Saturday, November 15, 2014

ശബരിമലയിലെ പൂജാക്രമം ..

!!! സ്വാമിയേ ശരണം അയ്യപ്പാ !!!

ശബരിമലയിലെ പൂജാക്രമം ...

ശബരിമലയില്‍ മണ്ഡലപൂജയ്ക്കായി തുലാം അവസാനത്തെ ദിവസം നടതുറക്കും. അന്ന് ഒരു പൂജയും ഉണ്ടായിരിക്കില്ല. ഭസ്മാഭിഷിക്തനായിരിക്കുന്ന അയ്യപ്പനെ അപ്പോള്‍ ദര്‍ശിക്കാം. അന്നു വൈകീട്ടാണ് തന്ത്രി പുതിയ മേല്‍ശാന്തിയെ അവരോധിക്കുന്നത്. അതിനുശേഷം ശ്രീകോവിലിനുള്ളില്‍ തന്ത്രി, മേല്‍ശാന്തിക്ക് മന്ത്രോപദേശം നല്‍കും.

എല്ലാ ദിവസവും മൂന്നു പൂജയാണ് അയ്യപ്പസന്നിധിയില്‍ നടത്തുന്നത്. 1. ഉഷഃപൂജ, 2. ഉച്ചപ്പൂജ, 3. അത്താഴ പൂജ

രാവിലെ നാലുമണിക്ക് നടതുറന്നാല്‍ തന്ത്രി ആദ്യമായി അഭിഷേകം നടത്തും. അതിനുശേഷം ഗണപതിഹോമം. 7.30നാണ് ഉഷഃപൂജ തുടങ്ങുക. ഉഷഃപൂജക്ക് നൈവേദ്യം ഉഷപ്പായസമാണ്. ഇടിച്ചുപിഴിഞ്ഞ പായസമാണ് ഉഷപ്പായസം. പ്രധാന നൈവേദ്യം അയ്യപ്പന് നല്‍കി നടയടച്ച് പുറത്തുവന്നശേഷം ഗണപതി, നാഗരാജാവ് എന്നിവര്‍ക്ക് നൈവേദ്യം നല്‍കും. പിന്നീട് നടതുറന്ന് വീണ്ടും അടച്ചശേഷം പ്രസന്നപൂജ നടത്തും. പിന്നീട് നടതുറക്കും. അപ്പോള്‍ ദീപാരാധന.

ഉഷഃപൂജക്കുശേഷം തുടങ്ങുന്ന നെയ്യഭിഷേകം ഉച്ചക്ക് 12 വരെ തുടരും. അതിനുശേഷം ശ്രീകോവില്‍ കഴുകിത്തുടച്ച് ഉച്ചപ്പൂജ തുടങ്ങും. മണ്ഡപത്തില്‍ പ്രത്യേകം പൂജിച്ചുവച്ചിരിക്കുന്ന 25 കലശം തന്ത്രി വിഗ്രഹത്തില്‍ അഭിഷേകം നടത്തും. തുടര്‍ന്ന് നൈവേദ്യം.

ഉച്ചപ്പൂജക്കുശേഷം നടയടച്ചാല്‍ വൈകീട്ട് നാലിന് നട തുറക്കും. സന്ധ്യക്ക് ദീപാരാധന. അതിനുശേഷം വഴിപാടായി പുഷ്പാഭിഷേകം. എല്ലാ ദിവസവും മുടങ്ങാതെ പുഷ്പാഭിഷേകമുണ്ടാവും. രാത്രി പത്തുമണിക്കുശേഷം അത്താഴപൂജ. അപ്പവും പാനകവും നിവേദിക്കും. പൂജക്കുശേഷം ഇവ പ്രസാദമായി നല്‍കും. അത്താഴപൂജ കഴിഞ്ഞ് ശ്രീകോവില്‍ വൃത്തിയാക്കിയ ശേഷം ഹരിവരാസനം ചൊല്ലി നടയടയ്ക്കും.

No comments:

Post a Comment