Thursday, November 27, 2014

ഗുരുവായൂരില്‍ ഇന്ന് ഷഷ്ഠിവിളക്ക്; വെളച്ചെണ്ണവിളക്ക് നാളെ...

ഗുരുവായൂരില്‍ ഇന്ന് ഷഷ്ഠിവിളക്ക്; വെളച്ചെണ്ണവിളക്ക് നാളെ...

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ വ്യാഴാഴ്ച ഷഷ്ഠിവിളക്ക് തെളിയും. ദീപങ്ങളെല്ലാം വെളിച്ചെണ്ണയില്‍ കത്തുന്ന സപ്തമിവിളക്ക് വെള്ളിയാഴ്ച ആഘോഷിക്കും.
ആചാരത്തിന് പ്രാധാന്യം നല്‍കുന്ന ഷഷ്ഠിവിളക്ക് ഗുരുവായൂരിലെ പുരാതന കുടുംബമായ മാണിക്കത്തുകാരുടെ വകയാണ്. വെളിച്ചെണ്ണയില്‍ തെളിയുന്ന സപ്തമിവിളക്ക് നെന്മിനി മനക്കാരുടെ വകയാണ്. വെളിച്ചെണ്ണയില്‍ പ്രഭചൊരിയുന്ന ഏക ഏകാദശി വിളക്കുകൂടിയാണിത്. മറ്റു വിളക്കുകളെല്ലാം നെയ്യിലോ എണ്ണയിലോ ആണ് കത്തിക്കുക. വെളിച്ചെണ്ണ തയ്യാറാക്കാന്‍ നാളികേരത്തിന് പ്രത്യേക പറമ്പുതന്നെ മനക്കാര്‍ നീക്കിവെച്ചിരുന്നു. ഏതാനും ഏക്കര്‍ ഭൂമി ദേവസ്വത്തിന് മനക്കാര്‍ നല്‍കിയിട്ടുണ്ട്.
കാലം മാറിയതോടെ വെളിച്ചെണ്ണ വാങ്ങുകയാണ് പതിവ്. ബുധനാഴ്ച ക്ഷേത്രത്തില്‍ പഞ്ചമിവിളക്ക് ആഘോഷിച്ചു. കപ്രാട്ട് കുടുംബത്തിന്റെ വകയായിരുന്നു വിളക്ക്. രാത്രി വിളക്കെഴുന്നള്ളിപ്പിന് ഇടയ്ക്ക, നാഗസ്വര പ്രദക്ഷിണം ക്ഷേത്ര പാരമ്പര്യ പ്രവൃത്തിക്കാര്‍ നയിച്ചു. സന്ധ്യയ്ക്ക് ഒമ്പതാം ക്ലൂസ്സ് വിദ്യാര്‍ഥി അനിരുദ്ധ് കൃഷ്ണയുടെ തായമ്പക ശ്രദ്ധേയമായി. അക്കിക്കാവ് വേങ്ങാട്ടൂര്‍ മനയിലെ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ മകനായ അനിരുദ്ധ് കൃഷ്ണ ചെണ്ട കസേരയില്‍ വെച്ചാണ് തായമ്പക കെട്ടിത്തിമര്‍ത്തത്. തായമ്പക കൊട്ടിക്കഴിഞ്ഞതോടെ ഭക്തര്‍ കുട്ടിയെ അനുമോദിച്ചു. അനിരുദ്ധ് കൃഷ്ണയുടെ അമ്മ മീരാ അന്തര്‍ജ്ജനവും അനുജത്തി ആര്യാനന്ദയും തായമ്പക കാണാന്‍ എത്തിയിരുന്നു.

No comments:

Post a Comment