Thursday, November 20, 2014

ഗുരുവായൂര്‍ കൃഷ്ണസന്നിധിക്ക് ലക്ഷം ദീപങ്ങളുടെ തങ്കപ്രഭ...

!!! ഓം നമോ നാരായണായ !!!

ഗുരുവായൂര്‍ കൃഷ്ണസന്നിധിക്ക് ലക്ഷം ദീപങ്ങളുടെ തങ്കപ്രഭ...

ഗുരുവായൂര്‍: ഗുരുവായൂരപ്പ സന്നിധി ബുധനാഴ്ച സന്ധ്യാനേരം ലക്ഷം ദീപങ്ങളുടെ തങ്കപ്രഭയില്‍ ആറാടി. ഗുരുവായൂര്‍ അയ്യപ്പഭജന സംഘത്തിന്റെ ഏകാദശി ചുറ്റുവിളക്കാഘോഷത്തിന്റെ ഭാഗമായിരുന്നു ലക്ഷദീപം തെളിയിക്കല്‍. വ്യാഴാഴ്ച ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ വകയാണ് ചുറ്റുവിളക്ക്.
ലക്ഷദീപത്തിന് ക്ഷേത്രത്തിനകത്തും പുറത്തും നടകളിലും വീഥികളിലും നിലവിളക്കുകളും ചിരാതുകളും ദീപസ്തംഭങ്ങളും പ്രഭ ചൊരിഞ്ഞു. ക്ഷേത്രത്തിനകത്തെ പതിനായിരത്തോളം വിളക്കുകള്‍ നറുനെയ്യില്‍ ജ്വലിച്ചു.
അയ്യപ്പഭജനസംഘത്തിന്റെ പ്രവര്‍ത്തകരും ദര്‍ശനത്തിനെത്തിയ നൂറുകണക്കിന് ഭക്തരും വിളക്ക് തെളിയിക്കാന്‍ അണിചേര്‍ന്നു. കിഴക്കേ ഗോപുരത്തിനു മുന്നില്‍ ദശാവതാരചിത്രത്തിനു ചുറ്റും ചിരാതുകള്‍ കത്തിനിന്നത് ആകര്‍ഷകമായി. 60ഓളം ടിന്‍ എണ്ണയും 25 ടിന്‍ നെയ്യും കത്തിക്കാന്‍ ഉപയോഗിച്ചു.
ലക്ഷം ദീപങ്ങള്‍ ജ്വലിച്ചുനില്‍ക്കെ ഗുരുവായൂരപ്പന്റെ ദീപാരാധനയ്ക്ക് നട തുറന്നു. ഇരട്ട കേളിയും നാദസ്വരവും അലയടിച്ചു. നാരായണനാമ മുഖരിതമായി സന്നിധി.
ചുറ്റുവിളക്ക് ആഘോഷത്തിന് രാവിലെയും ഉച്ചതിരിഞ്ഞും കാഴ്ചശ്ശീവേലിക്ക് പഞ്ചാരിമേളം കൊട്ടിത്തിമര്‍ത്തു. കോട്ടപ്പടി സന്തോഷ് മാരാരായിരുന്നു കയ്യും കോലും പഞ്ചാരിക്ക് നായകന്‍. കൊമ്പന്‍ വലിയകേശവന്‍ കോലമേറ്റി. രാത്രി വിളക്കെഴുന്നള്ളിപ്പിന് വിളക്കുമാടത്തിലെ ദീപങ്ങള്‍ നറുനെയ്യില്‍ തെളിഞ്ഞു.
ആഘോഷത്തിന് അയ്യപ്പസംഘം ഭാരവാഹികളായ എം. രാധാകൃഷ്ണന്‍, കെ. ദിവാകരന്‍, ചന്ദ്രന്‍ ചങ്കത്ത്, ബാലന്‍ വാറണാട്ട്, ഗുരുവായൂര്‍ ശിവരാമന്‍, ജി.കെ. രാമകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment