27 ദിവസം നീണ്ടുനില്‍ക്കുന്ന കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായ ഭണ്ഡാരം അക്കരെ ക്ഷേത്രത്തില്‍ എത്തിയതോടെ അക്കരെ സന്നിധാനം ഓംകാര നാദത്താല്‍ മുഖരിതമായി. നൂറ് കണക്കിന് ഭക്തരെ സാക്ഷിയാക്കി അക്കരെ ദേവസ്ഥാനത്തേക്ക് ഭണ്ഡാരങ്ങളും ബലിബിംബങ്ങളും എഴുന്നള്ളിച്ചു. ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ കൊട്ടിയൂരിലെത്തിയതോടെ യാഗഭൂമിയിലേക്ക് ഭക്തജനങ്ങളുടെ ഒഴുക്ക് തുടങ്ങി. മണത്തണ കരിമ്പന ഗോപുരത്തില്‍ സൂക്ഷിച്ചിരുന്ന ഭണ്ഡാരങ്ങളും തിരുവാഭരണങ്ങളും പൂജാപാത്രങ്ങളും സ്വര്‍ണ്ണ, വെള്ളി പാത്രങ്ങളും ഉത്സവകാലത്ത് ഉപയോഗിക്കുന്ന മറ്റ് പാത്രങ്ങളും മണത്തണയില്‍ നിന്ന് കിലോമീറ്ററുകളോള്ളം കാല്‍നടയായി കൊട്ടിയൂരിലെത്തിച്ചു.
പതിനൊന്ന് മാസത്തെ ഇടവേളയ്ക്കുശേഷം ഇക്കരെ കൊട്ടിയൂരില്‍ വാണരുളുന്ന ഉമാമഹേശ്വരന്മാരും ഭണ്ഡാരങ്ങള്‍ക്കൊപ്പം അക്കരെ സന്നിധാനത്തേക്ക് എഴുന്നള്ളി. ശ്രീകോവിലില്‍ നിന്ന് പടിഞ്ഞാറെ നടവഴി പുറത്തേക്ക് എഴുന്നള്ളി ആയില്യാര്‍കാവിനു മുന്നില്‍ കൂവളത്തറക്ക് സമീപം ശിരസ്സ് നമിച്ച് ചപ്പാരം ദേവിമാരുടെ അകമ്പടിയോടെ ദേവീദേവന്‍മാര്‍ അക്കരെയിലേക്ക് എഴുന്നള്ളിയത്. ഭക്തഗണങ്ങളെന്ന സങ്കല്‍പ്പത്തില്‍ വാദ്യവൃന്ദങ്ങളോടപ്പം എഴുന്നള്ളിയ ദേവീദേവന്‍മാര്‍ ബാവലിയില്‍ നീരാടി അക്കരെയിലേക്ക് കടക്കുമ്പോള്‍ പാണിവാദ്യവുമായി ഓച്ചര്‍മാര്‍ അകമ്പടി സേവിച്ചു. മുന്നില്‍ സമുദായി പിന്നില്‍ വിവിധ അകമ്പടിക്കാര്‍ പിറകില്‍ ദേവീദേവന്‍ എന്നിങ്ങനെ കിഴക്കെ നടവഴി മുഖമണ്ഡപത്തില്‍ എത്തി. ദേവീദേവന്മാര്‍ മണിത്തറയില്‍ ഉപവിഷ്ടരായി. മുതിരേതി വാളും മണത്തണ ചാപ്പാരം ദേവീമാരുടെ വാളുകളും ഭണ്ഡാര അറയില്‍ സാന്നിധ്യമരുളി. ഇതോടെ സമുദായി കൂത്ത് വിളക്കില്‍ നിന്ന് കയ്യാലകളിലേക്ക് ദീപം പകര്‍ന്നു. ആദ്യ ചടങ്ങായ സഹസ്രകുംഭാഭിഷേകം, നവകം, തിരുവത്താഴപൂജ, ശ്രീഭൂതബലി ചടങ്ങുകള്‍ നടന്നു. തുടര്‍ന്ന് 36 കുടം അഭിഷേകം പനയൂര്‍ നമ്പൂതിരി നിര്‍വഹിച്ചു.. സ്ത്രീകള്‍ക്ക് ഇന്നു മുതല്‍ ദര്‍ശനം നടത്താം.
Thursday, June 8, 2017
കൊട്ടിയൂര്‍ വൈശാഖ മഹോത്സവം ഭണ്ഡാരം എഴുന്നള്ളിത്ത് നടത്തി: ഇന്ന് മുതല്‍ സ്ത്രീകള്‍ക്ക് പ്രവേശനം
Subscribe to:
Post Comments (Atom)
No comments:
Post a Comment