Tuesday, November 18, 2014

ആദ്യദിനം അയ്യനെ തൊഴാന്‍ ആറുമണിക്കൂര്‍ കാത്തുനില്‍പ്‌ ...

!!! ഓം സ്വാമിയേ ശരണം അയ്യപ്പാ !!!

ആദ്യദിനം അയ്യനെ തൊഴാന്‍ ആറുമണിക്കൂര്‍ കാത്തുനില്‍പ്‌ ...

ശബരിമല: മുന്‍വര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായി ശബരിമല സന്നിധാനത്ത് വൃശ്ചികപ്പുലരിയില്‍ വന്‍ ഭക്തജനത്തിരക്ക്. ആദ്യദിനംതന്നെ ആറുമണിക്കൂര്‍ ക്യൂനിന്നാണ് ഭക്തര്‍ അയ്യപ്പനെ തൊഴുതത്. പുലര്‍ച്ചെ നാലിന് നടതുറന്നപ്പോള്‍ സ്വാമിമാരുടെ നിര ശരംകുത്തിയും പിന്നിട്ടിരുന്നു. മരക്കൂട്ടംമുതല്‍ ഫലത്തില്‍ ഭക്തജനത്തിരക്കായിരുന്നു. ദര്‍ശനത്തിനെത്തിയവരില്‍ എഴുപതുശതമാനവും മറുനാട്ടുകാരായിരുന്നു.

മണ്ഡല ഉത്സവത്തിന് നടതുറന്ന ഞായറാഴ്ച വൈകീട്ടുതന്നെ മുന്‍കൊല്ലങ്ങളില്‍നിന്നു വ്യത്യസ്തമായി തീര്‍ഥാടകപ്രവാഹമായിരുന്നു. കഴിഞ്ഞകൊല്ലത്തെക്കാള്‍ 30 ശതമാനം വാഹനങ്ങള്‍ അധികം വന്നതായി ദര്‍ശനത്തിനെത്തിയ ഗതാഗത കമ്മീഷണര്‍ ആര്‍.ശ്രീലേഖ പറഞ്ഞു. മുന്‍കൊല്ലങ്ങളില്‍ മണ്ഡലപൂജയ്ക്ക് നട തുറക്കുന്ന ദിവസങ്ങളില്‍ രാത്രി 11 മണിയോടെ നട അടച്ചിരുന്നു. എന്നാല്‍ ഇക്കുറി 11.50നാണ് നട അടയ്ക്കാനായത്. തിങ്കളാഴ്ച ഉച്ചയ്ക്കും ഒരുമണിക്കൂര്‍ വൈകി രണ്ടുമണിക്കാണ് നട അടച്ചത്. തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മരക്കൂട്ടംമുതല്‍ ഘട്ടംഘട്ടമായാണ് തീര്‍ഥാടകരെ കടത്തിവിടുന്നത്.

ക്യൂവില്‍ സ്വാമിമാര്‍ ഏറെ കഷ്ടപ്പെടുന്നുണ്ട്. മരക്കൂട്ടംമുതലുള്ള ഭാഗങ്ങളില്‍ കുടിവെള്ളംപോലും കിട്ടാനില്ലെന്ന പരാതി കഴിഞ്ഞദിവസം വ്യാപകമായിരുന്നു. ആദ്യദിനം ഇത്രയും ഭക്തര്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് എത്തിയപ്പോള്‍ ഭക്ഷണലഭ്യതയും പ്രശ്‌നമായി. ദേവസ്വത്തിന്റെ അന്നദാനം നടതുറന്നദിനം ഇല്ലായിരുന്നു. അയ്യപ്പസേവാസംഘത്തിന്റെയും അയ്യപ്പസേവാസമാജത്തിന്റെയും അന്നദാനം മാത്രമാണുണ്ടായിരുന്നത്. ഹോട്ടലുകള്‍ വലിയതോതില്‍ ഭക്ഷണം കരുതിയിരുന്നുമില്ല. തിങ്കളാഴ്ചയോടെ അന്നദാനമണ്ഡപങ്ങള്‍ പൂര്‍ണപ്രവര്‍ത്തനത്തിലായി. സ്വാമിഅയ്യപ്പന്‍ റോഡില്‍ കുടിവെള്ളം വിതരണംചെയ്യുമെന്ന് ദേവസ്വം പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല.

https://www.facebook.com/unniikannan

No comments:

Post a Comment