ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കൊട്ടിയൂര്‍ ഭഗവാന് ഇളനീരഭിഷേകം. മലബാറിന്റെ നാനാഭാഗങ്ങളില്‍ നിന്നും വ്രതാനുഷ്ഠാനത്തോടെ ഭക്തര്‍ എത്തിച്ച ഇളനീരുകളാണ് ഇന്നലെ ഭഗവാന് അഭിഷേകം ചെയ്തത്. ഇന്നലെ രാത്രിയാണ് ഇളനീരാട്ടം ആരംഭിച്ചത്. വെളളിയാഴ്ച രാത്രിയില്‍ വ്രതക്കാര്‍ സമര്‍പ്പിച്ച ഇളനീര്‍ക്കാവുകള്‍ ഇന്നലെ രാവിലെ മുതല്‍ കാര്യത്ത് കൈക്കോളന്റെ നേതൃത്വത്തില്‍ കാവുകളും മുഖവും ചെത്തിനീക്കി മണിത്തറയില്‍ കൂട്ടി. ഉച്ചയ്ക്ക് പന്തീരടി കാപ്രം നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ അഗ്‌നി നിവേദിച്ചുള്ള അഷ്ടമി പൂജയും നടന്നു. ഈ സമയത്ത് തിരുവഞ്ചിറയിലും മണിത്തറയിലും ആര്‍ക്കും പ്രവേശനമില്ലായിരുന്നു. ആരാധനക്ക് തെയ്യന്‍ പാടിയുടെ വീണ വായനയും ഉണ്ടായിരുന്നു.
ഇതോടനുബന്ധിച്ച് ദൈവത്തെക്കാണല്‍, ദൈവം വരവ്, കോവിലകം, കയ്യാല തീണ്ടല്‍ തുടങ്ങിയ ചടങ്ങുകളും ഉണ്ടായിരുന്നു.
ഇന്നലെ ഉച്ചശീവേലി കഴിഞ്ഞതോടെ പന്തീരടി കാമ്പ്രം നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ അഷ്ടമി ആരാധന എന്ന ചടങ്ങ് നടത്തി. ഭണ്ഡാരം അറയുടെ മുന്‍വശം അടിയന്തിര യോഗത്തിന്റെ സാന്നിദ്ധ്യത്തില്‍ തെയ്യമ്പാടിയുടെ വീണമീട്ടിയുള്ള പാട്ടിന്റെ അകമ്പടിയോടെ നടത്തിയ ഈ പൂജ അടിയന്തിരയോഗക്കാര്‍ക്ക് മാത്രമേ ദര്‍ശിക്കാന്‍ അനുവാദമുള്ളൂ. അഗ്നിയാണ് ഈ പൂജക്ക് നിവേദിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. തുടര്‍ന്ന് തെയ്യമ്പാടി സ്ഥാനികന്റെ ദൈവത്തെകാണല്‍ ചടങ്ങും നടന്നു. സ്ഥാനികന്‍ മണ്ടഞ്ചേരി പൊടിക്കളത്തില്‍ കര്‍മ്മങ്ങള്‍ നടത്തി ഇക്കരെ സന്നിധാനത്തുള്ള കൂവളത്തറയില്‍ വന്നുനിന്നപ്പോള്‍ പാരമ്പര്യ ഊരാളന്‍മാര്‍, ആചാര്യന്‍മാര്‍, സ്ഥാനികര്‍ എന്നിവര്‍ ദര്‍ശനം നല്‍കി അനുഗ്രഹം തേടുന്ന ചടങ്ങാണിത്. സന്ധ്യ കഴിഞ്ഞ് നടക്കുന്ന ചടങ്ങാണ് ദൈവം വരവ്.
തുടര്‍ന്ന് കോവിലകം കയ്യാല തീണ്ടല്‍ ചടങ്ങും കഴിഞ്ഞാണ് ഇളനീരാട്ടം തുടങ്ങിയത്. രാവിലെ മുതല്‍ ചെത്താന്‍ തുടങ്ങിയ ഇളനീരുകള്‍ നമസ്കാര മണ്ഡപത്തിലാണ് കൂട്ടിയിട്ടത്. ആട്ടരാശി വിളിച്ചു കഴിഞ്ഞതോടെ നമ്പൂതിരിമാര്‍ ഇളനീരുകള്‍ വെട്ടി ജലം ജലദ്രോണിയില്‍ നിറച്ചു. കൊട്ടേരിക്കാവിലെ ദൈവം മണിത്തറയുടെ കിഴക്ക് തിരുവഞ്ചിറയിലെത്തി അരിയും കളഭവും സ്വീകരിച്ച് അനുമതി നല്‍കിയ ശേഷമാണ് ഇളനീരാട്ടം ആരംഭിച്ചത്. ദൈവം വരവിന് ശേഷം പാലക്കും നമ്പൂതിരി രാശി വിളിച്ചതോടെ ഇളനീരാട്ടം ആരംഭിച്ചു. പാലക്കും നമ്പൂതിരി മൂന്ന് ഇളനീരുകള്‍ ഉഷകാമ്പ്രം നമ്പൂതിരിയെ ഏല്‍പ്പിച്ചു. ഈ തീര്‍ത്ഥം ഉഷകാമ്പ്രം നമ്പൂതിരി സ്വയംഭൂവില്‍ അഭിഷേകം ചെയ്തു. തുടര്‍ന്ന് ബ്രാഹ്മണര്‍ ഇളനീരുകള്‍ കൊത്തി വെളളിക്കുടങ്ങളിലാക്കുകയും പിന്നീട് സ്വര്‍ണക്കുടത്തിലേക്ക് പകര്‍ന്ന് ഇടമുറിയാതെ അഭിഷേകം ചെയ്തു.അഭിഷേക സമയം സവിശേഷമായ വാദ്യമേളങ്ങളുമുണ്ടായിരുന്നു. ഉഷകാമ്പ്രം നമ്പൂതിരി സ്വര്‍ണ്ണപ്പാത്രത്തില്‍ ഭഗവാന് അഭിഷേകം ചെയ്തു. ഇളനിരാട്ടം ദര്‍ശിക്കാന്‍ പതിനായിരങ്ങളാണ് ഈ പുണ്യക്ഷേത്രത്തിലെത്തിയത്. വെള്ളം ശേഖരിച്ചതിനു ശേഷമുള്ള തൊണ്ടുകള്‍ വലിച്ചെറിയുന്നത് സ്വന്തമാക്കാന്‍ ഭക്തര്‍ കാട്ടുന്ന ആവേശം വര്‍ണ്ണനാതീതമാണ്. അഭിഷേകം കഴിഞ്ഞ ഇളനീരുകള്‍ അപ്പപ്പോള്‍ തന്നെ തിരുവഞ്ചിറയിലേക്ക് വലിച്ചെറിഞ്ഞു. വാദ്യമേളങ്ങളുടെ ഘോഷവും ഭക്തരുടെ നാമസങ്കീര്‍ത്തനാരവങ്ങളും കൊണ്ട് മുഖരിതമായ നീണ്ടമണിക്കൂറുകള്‍ ഭക്തിസായൂജ്യമേകിക്കൊണ്ട് കടന്നു പോയതോടെ സന്നിധാനം ചെറിയൊരിടവേള നിശബ്ദതയിലേക്ക് വഴിമാറി.
Sunday, June 18, 2017
കൊട്ടിയൂര്‍ ഭഗവാന് ഇളനീരഭിഷേകം.
Subscribe to:
Post Comments (Atom)
No comments:
Post a Comment