Wednesday, November 19, 2014

ചക്കുളത്തുകാവ് പൊങ്കാല ഡിസംബര്‍ 5ന്‌...

ചക്കുളത്തുകാവ് പൊങ്കാല ഡിസംബര്‍ 5ന്‌...

കോട്ടയം: ചക്കുളത്തുകാവ് ഭഗവതിക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല ഡിസംബര്‍ 5ന് നടക്കുമെന്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 5ന് പുലര്‍ച്ചെ പൊങ്കാലച്ചടങ്ങുകള്‍ തുടങ്ങും. പുലര്‍ച്ചെ 4ന് ഗണപതിഹോമം. 8ന് വിളിച്ചുചൊല്ലി പ്രാര്‍ത്ഥന, രാവിലെ 9ന് പൊങ്കാലയ്ക്ക് തുടക്കംകുറിച്ച് ക്ഷേത്ര ശ്രീകോവിലില്‍നിന്ന് പണ്ടാരയടുപ്പിലേക്ക് ക്ഷേത്രം മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി അഗ്നിപകരും. മാതാ അമൃതാനന്ദമയീമഠം ജനറല്‍ സെക്രട്ടറി പൂര്‍ണാമൃതാനന്ദപുരി ഭദ്രദീപം തെളിക്കും. 'മാതൃഭൂമി' മാനേജിങ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാര്‍ പൊങ്കാല ഉദ്ഘാടനം ചെയ്യും.
11ന് 500ലധികം വേദപണ്ഡിതന്മാരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദേവിയെ 41 ജീവത എഴുന്നള്ളത്തുകളിലായി ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിക്കും. ജീവത തിരികെ ക്ഷേത്രത്തിലെത്തുമ്പോള്‍ ദിവ്യാഭിഷേകം.വൈകീട്ട് 6ന് തോമസ് ചാണ്ടി എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ ചേരുന്ന സാംസ്‌കാരികസമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും.
കേരളത്തിനകത്തും പുറത്തും നിന്നുള്ള ഭക്തര്‍ പങ്കെടുക്കുന്ന പൊങ്കാലയില്‍ സമീപപ്രദേശങ്ങളെല്ലാം അടുപ്പുകള്‍കൊണ്ട് നിറയും. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഭക്തര്‍ക്ക് വേണ്ട സൗകര്യങ്ങളും തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തും. സൗജന്യ ഭക്ഷണവിതരണവുമുണ്ട്. ക്ഷേത്രത്തിലെ പന്ത്രണ്ടുനൊയമ്പ് ഉത്സവം ഡിസംബര്‍ 16 മുതല്‍ 27 വരെ നടക്കും. 19ന് നാരീപൂജയും 26ന് കലശവും തിരുവാഭരണഘോഷയാത്രയും നടക്കും. ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി, അഡ്മിനിസ്‌ട്രേറ്റര്‍ അഡ്വ. കെ.കെ.ഗോപാലകൃഷ്ണന്‍നായര്‍, രമേശ് ഇളമണ്‍ നമ്പൂതിരി, ഹരിക്കുട്ടന്‍ നമ്പൂതിരി, ഉത്സവക്കമ്മിറ്റി ഭാരവാഹികളായ അജിത് കുമാര്‍, സന്തോഷ് ഗോകുലം എന്നിവരാണ് പത്രസമ്മേളനത്തില്‍ പങ്കെടുത്തത്.

No comments:

Post a Comment