Thursday, June 1, 2017

വൈശാഖ മഹോത്സവം നീരെഴുന്നള്ളത്ത് നടത്തി

വൈശാഖോത്സവത്തിനു മുന്നോടിയായി നീരെഴുന്നള്ളത്ത് നടത്തി. കോട്ടയം തിരൂര്‍കുന്ന് മഹാഗണപതി ക്ഷേത്രത്തില്‍ നിന്നു മണിയന്‍ ചെട്ടിയാന്‍ സ്ഥാനികന്റെ നേതൃത്വത്തിലുള്ള കിള്ളി, വിളക്കുതിരി എഴുന്നള്ളത്ത് കൊട്ടിയൂരില്‍ എത്തിച്ചേര്‍ന്നതിന് ശേഷമാണ് നീരെഴുന്നള്ളത്ത് ദിനചടങ്ങുകള്‍ തുടങ്ങിയത്. ഒറ്റപ്പിലാന്‍, പെരുങ്കലയന്‍, ജാശാരി, കാടന്‍, കൊല്ലന്‍ എന്നിവര്‍ ചേര്‍ന്ന് ഇക്കരെ ക്ഷേത്ര സന്നിധിയിലും അക്കരെ ക്ഷേത്രത്തിന്റെ കിഴക്കെ നടയായ മന്ദംചേരിയില്‍ ബാവലിക്കരയില്‍ വെച്ചുമായി തണ്ണീര്‍കുടി ചടങ്ങു നടത്തി. ഇതിനുശേഷം സ്ഥാനികന്‍ പടിഞ്ഞാറ്റ രാമചന്ദ്രന്‍ നമ്പൂതിരിപ്പാട്, സമുദായി വിലങ്ങര നാരായണന്‍ ഭട്ടതിരിപ്പാട്, ഊരാളന്‍മാരായ തിട്ടയില്‍ ബാലന്‍ നായര്‍, കുളങ്ങരേത്ത് ശങ്കരന്‍ നായര്‍, കെ.സി വേലായുധന്‍ നായര്‍, ആക്കല്‍ ശ്രീധരന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ അടിയന്തരയോഗക്കാര്‍ ഒന്നായി അക്കരെ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. കാവിലെ പ്രത്യേക വഴിയിലൂടെ സഞ്ചരിച്ച് സംഘം കിഴക്കെ നടയായ മന്ദംചേരിയിലെത്തി ഉരുളിക്കുളത്തിനു സമീപത്തുള്ള കാവില്‍ നിന്നു കൂവയില പറിച്ചു ബാവലിപ്പുഴയില്‍ സ്‌നാനം നടത്തി. തുടര്‍ന്ന് ബാവലി തീര്‍ത്ഥം കൂവളയിലയില്‍ ശേഖരിച്ച് അക്കരെ സന്നിധാനത്തെി. നേരത്തെ തന്നെ മണിത്തറയില്‍ കാത്തുനിന്നിരുന്ന ഒറ്റപ്പിലാന്‍ മണങ്ങാടന്‍ കേളപ്പന്‍, പെരുങ്കലയന്‍ ആര്യത്താന്‍ കൃഷ്ണന്‍, ആശാരി എന്നിവരുടെ സാന്നിധ്യത്തില്‍ തന്ത്രി പടിഞ്ഞീറ്റ രാമചന്ദ്രന്‍ നമ്പൂതിരിപ്പാട് മണിത്തറയില്‍ പ്രവേശിച്ച് ആചാര പ്രകാരം സ്വയംഭൂ വിഗ്രഹസ്ഥാനത്ത് നീരഭിഷേകം നടത്തി. രണ്ടാമതായി സമുദായി ശേഖരിച്ച ബാവലിതീര്‍ത്ഥം വാങ്ങി അഭിഷേകം നടത്തി. തുടര്‍ന്ന് ഇക്കരേക്കു മടങ്ങി. അര്‍ധരാത്രി ആയില്യാര്‍ കാവില്‍ പൂജയും അപ്പട നിവേദ്യവും നടത്തി.

No comments:

Post a Comment