Tuesday, November 18, 2014

ഗുരുവായൂരില്‍ അയ്യപ്പഭക്തര്‍ക്ക് പ്രത്യേക വരി സംവിധാനം... ഗുരുവായൂരില്‍ മഞ്ജുളാല്‍ മുതല്‍ ക്ഷേത്രനട വരെ വണ്‍വേ...

!!! ഓം നമോ നാരായണായ !!!

ഗുരുവായൂരില്‍ അയ്യപ്പഭക്തര്‍ക്ക് പ്രത്യേക വരി സംവിധാനം...

ഗുരുവായൂരില്‍ മഞ്ജുളാല്‍ മുതല്‍ ക്ഷേത്രനട വരെ വണ്‍വേ...

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിന് പ്രത്യേക വരി സംവിധാനം ഏര്‍പ്പെടുത്തി. കിഴക്കേനടയില്‍ നടപ്പുരയ്ക്ക് സമീപത്തെ ആദ്യത്തെ ഏഴ് വരികള്‍ അയ്യപ്പഭക്തര്‍ക്ക് മാത്രമായി ക്രമീകരിക്കും. ഇവിടെയുണ്ടായിരുന്ന പൊതു വരി പന്തലിന്റെ വടക്കേ അറ്റത്തേക്ക് മാറ്റും.
തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കും. പോലീസില്‍നിന്ന് വിരമിച്ചവരെയും വിമുക്തഭടന്‍മാരെയുമാണ് സീസണ്‍ കാലത്തേക്ക് നിയമിക്കുന്നത്. വരിയില്‍ നില്‍ക്കുന്നവര്‍ക്ക് ക്ഷേത്രാചാരങ്ങള്‍ അറിയുന്നതിന് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. ദര്‍ശനത്തിന് നില്‍ക്കുന്നവര്‍ക്ക് കുടിവെള്ളം വിതരണം ചെയ്യാനുള്ള സംവിധാനവും ദേവസ്വം ഒരുക്കും.
ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കളക്ടര്‍ എം.എസ്. ജയ അധ്യക്ഷത വഹിച്ചു. എ.സി.പി. ആര്‍. ജയചന്ദ്രന്‍ പിള്ള, ടെമ്പിള്‍ സി.ഐ. എം.യു. ബാലകൃഷ്ണന്‍, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍മാരായ പി. രമാദേവി, കെ. സുരേന്ദ്രന്‍, മാനേജര്‍മാരായ വി.സി. രാധ, എസ്. രവികുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.സി. അരവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

ഗുരുവായൂരില്‍ മഞ്ജുളാല്‍ മുതല്‍ ക്ഷേത്രനട വരെ വണ്‍വേ...

വലിയ വാഹനങ്ങള്‍ കടത്തിവിടില്ല
ചെറുവാഹനങ്ങള്‍ക്ക് പാര്‍ക്കിങ് തിരുത്തിക്കാട്ടുപറമ്പില്‍

ഗുരുവായൂര്‍: അയ്യപ്പന്‍മാരുടെ വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കാന്‍ ഗുരുവായൂരില്‍ മഞ്ജുളാല്‍ മുതല്‍ ക്ഷേത്രനട വരെ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തും. വലിയ വാഹനങ്ങളൊന്നും ഇതുവഴി കടത്തിവിടുകയില്ല. ഗുരുവായൂര്‍ ദേവസ്വം കോണ്‍ഫറന്‍സ്ഹാളില്‍ കളക്ടര്‍ ഡോ. എം.എസ്. ജയയുടെ നേതൃത്വത്തില്‍ വിളിച്ചുകൂട്ടിയ യോഗത്തിലാണ് ഈ തീരുമാനം.
ഗുരുവായൂര്‍ നഗരത്തില്‍ ഏറ്റവും തിരക്കുള്ള ഭാഗമാണ് മഞ്ജുളാല്‍ മുതല്‍ ക്ഷേത്രനട വരെയുള്ള റോഡ്. വാഹനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും പോകുന്നതിനാല്‍ ഗതാഗതക്കുരുക്ക് ഒഴിയുന്നില്ലെന്ന് മാത്രമല്ല തിരക്ക് നിയന്ത്രിക്കാനാകാത്ത അവസ്ഥയുമാണ്. ഭക്തജനങ്ങള്‍ ക്ഷേത്രത്തിലേക്ക് പോകുന്നതും വരുന്നതും ഈ വഴി തന്നെയായതിനാല്‍ ക്ഷേത്രനട തിരക്കില്‍ വീര്‍പ്പുമുട്ടുകയാണ്. വണ്‍വേ വരുന്നതോടെ ഇതിന് പരിഹാരമാകുമെന്നാണ് കരുതുന്നത്.
പടിഞ്ഞാറെ നട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മഞ്ജുളാലില്‍നിന്ന് ഔട്ടര്‍റിങ് റോഡ് വഴിയാണ് കടന്നുപോകേണ്ടത്. ക്ഷേത്ര നടവഴികളില്‍ പരമാവധി തിരക്ക് കുറയ്ക്കാനാണ് ശ്രമം. വഴിയോര കച്ചവടക്കാരെ മുഴുവന്‍ മാറ്റും. തിരക്കുള്ള ദിവസങ്ങളില്‍ ഈ ഭാഗം പരീക്ഷണാടിസ്ഥാനത്തില്‍ വണ്‍വേ ആക്കിയിരുന്നു. ഇനി കൂടുതല്‍ പോലീസിനെ നിയോഗിച്ച് വണ്‍വേ കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനം.
ഗുരുവായൂരില്‍ അയ്യപ്പന്‍മാരുടെ ചെറുവാഹനങ്ങള്‍ റെയില്‍വേ സ്റ്റേഷനടുത്ത തിരുത്തിക്കാട്ടുപറമ്പിലാണ് പാര്‍ക്ക് ചെയ്യേണ്ടത്. ദേവസ്വത്തിന്റെ വേണുഗോപാല്‍ പാര്‍ക്ക് വലിയ വാഹനങ്ങള്‍ക്കു മാത്രമാക്കും. നഗരസഭയുടെ പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താനും കൂടുതല്‍ ലൈറ്റുകള്‍ സ്ഥാപിക്കാനും പൊലീസ് നിര്‍ദ്ദേശം നല്‍കി. ദേവസ്വത്തിന്റെ വാഹന പാര്‍ക്കുകളിലും ലൈറ്റുകള്‍ സ്ഥാപിക്കും.
ഗ്രൗണ്ടുകളില്‍ വാഹന പാര്‍ക്കിങ് ഫീസ് നിരക്ക് പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. പ്രധാന പാര്‍ക്കുകളില്‍ പോലീസിന്റെ എണ്ണം കൂട്ടും. അവിടെ പോലീസ് എയ്ഡ് പോസ്റ്റും സ്ഥാപിക്കും. ഗുരുവായൂര്‍ അസി. പോലീസ് കമ്മീഷണര്‍ ആര്‍. ജയചന്ദ്രന്‍പിള്ള, സിഐ. എം.യു. ബാലകൃഷ്ണന്‍ എന്നിവരും ദേവസ്വം ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

https://www.facebook.com/unniikannan

No comments:

Post a Comment