Wednesday, June 28, 2017

വാള്‍ മടങ്ങുന്നതുവരെ മുതിരേരിക്കാവ് ഉറങ്ങുന്നു

കൊട്ടിയൂരിലേക്കു വാളുപോയാല്‍ പിന്നെ 27 ദിവസം വൈശാഖ മഹോത്സവം കഴിയുന്നതുവരെ വയനാട്ടില്‍ ഉത്സവങ്ങളും ആഘോഷങ്ങളുമില്ല.നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന രീതിയാണിത്. ഇനി വാളുമടങ്ങിവന്നിട്ടുമാത്രമേ കുടുംബത്തില്‍ കല്യാണം മുതല്‍ ഗൃഹപ്രവേശം വരെയുള്ള ചടങ്ങുകള്‍  നടത്തുകയുള്ളൂ എന്നാണ് അനുഷ്ഠാനം. മുമ്പൊക്കെ ഈ കീഴ്വഴക്കങ്ങളെ പാടേ അനുസരിച്ചവരാണ് വയനാട്ടുകാര്‍.  ഇതെല്ലാം ഇപ്പോഴും കൃത്യതയോടെ കാത്തുവെയ്ക്കുകയാണ് വടക്കെ വയനാട്ടിലെ കോഴിയോട്ട് കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെല്ലാം. മുതിരേരിയിലെ നാനാജാതി മതസ്ഥരും ഈ ആചാരത്തെ ഇന്നും തെറ്റിക്കാറില്ല. ചോതി നാളില്‍ മുതിരേരിക്കാവില്‍ നിന്നും വാളുമായി കൊട്ടിയൂരിലേക്കു ക്ഷേത്രം തന്ത്രി പുറപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ 27 ദിവസം ഈ കാവിലേക്കും ആര്‍ക്കും പ്രവേശനമില്ല ശിവലിംഗം തുളസിയിലയിട്ടു മൂടിയാണ് തന്ത്രി വാളുമായി പടിയിറങ്ങുക. തുടര്‍ന്നു ക്ഷേത്രത്തിലേക്കുള്ള വഴികളെല്ലാം മുള്ളുവെച്ച് അടയ്ക്കുകയാണ്  പതിവ്. അടിയാന്‍മാരുടെ നാട്ടുഗദ്ദികയടക്കം കൊട്ടിയൂരില്‍നിന്നും മുതിരേരിക്കാവിലേക്കു വാള്‍ മടങ്ങി വന്നതിനുശേഷം മാത്രമാണ് നടക്കുക.  കൊട്ടിയൂരിലെ ഇളനീരാട്ടത്തിനുശേഷമുള്ള തൃക്കലശാട്ടം കഴിഞ്ഞാണ് അവിടെനിന്നും വാളിന്റെ മടക്കം ഇവിടെനിന്നും വാള്‍ കൊണ്ടുപോകുന്നതിനായുള്ള ഉപാസനകളെല്ലാം പൂര്‍ത്തിയാക്കി ധ്യാനത്തിലിരിക്കുന്ന തന്ത്രി വെളിപാടുണ്ടാകുമ്പോള്‍ വാളുമായി  വയനാടന്‍ മലമടക്കുകള്‍ കയറുകയായി. തിരികെ കൊട്ടിയൂരിലെത്തുന്ന വാള്‍ ആദ്യദിവസം ശിവലിംഗത്തിനരികില്‍ വെയ്ക്കും. അന്നേദിവസം വാള്‍  പട്ടിണിക്കിടുക എന്നാണ് ഇതിനുള്ള വിശേഷണം. ഇതിനുശേഷമാണ് അടുത്ത ഒരാണ്ടിലേക്കുള്ള പൂജാവിധികള്‍ക്കായി ക്ഷേത്രനട തുറക്കുക വയനാടിന്റെ ആത്മീയവഴികളില്‍ വേറിട്ടതാണ് മുതിരേരിക്കാവിന്റെ ആചാരങ്ങളെല്ലാം. ഇന്നും ആധുനികതയിലേക്കു വഴിമാറാത്ത പ്രകൃതിയോടു ഏററവും അടുത്തു നില്‍ക്കുന്നതാണ് കാവും പരിസരങ്ങളും. പതിവുതെറ്റിക്കാതെ വാളുപോക്കിനു കാവിലെത്തി മടങ്ങുന്നതും വയനാട്ടിലെ  ഹൈന്ദവ കുടുംബങ്ങളുടെ ശീലമാണ്. പ്രകൃതിഭാവങ്ങളുമായി തിമിര്‍ത്തുപെയ്യുന്ന മഴയില്‍ കൊട്ടിയൂര്‍ ക്ഷേത്രം ജനനിബിഡമാകും. ഓലമേഞ്ഞ പര്‍ണശാലകളും ഓടപ്പൂക്കളുമായി മഴയില്‍ കുതിര്‍ന്ന കൊട്ടിയൂര്‍ അമ്പലത്തില്‍ ദര്‍ശനംനടത്തുകയെന്നതും നിയോഗമായി കാണുന്നവരായിരുന്നു മുന്‍ തലമുറകളെല്ലാം. കാലം മുന്നേറുമ്പോഴും ഈ ശീലങ്ങളെ ജീവിതത്തോടൊപ്പം കൂട്ടുന്നവര്‍ തന്നെയാണ് ഈ  ശീലങ്ങളെ ജീവിതത്തോടൊപ്പം കൂട്ടുന്നവര്‍ തന്നെയാണ് ഈ ആരാധനാലയത്തെയും ഇന്നു തിരക്കുകൊണ്ട് മൂടുന്നത്. നെയ്യാട്ടവും  ഇളനീരാട്ടവും കഴിഞ്ഞാണ് ഇവിടെ നിന്നുമുള്ള വിശ്വാസികളുടെ മടക്കയാത്രകള്‍.

No comments:

Post a Comment