🕉️ കൊട്ടിയൂര്‍ വൈശാഖോത്സവത്തിന്റെ ഭാഗമായുള്ള എണ്ണയും ഇളനീരുമായി എരുവട്ടി വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍ നിന്ന് ബുധനാഴ്ച രാവിലെ എഴുന്നള്ളത്ത് സംഘം കൊട്ടിയൂരിലേക്ക് യാത്ര പുറപ്പെട്ടു. സംഘാംഗങ്ങള്‍ നേരത്തെ ക്ഷേത്രത്തിലെത്തി പരസ്പരം വെറ്റില വെച്ചു. വീരഭദ്ര കോലധാരി ക്ഷേത്രത്തിലെ നിശ്ചിത തറയില്‍നിന്ന് പാണിവാദ്യം മുഴക്കുന്നതിന് വായ്ത്താരിയക്കേൂടി ക്ഷേത്രേശന്മാരോട് അനുവാദം ചോദിച്ചു തുടര്‍ന്ന് ഓംകാരധ്വനിയോടെ ക്ഷേത്രത്തില്‍ സമര്‍പ്പിച്ച ഇളനീര്‍ കാവുകളേയും എണ്ണകുംഭത്തേയും വലംവെച്ച് തണ്ടയാന്‍ എണ്ണകുംഭം ശിരസ്സിലേറ്റി. ഇളനീര്‍ വ്രതക്കാര്‍ കാവുകള്‍ വഹിച്ച് വീരഭദ്രന്റെ അകമ്പടിയോടെ ലക്ഷ്യസ്ഥാനത്തേക്ക് യാത്രതിരിക്കുകയും ചെയ്തു തണ്ടയാന്‍ തട്ടാരിയത്ത് രഞ്ജിത്താണ് എണ്ണകുംഭം വഹിക്കുന്നത്. വള്ള്യായി രവീന്ദ്രന്‍ വീരഭദ്രന്റെ കോലംധരിച്ചും വേലന്‍ സഹജന്‍, പി.എന്‍.സുരേഷ് എന്നിവര്‍ പാണിവാദ്യം മുഴക്കിയും കോട്ടയത്ത് പത്മനാഭന്‍ ബാക്ക, ചെമ്മരശ്ശേരി ബൈജേഷ് എന്നിവര്‍ കുറുംകുഴല്‍ നാദം മുഴക്കിയും യാത്രയ്ക്ക് അകമ്പടി സേവിച്ചു. ഇളനീര്‍ വ്രതക്കാര്‍ക്ക് പുറമേ ഒരുകൂട്ടം ഭക്തജനങ്ങളും സംഘത്തെ അനുഗമിക്കുന്നുണ്ട് ചുവന്ന പട്ടാടചുറ്റി, കൂമ്പന്‍തൊപ്പിയും ചൂരല്‍മുദ്രയും തൃക്കൈക്കുടവുമുള്ള സംഘത്തിലെ വീരഭദ്ര വേഷധാരി വഴിനീളെ ഭക്തജനങ്ങളെ അനുഗ്രഹിക്കും. ഇളനീര്‍വെപ്പ് സമയത്ത് കിഴക്കേനടയില്‍ രക്ഷകസ്ഥാനത്തുനിന്ന് വീരഭദ്രവേഷധാരി ഭക്തരെ ആശീര്‍വദിക്കും. ഇളനീര്‍വെപ്പ് തീരുംവരെ സംഘത്തിലുള്ളവര്‍ വാദ്യം മുഴക്കും. ഏറ്റവും ഒടുവിലാണ് സംഘം എണ്ണയും ഇളനീരും സമര്‍പ്പിക്കുക.
No comments:
Post a Comment