ഗുരുവായൂരില്‍ നാളെ വ്യാപാരികളുടെ ചുറ്റുവിളക്ക്...
ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഗുരുവായൂര്‍ വ്യാപാരികളുടെ ഏകാദശി ചുറ്റുവിളക്ക് വ്യാഴാഴ്ച ആഘോഷിക്കും.
പുലര്‍ച്ചെ മൂന്നിന് പുഷ്പാലങ്കാര ദീപക്കാഴ്ചയോടെ ആഘോഷം തുടങ്ങും. രാവിലെ ഏഴിന് കയ്യും കോലും പഞ്ചാരിമേള അകമ്പടിയില്‍ കാഴ്ചശ്ശീവേലിയാണ്. അമരക്കാരന്‍ പെരുവനം കുട്ടന്‍മാരാര്‍. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കും മേള അകമ്പടിയിലാണ് കാഴ്ചശ്ശീവേലി. സന്ധ്യയ്ക്ക് നാദസ്വരം, മദ്ദളകേളി, നിറമാല, ദീപാലങ്കാരം, ഇരട്ടത്തായമ്പക എന്നിവ ഉണ്ടാകും. രാത്രി വിളക്കെഴുന്നള്ളിപ്പിന് വിശേഷ ഇടയ്ക്ക-നാദസ്വര പ്രദക്ഷിണത്തിന് പ്രഗത്ഭ കലാകാരന്മാര്‍ അണിനിരക്കും. കൊമ്പന്‍ വലിയകേശവന്‍ കോലമേറ്റും.
മേല്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ജ്യോതിദാസിന്റെ അഷ്ടപദി, പുറനാട്ടുകര മുരളിയുടെ ഭക്തിപ്രഭാഷണം, മായ അന്തര്‍ജന സംഘത്തിന്റെ കൈകൊട്ടിക്കളി, വ്യാപാരി വനിതാ വിഭാഗത്തിന്റെ കലാപരിപാടികള്‍, ആദര്‍ശ് അജയകുമാറിന്റെ വയലിന്‍ സോളോ, ജി. രാമനാഥന്‍ സംഘത്തിന്റെ സമ്പ്രദായ ഭജന, തൃക്കൂര്‍ അശോക്, ഹരി എന്നിവരുടെ ഇരട്ടത്തായമ്പക, തിരുവനന്തപുരം സര്‍ഗ്ഗക്ഷേത്രയുടെ വീരക്ഷത്രിയന്‍ ബാലെ എന്നിവ വിളക്കിന് മാറ്റുകൂട്ടും. വൈകീട്ട് ഒ.കെ.ആര്‍. മേനോന്‍ സ്മാരക ഉപഹാര സമര്‍പ്പണവും നടക്കും. ബുധനാഴ്ച ക്ഷേത്രം പത്തുകാരുടെ വകയാണ് വിളക്ക്. ചൊവ്വാഴ്ച ബെംഗ്ലൂരു കെ.വി. ഗോപിനാഥന്‍ കമ്പനിയുടെ വകയായിരുന്നു വിളക്കാഘോഷം. ഒറ്റക്കൊമ്പന്‍ രാജശേഖരന്‍ കോലം വഹിച്ചു.
No comments:
Post a Comment