Friday, June 9, 2017

കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്‌ ഭക്‌തി നിര്‍ഭരമായ തുടക്കം

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്‌ ഭക്‌തി നിര്‍ഭരമായ തുടക്കം കുറിച്ച്‌ കൊട്ടിയൂര്‍ പെരുമാളിന്‌ നെയ്യഭിഷേകം നടത്തി.
*ഉത്സവരംഭത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ മുതിരേരി വാള്‍ ഇക്കരെക്ഷേത്ര സന്നിധിയില്‍ എത്തി. വയനാട്‌ മുതിരേരി ക്ഷേത്രത്തില്‍ നിന്ന്‌ സ്‌ഥാനിക ബ്രാഹ്‌മണനാണ്‌ കാനന പാതകള്‍ താണ്ടി മുതിരേരി വാള്‍ ഇന്നലെ സന്ധ്യയോടെ എഴുന്നള്ളിച്ചെത്തിച്ചത്‌
വാള്‍ വരവ്‌ ദര്‍ശിക്കാന്‍  നൂറ്‌ കണക്കിന്‌ ഭക്‌തരാണ്‌ മന്ദംചേരി മുതല്‍ ഇക്കരെ ക്ഷേത്രനടവരെ തൊഴുകൈകളുമായി കാത്ത്‌ നിന്നത്‌ .
വാള്‍ ഇക്കരെ ക്ഷേത്രസന്നിധിയില്‍ എത്തിയുടന്‍ നെയ്യമൃത്‌ വ്രതക്കാര്‍ അക്കരെ പ്രവേശിച്ചു തുടങ്ങി. തുടര്‍ന്ന്‌ പടിഞ്ഞീറ്റ നമ്പൂതിരി, തേടന്‍ വാരിയര്‍, നമ്പീശന്‍ എന്നീ സ്‌ഥാനികര്‍ അക്കരെ പ്രവേശിച്ച്‌ മണ്‍താലങ്ങളില്‍ വിളക്കുവെച്ചു .
ചോതിവിളക്കില്‍ നിന്ന്‌ നാളം പകര്‍ന്ന്‌ മറ്റ്‌ വിളക്കുകള്‍ തെളിയിക്കുകയും തിടപ്പള്ളിയിലെ തിരുവടുപ്പില്‍ തീകൂട്ടുകയും ചെയ്‌തു. തുടര്‍ന്ന്‌ മണിത്തറ ഏറ്റുവാങ്ങലും ചോതി പുണ്യാഹവും നടന്നു . അതിനുശേഷം സ്‌ഥാനിക ബ്രാഹ്‌മണര്‍ ചേര്‍ന്ന്‌ അഷ്‌ടബന്ധം നീക്കിയശേഷം സ്വയം ഭൂ നാളം ആചാരപ്പെരുമയോടെ തുറന്നു .
തുടര്‍ന്ന്‌ പാത്തി വെക്കല്‍ ചടങ്ങിനുശേഷം നെയ്യഭിഷേകം തുടങ്ങി.  നെയ്യമൃത്‌ മഠങ്ങളില്‍ നിന്നുള്ള വ്രതക്കാര്‍ നെയ്‌മുരടകളുമായി ഓംകാര നാദം മുഴക്കി തിരുവഞ്ചിറയില്‍ അഭിഷേക മുഹൂര്‍ത്തത്തിനായി കാത്തിരുന്നു*. തുടര്‍ന്ന്‌ നെയ്യാട്ടത്തിന്‌ മൂഹുര്‍ത്തമറിയിച്ച്‌ രാശി വിളിച്ചു.
നെയ്യ്‌മൃത്‌ വ്രതക്കാരില്‍ നിന്ന്‌ നെയ്‌കുംഭങ്ങള്‍ തൃക്കടാരി സ്‌ഥാനികന്‍ ഏറ്റുവാങ്ങി വായ്‌പ്പൊതി നീക്കി അഭിഷേകത്തിനായി ഉഷകാമ്പ്രം നമ്പൂതിരിപ്പാടിനെ ഏല്‍പ്പിച്ചു .
തുടര്‍ന്ന്‌ ഉഷകാമ്പ്രം നമ്പൂതിരി ആദ്യാവകാശിയായ വില്ലിപ്പാലന്‍ കുറുപ്പിന്റെ നെയ്യ്‌ അഭിഷേകം ചെയ്‌തതിനുശേഷം തമ്മേങ്ങാടന്‍ നമ്പ്യാരുടെതും പിന്നീട്‌ ഭക്‌തരുടെ നെയ്യും അഭിഷേകം ചെയ്‌തു.
ഉത്സവത്തിന്റെ സുപ്രധാന ചടങ്ങായ ഭണ്ഡാര എഴുന്നള്ളത്ത്‌ ഇന്നലെ അര്‍ധരാത്രിയോടെ അക്കരെ സന്നിധാനത്തെത്തി. ഭണ്ഡാരം അക്കരെ പ്രവേശിച്ചു കഴിഞ്ഞാല്‍ സ്‌ത്രീകള്‍ക്ക്‌ ദര്‍ശനം നടത്താം.
മണത്തണ കരിമ്പന ഗോപുരത്തിന്റെ നിലവറകളില്‍ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണങ്ങളും സ്വര്‍ണ്ണ,വെള്ളിപ്പാത്രങ്ങളും, ഭണ്ഡാരങ്ങളും ഇന്നലെ സന്ധ്യയോടെ കൊട്ടിയൂരിലേക്ക്‌ എഴുന്നള്ളിച്ചു

No comments:

Post a Comment