Tuesday, November 11, 2014

എല്ലാ ചികിത്സകളും ഒരിടത്ത്; സമഗ്ര ആരോഗ്യസമുച്ചയം പമ്പയില്‍...

എല്ലാ ചികിത്സകളും ഒരിടത്ത്; സമഗ്ര ആരോഗ്യസമുച്ചയം പമ്പയില്‍...

ശബരിമല: എല്ലാ ചികിത്സാശാഖകളും ഒരേമന്ദിരത്തില്‍ അണിനിരത്തിയ സംസ്ഥാനത്തെതന്നെ ആദ്യ സര്‍ക്കാര്‍ ആരോഗ്യമന്ദിരം ചൊവ്വാഴ്ച അയ്യപ്പന്മാര്‍ക്ക് സമര്‍പ്പിക്കും. പമ്പയിലാണ് അലോപ്പതി, ആയുര്‍വേദം, ഹോമിയോ എന്നിവയുടെ ചികിത്സയ്ക്കുള്ള ഒറ്റ ആരോഗ്യസമുച്ചയം തുറക്കുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ സ്വപ്‌നപദ്ധതികളില്‍ ഒന്നായിരുന്നു ഇത്. പമ്പയില്‍ ലിഫ്റ്റ് സൗകര്യമുള്ള ഏകകെട്ടിടംകൂടിയാണിത്.

അലോപ്പതി ആസ്പത്രിയില്‍ ഹൃദ്രോഗചികിത്സയ്ക്ക് താരതമ്യേന മെച്ചപ്പെട്ട സൗകര്യം ഉണ്ടാകും. എക്കോ, ഇ.സി.ജി. സൗകര്യങ്ങള്‍, മികച്ച ലാബ്, തീവ്രപരിചരണവിഭാഗം, മിനി ഓപ്പറേഷന്‍ തിേയറ്റര്‍ എന്നിവ പമ്പയില്‍ ഇതാദ്യമാണ്. എല്ലുസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ല ചികിത്സയും കിട്ടും. രോഗിയുടെ നില മെച്ചപ്പെടുംവരെ വേണ്ടശുശ്രൂഷ നല്‍കാം. 30 പേര്‍ക്കാണ് കിടത്തിച്ചികിത്സ കിട്ടുക.

അയുര്‍വേദ വിഭാഗത്തില്‍ പഞ്ചകര്‍മചികിത്സയ്ക്കും സൗകര്യമുണ്ട്. 32875 ചതുരശ്രയടി വിസ്തൃതിയില്‍ നാലു നിലയിലായി ഒരുക്കുന്ന ആസ്പത്രിയില്‍ ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും താമസിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

15 കോടി രൂപ ചെലവിട്ട ആസ്പത്രിയില്‍ അഞ്ചുകോടി രൂപ ഉപകരണങ്ങള്‍ വാങ്ങാനാണു വിനിയോഗിച്ചത്. കഴിഞ്ഞ സീസണുമുമ്പ് രണ്ടുനില പൂര്‍ത്തിയായ ആസ്പത്രി ആരോഗ്യവകുപ്പുമന്ത്രി വി.എസ്.ശിവകുമാറിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പണിതത്. രണ്ടുവര്‍ഷംകൊണ്ട് ആസ്പത്രി പൂര്‍ത്തിയാക്കും എന്ന വാഗ്ദാനം ഇപ്പോള്‍ സാക്ഷാത്കരിക്കുകയാണ്.

ആസ്പത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. മൂന്നുവിഭാഗത്തിലും എല്ലാവിധ ചികിത്സകളും ഘട്ടംഘട്ടമായി സജ്ജമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. ചൊവ്വാഴ്ച 2ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഉദ്ഘാടനം നിര്‍വഹിക്കുക.

For more updates,pls visit & like the below page https://www.facebook.com/unniikannan

No comments:

Post a Comment