട്ട് ഉണ്ടാകും. ചൂടുവെള്ളം ഇവിടെ മുടക്കമില്ലാതെ കിട്ടും. വഴിപാടുസാധനങ്ങള്‍ സൂക്ഷിക്കാന്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിനെതിരെയും പമ്പയില്‍ വസ്ത്രം ഉപേക്ഷിക്കുന്നതിനെതിരെയും തന്ത്രിയുടെ സന്ദേശം എല്ലാ ഭാഷകളിലും അതത് സര്‍ക്കാരുകള്‍ പ്രചരിപ്പിക്കും. ഇതിനുള്ള സന്ദേശം ദക്ഷിണേന്ത്യന്‍ സര്‍ക്കാരുകള്‍ക്ക് കൈമാറിക്കഴിഞ്ഞു.

For more updates,pls visit & like the below page https://www.facebook.com/unniikannan

No comments:

Post a Comment