ഗുരുവായൂരില്‍ പത്തുകാരുടെ വിളക്കിന് നിറമാലയുടെ സൗരഭ്യം...
ഗുരുവായൂര്‍: ക്ഷേത്രസന്നിധിയില്‍ നിറഞ്ഞ തെച്ചി, തുളസി, താമരമാലകളുടെ വര്‍ണ്ണ-സൗരഭ്യത്തില്‍ ക്ഷേത്രപ്രവൃത്തിക്കാരായ 'പത്തുകാര്‍' വാര്യന്മാരുടെ ഏകാദശി വിളക്ക് ബുധനാഴ്ച ആഘോഷിച്ചു.
നാലമ്പലത്തിനകത്ത് നിറയെ മാലകളുടെ അലങ്കാരവും നെയ്വിളക്കുകളും സന്ധ്യക്ക് വിശേഷകാഴ്ചയായി. രാവിലെയും ഉച്ചതിരിഞ്ഞും കാഴ്ചശീവേലിക്ക് പഞ്ചാരി മേളത്തിന്റെ മാധുര്യം പകര്‍ന്നു. ചൊവ്വല്ലൂര്‍ മോഹനവാരിയര്‍ അമരക്കാരനായി. സന്ധ്യക്ക് തായമ്പകയും മോഹനന്‍ കൊട്ടിത്തിമിര്‍ത്തു. രാത്രി വിളക്ക് എഴുന്നള്ളിപ്പിന് ഇടയ്ക്കകളും നാദസ്വരവും അകമ്പടിയായി. കൊമ്പന്‍ ഇന്ദ്രസെന്‍ കോലമേറ്റി.
മേല്പത്തൂര്‍ ഓഡിേറ്റാറിയത്തില്‍ രാവിലെ മുതല്‍ അര്‍ദ്ധരാത്രിവരെ കലാപരിപാടികളും നടന്നു.
കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ നൃത്തസംഗീത സംവിധാനം നിര്‍വ്വഹിച്ച 'രാധാമാധവം' ആട്ടക്കഥ ആദ്യമായി അരങ്ങേറി. ഗീതഗോവിന്ദത്തിന്റെ കഥകളി രൂപമായ രാധാമാധവം ആട്ടക്കഥ വിനോദ്കുമാര്‍ മുകുന്ദനാണ് രചിച്ചത്.
വ്യാഴാഴ്ച ഗുരുവായൂര്‍ മാര്‍ച്ചന്റ്‌സിന്റെ ഏകാദശി വിളക്ക് ആഘോഷിക്കും. രാവിലെ, ഉച്ചതിരിഞ്ഞ്, രാത്രി മൂന്നുനേരം എഴുന്നള്ളിപ്പ് നടക്കും. മേല്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ മുതല്‍ അഷ്ടപദി, ഭക്തിപ്രഭാഷണം, കൈകൊട്ടിക്കളി, നൃത്തനൃത്യങ്ങള്‍, വയലിന്‍ സോളോ, സമ്പ്രദായഭജന എന്നിവയും രാത്രി 'വീരക്ഷത്രിയന്‍' ബാലെയും ഉണ്ടാകും.
No comments:
Post a Comment