Tuesday, June 13, 2017

ജൂൺ 14 ന് തിരുവോണം ആരാധന

വൈശാഖ മഹോത്സവവേളയില്‍ നടക്കുന്ന നാല് ആരാധനകളില്‍ ആദ്യത്തെ ആരാധനയായ തിരുവോണം ആരാധന ബുധനാഴ്ച നടക്കും. വേക്കളം കരോത്തുനിന്നും സ്ഥാനീകനായ ബാബൂരാളന്‍ മൂന്ന് വീതം മുളം കുറ്റികളില്‍ കൊട്ടിയൂരിലെത്തിക്കുന്ന പാലമൃതാണ് ആരാധനയ്ക്ക് ഉപയോഗിക്കുക.  ഉഷ പൂജയ്ക്ക് ശേഷമാണ് തിരുവോണ ആരാധന നടക്കുക. തുടര്‍ന്ന് നിവേദ്യ പൂജ കഴിഞ്ഞാല്‍ ശീവേലിക്ക് സമയമറിയിച്ച് ശീവേലി വിളിക്കുന്നതോടെ എഴുന്നള്ളത്തിന് തുടക്കമാകും. പൊന്നിന്‍ ശീവേലിയാണ് നടക്കുക. ശീവേലിക്ക് ആനകള്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും കൊണ്ടലങ്കരിച്ച നെറ്റിപ്പട്ടവും സ്വര്‍ണക്കുടം, വെള്ളിക്കുടം, വെള്ളിവിളക്ക്, വെള്ളിക്കിടാരം, വെള്ളിത്തട്ട് തുടങ്ങിയ വിശിഷ്ട പൂജാപാത്രങ്ങളും അകമ്പടിയായി ഉണ്ടാകും. തിരുവോണം ആരാധന മുതലാണ് പഞ്ചവാദ്യങ്ങള്‍ക്ക് തുടക്കമാവുക. ഈ ദിവസം മുതലാണ് മത്തവിലാസംകൂത്ത് ആരംഭിക്കുക. ആരാധനയ്ക്ക് ആവശ്യമായ പാലമൃതും പഞ്ചഗവ്യത്തിനുള്ള സാധനങ്ങള്‍ പേരാവൂര്‍ കരോത്ത് നായര്‍ തറവാട്ടില്‍ നിന്ന് എഴുന്നള്ളിക്കും.

No comments:

Post a Comment