ഗുരുവായൂര്‍ ക്ഷേത്രത്തിനു ചുറ്റും സുരക്ഷാവേലി നിര്‍മ്മിക്കുന്നു...
ക്ഷേത്രത്തിലേക്കുള്ള വഴികളുടെ എണ്ണം കുറയ്ക്കും
ഗുരുവായൂര്‍: ക്ഷേത്രസുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി എ.ഡി.ജി.പി. എന്‍. ശങ്കര്‍റെഡ്ഡി ഗുരുവായൂരിലെത്തി സുരക്ഷാ നിരീക്ഷണം നടത്തി. ക്ഷേത്രത്തിലും പുറത്തും പരിശോധനക്കുശേഷം കൂടുതല്‍ സുരക്ഷാപദ്ധതികളെപ്പറ്റി ആലോചിക്കാന്‍ ദേവസ്വം അധികൃതരുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും അദ്ദേഹം ചര്‍ച്ച നടത്തി. ക്ഷേത്രത്തിനുചുറ്റും സുരക്ഷാവേലികള്‍ നിര്‍മ്മിക്കാന്‍ അദ്ദേഹം ശുപാര്‍ശ ചെയ്തു.
ക്ഷേത്രം മതില്‍ക്കെട്ടിനു പുറത്ത് 25 മീറ്റര്‍ ചുറ്റളവില്‍പ്പെട്ട ദേവസ്വംസ്ഥലത്തിന്റെ അതിര്‍ത്തിയിലാണ് സുരക്ഷാവേലി നിര്‍മ്മിക്കുക. 12 അടി ഉയരത്തിലായിരിക്കും ഇത്. ഇതില്‍ പ്രത്യേക കവാടങ്ങളിലൂടെ പരിശോധനക്കു ശേഷമായിരിക്കും ഭക്തരെ ക്ഷേത്രപരിസരത്തേക്ക് വിടുക. ഇപ്പോള്‍ ക്ഷേത്രത്തിലേക്ക് വരാനുള്ള വഴികളുടെ എണ്ണം കുറച്ച് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താനാണിത്.
ക്ഷേത്രത്തിലെ വഴിപാടു കൗണ്ടറുകള്‍ പുറത്തേക്കുമാറ്റി ക്ഷേത്രത്തിനകത്തെ തിരക്ക് കുറയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ടായിട്ടുണ്ട്. ഗുരുവായൂര്‍ സുരക്ഷക്കായി രണ്ടരക്കോടി രൂപയുടെ ഉപകരണങ്ങള്‍ വാങ്ങാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇത് വേഗത്തിലാക്കാമെന്ന് എ.ഡി.ജി.പി. അറിയിച്ചു.
ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന എ. ഡി.ജി.പി.യുമായുള്ള ചര്‍ച്ചയില്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍, കളക്ടര്‍ എം.എസ്. ജയ, തൃശ്ശൂര്‍ ഐ.ജി. ഡോ. ഷെയ്ഖ് ധര്‍ബേഷ്, തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബ്, എ.സി.പി. മാരായ ആര്‍. ജയചന്ദ്രന്‍ പിള്ള, വി. രാധാകൃഷ്ണന്‍, ഗുരുവായൂര്‍ ടെമ്പിള്‍ സി.ഐ. എം.യു. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു
No comments:
Post a Comment